വാഷിംഗ്ടണ്‍: നാറ്റോ സഖ്യത്തെ ശക്തിപ്പെടുത്താന്‍ റഷ്യയ്ക്കെതിരെ 3000 സൈനികരെക്കൂടി അയച്ച് അമേരിക്ക. നോര്‍ത്ത് കരോലിനയിലെ ഫോര്‍ട്ട് ബ്രാഗ്ഗ് മുതല്‍ പോളണ്ട്, ജര്‍മ്മനി വരെയാണ് സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്.
യുഎസിന്റെ ഈ നീക്കത്തെ റഷ്യ അപലപിച്ചു. ‘ആശങ്കകളെ കൂടുതല്‍ പെരുപ്പിക്കുകയാണ് ഈ നീക്കം,’ ക്രെംലിന് പ്രതിനിധി പറഞ്ഞു. ഉക്രെയ്ന് അതിര്‍ത്തിയില്‍ ഇപ്പോള്‍ 1,30,000 റഷ്യന്‍ സൈനികര്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
അതേ സമയം, ഉക്രെയ്നില് നിന്നും റഷ്യക്കാര്‍ക്ക് നേരെ ആക്രമണമുണ്ടായെന്ന് കാണിക്കുന്ന ചില വ്യാജവീഡിയോകള്‍ റഷ്യനിര്മ്മിച്ചിട്ടുണ്ടെന്നും ഇതിന്റെ മറവില്‍ ഉക്രെയ്നെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഇത് യുഎസിന്റെ പ്രചാരണമാണെന്നും റഷ്യ തിരിച്ചടിച്ചു.
ഉക്രെയ്നെതിരെ ആക്രമിച്ചാല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തേണ്ട ഉന്നപന്നങ്ങളുടെയും സേവനത്തിന്റെയും പുതിയൊരു നീണ്ട ലിസ്റ്റ് തന്നെ അമേരിക്ക തയ്യാറാക്കിയിരിക്കുകയാണ്. റഷ്യയെ ആക്രമണത്തില്‍ നിന്നും പിന്തിരിപ്പിക്കാനാണ് ഈ നീക്കം. എന്നാല്‍ യൂറോപ്പില്‍ ഉക്രെയ്നെക്കൂടി ഉള്‍പ്പെടുത്തി നാറ്റോയെ വികസിപ്പിക്കാന്‍ അനുവദിക്കില്ലെന്ന പിടിവാശിയിലാണ് റഷ്യ.
ഇതിനിടെ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയാല്‍ അതിനെ മറികടക്കാന്‍ ചൈനയുമായി പുടിന് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ബെയ്ജിങ് ശീതകാല ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് പുടിനും ഷീ ജിന്പിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഏത് നീക്കത്തിനും റഷ്യയ്ക്ക് ചൈനയുടെ പരിപൂര്‍ണ്ണ പിന്തുണയുണ്ട്.
അതേ സമയം ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തി്ന്റെ ഭാഗമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ജര്‍മ്മന്‍ ചാനസലര്‍ സ്കോള്‍സും പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: