അഞ്ചാലുംമൂട്: എലുമലയില് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ പുരയിടത്തില്‍ നിന്നും കരമണ്ണെടുത്ത് വില്‍പ്പന നടത്തിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ റവന്യു വകുപ്പ് തീരുമാനം. കരമണ്ണെടുത്ത എലുമലയിലെ സ്വകാര്യഭൂമി തൃക്കരുവ വില്ലേജ് ഓഫീസര്‍ സന്ദര്‍ശിച്ചു.
ഒരാഴ്ചയായാണ് പ്രദേശത്ത് മണ്ണെടുക്കാനായി വാഹനങ്ങള്‍ എത്തിയത്. ഒരു ലോഡിന് മൂവായിരം മുതല്‍ ആറായിരം രൂപ വരെ വാങ്ങിയാണ് കരമണ്ണ് കച്ചവടം ചെയ്തത്.
നിയമപരമായി കരമണ്ണെടുക്കുമ്പോള് പാലിക്കേണ്ട ചടങ്ങളും പാലിച്ചില്ല. മണ്ണെടുക്കുന്നതിന് സ്ഥലം വില്ലേജ് ഓഫീസര്‍, ജിയോളജിവകുപ്പ് എന്നിവിടങ്ങളില്‍ നിന്നും മുന്‍കൂര്‍ അനുമതിവേണം. സര്‍ക്കാരിലേക്ക് പണം കെട്ടിവയ്ക്കണം എന്നീ നിയമങ്ങള്‍ പാലിക്കാതെയാണ് മണ്ണെടുപ്പ് നടന്നതെന്ന് റവന്യു വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
നിലവില്‍ മണ്ണ് നീക്കം ചെയ്യുന്നതിന് സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുകയാണ്. അതേ സമയം പ്രദേശത്തെ സിപിഎം നേതാവിന്റെയും പഞ്ചായത്തംഗത്തിന്റെയും ഒത്താശയോടെയാണ് മണ്ണെടുപ്പ് നടത്തിയതെന്ന് യുവമോര്‍ച്ച തൃക്കടവൂര്‍ മണ്ഡലം കമ്മിറ്റി ആരോപിച്ചു. ലക്ഷങ്ങളുടെ മണ്ണാണ് ഇവിടെ നിന്നും കടത്തിയത്. ഭരണ കക്ഷിയുടെ നേതാവ് നടത്തിയ മണ്ണുകടത്തിന് പോലീസ് മൗനാനുവാദം നല്‍കിയെന്നും ആരോപിച്ചു. മണ്ണ് കടത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് കളക്ടര്‍ക്കും സിറ്റിപോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: