എരുമേലി: നാട്ടറിവിന്റെ ഹൃദയം തുടിക്കുന്ന നാടന്‍പാട്ടുകള്‍ക്ക് ഈണം നല്കിയ എരുമേലിയുടെ സ്വന്തം രാഹുല്‍ ഗാന്ധിയെന്ന കലാകാരന് കലാ കേരളത്തിന്റെ അംഗീകാരം. കഴിഞ്ഞ 15 വര്‍ഷമായി ഫോക്ക്ലോര്‍ രംഗത്ത് സജീവമാണ് എരുമേലി മുട്ടപ്പള്ളി സ്വദേശി ഇളയാനിത്തോട്ടം വീട്ടില്‍ രാഹുല്‍ ഗാന്ധി.
സാംസ്കാരിക വകുപ്പില്‍ വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ കോട്ടയം ജില്ല കോ-ഓര്‍ഡിനേറ്ററായിട്ടാണ് രാഹുല്‍ ഇപ്പോള്‍ നിയമിതനായിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജീവ് ഗാന്ധിയോടുള്ള ആദരസൂചകമായാണ് തന്റെ മക്കള്‍ക്ക് രാഹുല്‍ ഗാന്ധി, രാജീവ്ഗാന്ധി എന്നീ പേരുകള്‍ അച്ഛന് കുഞ്ഞുമോന് നല്‍കിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ചതോടെയാണ് എരുമേലിക്കാരന് രാഹുല്‍ഗാന്ധി വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.
ഫോക്ക്ലോര്‍ ഗവേഷകന്, നാടന്‍പാട്ട് കലാകാരന്, കലാധ്യാപകന് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. എരുമേലി തുടി നാട്ടറിവ് പാട്ടുകൂട്ടം എന്ന നാടന്‍ കലാ സംഘത്തിന്റെ മുഖ്യസംഘാടകനാണ്. നാടന്‍പാട്ട് പഠനങ്ങളുടെ ഭാഗമായി നിരവധി പ്രബന്ധങ്ങളും രാഹുല്‍ തയാറാക്കിയിട്ടുണ്ട്. സ്കൂള്‍, കോളജ് കലോത്സവങ്ങള്‍, ലൈബ്രറി കൗണ്‍സില്‍ ഫോക്ക്ലോര്‍ മത്സരവേദികള്‍, കൂടാതെ സര്‍ഗോത്സവം, പൈതൃകോത്സവം തുടങ്ങിയ മേഖലയില്‍ നാടന്‍ പാട്ട് കലാവതാരകനായും, പ്രഭാഷകനായും, വിധികര്‍ത്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2007ല്‍ കേരള സര്‍ക്കാര്‍ ഫോക്ക്ലോര്‍ അക്കാദമി യുവപ്രതിഭ പുരസ്കാരം രാഹുലിനെ തേടിയെത്തി. കേരള സര്‍വകലാശാല തിരുവനന്തപുരം കാര്യവട്ടം കാമ്പസില്‍ ഭാഷാശാസ്ത്ര വിഭാഗത്തില്‍ ഫോക്ക്ലോര്‍ ഗവേഷകനാണ് രാഹുല്‍. കേരള സര്‍ക്കാര്‍ സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി കാഞ്ഞിരപ്പള്ളി ബ്ലോക്ക് ക്ലസ്റ്റര്‍ കണ്‍വീനറായി പ്രവര്‍ത്തിച്ച് വരികയാണ് പുതിയ ചുമതല ലഭിച്ചത്. ചൊവ്വാഴ്ച ചുമതലയേല്‍ക്കും. അച്ഛന്: പരേതനായ കുഞ്ഞുമോന്, അമ്മ: വല്‍സമ്മ കുഞ്ഞുമോന്, ഭാര്യ: രഞ്ജി രാഹുല്‍, മക്കള്‍: സൈന്ധവ് രാഹുല്‍, ശ്രീയുവ് രാഹുല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: