ബെംഗളൂരു: സംസ്ഥാനത്ത് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുന്നിടത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതവസ്ത്രങ്ങള്‍ അനുവദിക്കില്ലെന്ന് കന്നഡ സാംസ്കാരിക വകുപ്പ് മന്ത്രി വി. സുനില്‍ കുമാര്‍. ഹിജാബ് നിരയില്‍ തന്റെ നിലപാട് വ്യക്തമാണെന്നും അദ്ദേഹം അറിയിച്ചു. സ്കൂളുകളുടെയും കോളേജുകളുടെയും നിയമങ്ങളും ചട്ടങ്ങളും അനുസരിക്കേണ്ടത് വിദ്യാര്‍ത്ഥികളുടെ കടമയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലും വ്യക്തമാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ കാര്യങ്ങള്‍ കൊണ്ടുവരുന്നത് തെറ്റാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസമാണ് ആവശ്യമെന്നും കട്ടീല്‍ പറഞ്ഞു. സ്കൂളുകളുടെ നിയമങ്ങളും ചട്ടങ്ങളും അനുസരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളെ മതസ്ഥാപനമാക്കി മാറ്റാന്‍ അവസരം നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് വിഷയം ആസൂത്രിത ഗൂഢാലോചനയാണെന്നും സ്കൂള്‍, കോളേജ് പരിസരങ്ങളില്‍ വരെ ഹിജാബും ബുര്‍ഖയും ധരിക്കാമെന്നും അതിനുശേഷം ചട്ടപ്രകാരം കോളേജ് യൂണിഫോമില്‍ ആയിരിക്കണമെന്നും മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു.
സ്ത്രീസ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളിയിടുന്ന ഇസ്ലാം മതസ്ഥര്‍ സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കാത്തതിനെ കുറിച്ച് ആദ്യ വ്യക്തമാക്കണമെന്നും പള്ളികളില്‍ കയറാന്‍ പോലും ധൈര്യം കാണിക്കാത്തവര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കണമെന്ന് വാശി പിടിക്കരുതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇസ്ലാം വിശ്വാസികള്‍ സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശനം നിഷേധിക്കുകയും മറുവശത്ത് നിയമങ്ങള്‍ മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതിന്റെ അടിസ്ഥാനവും വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുത്തലാഖ് ഒഴിവാക്കി മുസ്ലീം സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയത് മോദി സര്‍ക്കാര്‍ ആണെന്ന് മനസ്സിലാക്കാനും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സഹായിക്കാനും ശ്രമിക്കണം. ഈ വിഷയത്തില്‍ എസ്ഡിപിഐയോ ഖാദറോ സിദ്ധരാമയ്യയോ നടത്തിയ പ്രസ്താവനകള്‍ തീര്‍ത്തും അപ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: