മക്കളേ,
ഇതു കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും യുഗമാണ്. മനുഷ്യന്റെ ഏതാവശ്യവും നിറവേറ്റുവാന്‍ കഴിവുള്ള യന്ത്രോപകരണങ്ങള്‍ ഇന്നു ലഭ്യമാണ്. അതുമൂലം ജീവിതം സുഖപൂര്ണ്ണമാണെന്ന മിഥ്യാബോധം കുറച്ചുനേരത്തേയ്ക്കെങ്കിലും നമ്മളില്‍ പലര്‍ക്കും അനുഭവപ്പെടാറുണ്ട്. ജീവിതത്തില്‍ കനത്ത തിരിച്ചടികള്‍ നേരിടേണ്ടിവരുമ്പോള്‍ മാത്രമാണ് നമ്മുടെ ജീവിതം തന്നെ എത്രമാത്രം വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും, ശാസ്ര്തസാങ്കേതികവിദ്യകളും യന്ത്രോപകരണങ്ങളും നമുക്ക് സുരക്ഷയൊരുക്കാന്‍ മതിയാവില്ല എന്നുമുള്ള തിരിച്ചറിവ് നമുക്കുണ്ടാകുന്നത്.
കേരളത്തിലെ പലഭാഗത്തുമുണ്ടായ പ്രളയം ഈ ജീവിതസത്യം നമ്മുടെ മുമ്പില്‍ തുറന്നുവെയ്ക്കുകയുണ്ടായി. എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള വീടുകളുണ്ട്. പക്ഷെ അവയില്‍ താമസിക്കാന്‍ കഴിയില്ല. സ്വന്തമായി കാറുകളും മറ്റു വാഹനങ്ങളുമുണ്ട്. പക്ഷെ അവയില്‍ യാത്രചെയ്യാന്‍ കഴിയുന്നില്ല. എടിഎം കാര്‍ഡുകളും ബാങ്കില്‍ വന്‍ നിക്ഷേപങ്ങളും ഉണ്ട്. പക്ഷെ പണം പിന്‍വലിക്കാന്‍ നിവൃത്തിയില്ല. മൊബൈല്‍ ഫോണുണ്ട്. പക്ഷെ ചാര്‍ജ് ചെയ്യാന്‍ വൈദ്യുതിയില്ല. സകല സൗകര്യങ്ങളുമുണ്ട്. പക്ഷെ ഒന്നും നമ്മുടെ ആവശ്യത്തിന് ഉപകരിക്കുന്നില്ല. യന്ത്രങ്ങളെയും ബാഹ്യവസ്തുക്കളെയും ആശ്രയിച്ച് ജീവിതം ഭദ്രമാക്കാന്‍ നമുക്ക് ഒരിക്കലും കഴിയില്ല എന്ന് ഈ അനുഭവം നമ്മെ പഠിപ്പിച്ചു.
യഥാര്‍ത്ഥ സുരക്ഷ നമ്മുടെയുള്ളില്‍ത്തന്നെ കണ്ടെത്തണം. ഒരിക്കലും നാശമില്ലാത്തതായ ഒരേ ഒരു വസ്തു ആത്മാവു മാത്രമാണ്. ആത്മസ്വരൂപത്തെ അറിയുന്നതിലൂടെ മാത്രമേ യഥാര്‍ത്ഥ സുരക്ഷിതത്വം കൈവരിക്കാനാകൂ. അതുവരെ, ഓരോ നിമിഷവും ഭയവും ആശങ്കയും നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും.
ഒരിടത്ത് ഒരു യോദ്ധാവുണ്ടായിരുന്നു. ഏത് ആപദ്ഘട്ടത്തിലും ഭയം അദ്ദേഹത്തെ അലട്ടിയിരുന്നില്ല. ഒരു ദിവസം അദ്ദേഹത്തോട് സുഹൃത്തുക്കള്‍ ചോദിച്ചു, ”നിങ്ങള്‍ ഒരിക്കല്‍പോലും ഭയത്തിന് അടിപ്പെടാറില്ല എന്നു കേട്ടിട്ടുണ്ട്. ഈ ധൈര്യത്തിനു പിന്നിലുള്ള രഹസ്യമെന്താണ്?” യോദ്ധാവു പറഞ്ഞു, ”തികച്ചും സുരക്ഷിതമായ ഒരു കോട്ട എനിക്കു സ്വന്തമായുണ്ട്. ആപത്തു വരുമ്പോള്‍ ഞാന്‍ ആ കോട്ടയ്ക്കകത്തു കയറിയിരിക്കും. പിന്നെ ആര്‍ക്കും എന്നെ ഒന്നും ചെയ്യാനാവില്ല.” അദ്ദേഹത്തിന്റെ ശത്രുക്കള്‍ ഇതറിഞ്ഞു. ഒരു ദിവസം യോദ്ധാവ് ഒറ്റയ്ക്കു യാത്ര ചെയ്യുന്ന അവസരം നോക്കി അവര്‍ ആയുധങ്ങളുമായി അദ്ദേഹത്തെ വളഞ്ഞു. അവര്‍ ചോദിച്ചു, ”നിങ്ങളുടെ രഹസ്യ കോട്ട എവിടെയാണ്? പറയൂ.” യോദ്ധാവു പുഞ്ചിരിയോടെ നെഞ്ചില്‍ കൈവെച്ചു പറഞ്ഞു, ”എന്റെ കോട്ട ഇതാ ഇവിടെയാണ്. ആര്‍ക്കും ഒരിക്കലും അതിനെ ആക്രമിക്കാനോ കീഴടക്കാനോ കഴിയില്ല. എന്റെ ശരീരം നശിപ്പിക്കാന്‍ നിങ്ങള്‍ക്കു കഴിയുമായിരിക്കും. പക്ഷെ അതിനുള്ളിലെ ആത്മാവിനെ നിങ്ങള്‍ക്കു തൊടാന്‍പോലുമാവില്ല. ആത്മാവാണ് എന്റെ കോട്ട. അതിലാണ് എന്റെ സുരക്ഷ സ്ഥിതി ചെയ്യുന്നത്.”
ആത്മജ്ഞാനമാകുന്ന ഈ കോട്ടയെക്കുറിച്ച് അവബോധമില്ലാത്ത ഒരാളുടെ ജീവിതം ആദ്യാവസാനം ഭയവും ആശങ്കയും നിറഞ്ഞതായിരിക്കും. അധികാരവും ആള്‍ബലവും സമ്പത്തും മറ്റും നമ്മള് സുരക്ഷിതരാണ് എന്ന പ്രതീതിയുണ്ടാക്കുമായിരിക്കും. എന്നാല്‍ യഥാര്‍ഥ സുരക്ഷ നല്കാന് അവയ്ക്കൊന്നുമാവില്ല. നമ്മള് നമ്മുടെ ഉള്ളിലേയ്ക്കു തിരിഞ്ഞ് ജനനമരണങ്ങളും ശോകമോഹങ്ങളും സ്പര്‍ശിക്കാത്ത ആത്മാവില്‍ത്തന്നെ അഭയം കണ്ടെത്തണം.
നമ്മുടെ മരണശേഷം നമ്മുടെ കുടുംബാംഗങ്ങള്‍ക്കു പണം കിട്ടുന്ന ഇന്‍ഷുറന്‍സാണ് നമ്മള് സാധാരണയായി എടുക്കാറുള്ളത്. എന്നാല്‍ ജീവിച്ചിരിക്കുമ്പോള്‍ മരണഭയത്തെ ഇല്ലാതാക്കുന്ന ഇന്‍ഷുറന്‍സുണ്ട്. ഈശ്വരന് അല്ലെങ്കില്‍ ഗുരു തരുന്ന ആത്മബോധത്തിന്റെ ഇന്‍ഷുറന്‍സാണത്. അതിനാല്‍ ആദ്യം നമ്മള് അത്തരം ഇന്‍ഷുറന്‍സ് എടുക്കുക. അപ്പോള്‍ ജീവിതത്തിലെ ഏതു കൊടുങ്കാറ്റിലും ആടിയുലയാത്ത ഒരു മനസ്സ് നമുക്കു ലഭിക്കും. ആ സുരക്ഷിതത്വബോധമാണ് നമ്മള് തേടേണ്ടതും നേടേണ്ടതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: