ആധ്യാത്മിക-അധ്യാപന മേഖലകളില്‍ മികവുറ്റ കൃത്യനിര്‍വ്വഹണം പൂര്‍ത്തിയാക്കിയാണ് പ്രൊഫ. പി.സി. കൃഷ്ണവര്‍മ്മ രാജ വിടവാങ്ങിയത്. സാമ്പത്തികശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് എപ്പോഴും ആശ്രയിക്കാവുന്ന ആ അധ്യാപകന് യോഗശാസ്ത്ര പ്രചാരണത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തികൂടിയായിരുന്നു.
ജന്മഭൂമി ദിനപത്രത്തിന്റെ ദൈനംദിന കാര്യങ്ങള്‍ക്കടക്കം നേതൃത്വം നല്‍കിക്കൊണ്ട് സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ചു. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം വര്‍ധിപ്പിച്ചു കൊണ്ട് വര്‍ത്തമാനകാലത്ത് ക്ഷേത്രങ്ങളുടെ കടമയെ പുനര്നിര്വ്വചിക്കുകയായിരുന്നു അദ്ദേഹം.
കൃഷ്ണവര്‍മ്മയുടെ വീട് ഞങ്ങള്‍ക്ക് ‘ഒരു സ്നേഹക്കൂടായിരുന്നു’വെന്ന് സാക്ഷ്യപ്പെടുത്തുന്ന സഹപാഠിയും പിന്നീട് സഹപ്രവര്‍ത്തകനുമായ പ്രൊഫ. ടി. ശോഭീന്ദ്രന്റെ വാക്കുകളില്‍ തെളിയുന്നത് അദ്ദേഹത്തിന്റെ മറ്റൊരു സ്വഭാവസവിശേഷതയാണ്. കൃഷ്ണവര്‍മ്മയുടെ അമ്മയുടെ സ്നേഹത്തണല്‍ മറക്കാന്‍ കഴിയില്ലെന്ന് വിദ്യാര്‍ഥി കാലം ഓര്‍മ്മിച്ചു കൊണ്ട് ശോഭീന്ദ്രന് മാഷ് പറയുന്നു.
ആര്‍എസ്എസ് മാങ്കാവ് ശാഖാമുഖ്യശിക്ഷകായാണ് അദ്ദേഹത്തിന്റെ തുടക്കം. ജോയ് മാത്യു മുതല്‍ ഇന്ന് പൊതുരംഗത്ത് അറിയപ്പെടുന്ന പല പ്രമുഖരുടെയും ഗുരുനാഥനായിരുന്നു. പതഞ്ജലി യോഗ റിസര്‍ച്ച് സെന്ററിന്റെ കോര്‍ഡിനേറ്റര്‍ എന്ന നിലയിലും പരിശീലകന് എന്ന നിലയിലും അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമായിരുന്നുവെന്ന് യോഗാചാര്യന് പി. ഉണ്ണിരാമന് മാസ്റ്റര്‍ സ്മരിക്കുന്നു.
ആധുനിക വിദ്യാഭ്യാസ പ്രക്രിയയില്‍ യോഗയുടെ പ്രാധാന്യമെന്തെന്ന് ഗവേഷണബുദ്ധിയോടെ പ്രതിപാദിക്കുകയാണ് തന്റെ ‘യോഗ’ എന്ന ഗ്രന്ഥത്തിലൂടെ അദ്ദേഹം ചെയ്യുന്നത്. കൃഷ്ണവര്‍മ്മ രാജയുടെ അമ്മാവന് മാനവിക്രമന്‍ രാജ എന്ന പി.സി.എം. രാജ സംഘത്തിന്റെ ആദ്യകാല പ്രവര്‍ത്തകനായിരുന്നു. ഗുരുജിയുമായി അദ്ദേഹത്തിന് നേരിട്ട് ബന്ധമുണ്ടായിരുന്നു. മാധവജിക്ക് ശേഷം സാമൂതിരി കുടുംബത്തില്‍ നിന്ന് ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തിലേക്ക് എത്തിയത് കൃഷ്ണവര്‍മ്മ രാജയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: