തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് അറിയാമായിരുന്നു. ഡിപ്ലോമാറ്റിക് ബാഗേജില്‍ നിന്നും ബാഗ് വിട്ടു കിട്ടാന്‍ ഇടപെട്ടില്ലെന്ന ശിവശങ്കറിന്റെ പുസ്തകത്തിലെ വാദങ്ങള്‍ തെറ്റാണ്. അതില്‍ എന്താണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നെന്ന് വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ് വീണ്ടും.
തന്നെ നിശബ്ദയാക്കി ജയിലില്‍ അടയ്ക്കാനാണ് സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണത്തിലേക്ക് എന്‍ഐഎയെ കൊണ്ടുവന്നത്. എന്‍ഐഎയ്ക്ക് കേസ് അന്വേഷണം കൈമാറിയതിനു പിന്നില്‍ ശിവശങ്കറിന്റെ മാസ്റ്റര്‍ ബ്രെയിന്‍. വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നാണ് ഇക്കാര്യം അറിഞ്ഞതെന്നും സ്വകാര്യ മാധ്യമത്തിന് നല്കിയ പ്രതികരണത്തില്‍ സ്വപ്ന വെളിപ്പെടുത്തി.
ഒരു സ്ത്രീയെ ഉപയോഗിച്ച് തനിക്ക് ക്ലീന്‍ ചിറ്റ് ലഭിക്കുന്നതിനായി ഇത്തരത്തില്‍ ആരെകുറിച്ചും ആരോപണങ്ങള്‍ ഉന്നയിക്കരുത്. തനിക്ക് സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് തനിക്ക് അറിയാവുന്നതെല്ലാം ശിവശങ്കറിനും അറിയാമായിരുന്നുവെന്നാണ് മറ്റൊരു വാദം. നയതന്ത്രബാഗേജില് എന്തെന്ന് അറിയില്ലെന്നും അത് വിട്ടുകിട്ടാന്‍ ഇടപെട്ടില്ലെന്നുമുള്ള ശിവശങ്കറിന്റെ വാദങ്ങള്‍ പച്ചക്കള്ളമാണ്. ലോക്കറില്‍ ഉണ്ടായിരുന്നതെല്ലാം കമ്മീഷന് പണമായിരുന്നു. ലോക്കര്‍ ആരുടേതെന്ന് ലോകം മനസിലാക്കട്ടെ. ജയിലില്‍ കിടന്നപ്പോഴത്തെ വേദനയേക്കാള്‍ വലുതാണ് ശിവശങ്കര്‍ തന്നെ തള്ളിപ്പറഞ്ഞതിന്റെ വേദനയെന്നും സ്വപ്ന പറഞ്ഞു. തന്റെ ജീവിതത്തില്‍ എല്ലാം ശിവശങ്കര്‍ ആയിരുന്നു.
അദ്ദേഹത്തിന്റെ പുസ്തകത്തില്‍ തന്നെക്കുറിച്ച് നടത്തിയിട്ടുള്ള പരാമര്‍ശങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. അദ്ദേഹത്തിന് ധാരാളം സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഐ ഫോണ്‍ മാത്രമാണ് അദ്ദേഹം എടുത്തു പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ശിവശങ്കറിന്റെ എല്ലാ പിറന്നാളുകള്‍ക്കും ഞാന്‍ സമ്മാനങ്ങള്‍ നല്‍കുന്നുണ്ട്. എന്റെ സാമ്പത്തികശേഷിക്കും പരിമിതികള്‍ക്കും അനുസരിച്ച് അദ്ദേഹത്തിന്റെ പിറന്നാളുകള്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലുകളിലും മറ്റും ആഘോഷിച്ചു. സത്യത്തില്‍ താനാണ് ചൂഷണം ചെയ്യപ്പെട്ടത്. എന്റെ ഗതി ഇനിയൊരു പെണ്ണിനും വരരുത്.
ജയിലില്‍ കഴിഞ്ഞ നാളുകളില്‍ എനിക്ക് രക്ഷപ്പെടാനായി വേണമെങ്കില്‍ സത്യങ്ങള്‍ തുറന്നു പറഞ്ഞുകൊണ്ട് ശിവശങ്കറിനെ ചതിക്കാമായിരുന്നു. ആറ് മാസത്തോളം അദ്ദേഹത്തിനെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. അതിനുശേഷം അദ്ദേഹവുമായി നടത്തിയ ചാറ്റുകളും മറ്റും കാണിച്ച് അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തപ്പോള്‍ മാത്രമാണ് അദ്ദേഹത്തെ കുറിച്ച് പറഞ്ഞത്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കൂടി ഒരു വലിയ ഗ്രന്ഥം തന്നെ എഴുതാമായിരുന്നു. ചിത്രങ്ങളോടുകൂടിത്തന്നെ അത് പ്രസിദ്ധീകരിക്കാമായിരുന്നു. ജൂലായ് അഞ്ചുവരെ ഞാന്‍ എന്തെല്ലാം ജോലികളിലും ഏര്‍പ്പാടുകളിലും ഉള്‍പ്പെട്ടിരുന്നുവെന്ന് ശിവശങ്കറിനറിയാം. സ്വപ്നയ്ക്ക് ഇത്തരത്തിലുള്ള ഡീലുകള്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ ഞാന്‍ അസത്രപ്രജ്ഞനായിപ്പോയി എന്നദ്ദേഹം എഴുതി എന്നറിഞ്ഞു. അങ്ങനെ എഴുതി എന്നു കേട്ടപ്പോള്‍ ഞാനും അസ്ത്രപ്രജ്ഞയായിപ്പോയി. എല്ലാം ശാന്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇങ്ങനെയൊരു പുസ്തകവുമായി വന്നുകൊണ്ട് അദ്ദേഹം എന്ത് ക്ലീന്‍ ചിറ്റ് നേടാനാണ് ശ്രമിക്കുന്നതെന്ന് അറിയില്ല. പറയുമ്പോള്‍ അര്‍ധസത്യങ്ങള്‍ പറയരുത്. എന്തുകൊണ്ടാണ് ശിവശങ്കര്‍ മുഴുവനായും തുറന്നു പറയാതിരുന്നത്. അദ്ദേഹം പുസ്തകം എഴുതുന്നു എന്ന് ഞാനറിഞ്ഞിരുന്നു. അവിടെ പക്ഷേ സ്വപ്ന സുരേഷ് എന്ന വ്യക്തിയെ ഇത്തരത്തില്‍ ട്രീറ്റ് ചെയ്യുമെന്ന് കരുതിയിരുന്നില്ല.
ശിവശങ്കര്‍ എന്റെ റോള്‍ മോഡലായിരുന്നു. എന്റെ ഗാര്‍ഡിയനായിരുന്നു. എന്റെ മക്കള്‍ക്ക് അദ്ദേഹം ദൈവതുല്യനായിരുന്നു. എന്റെ വ്യക്തിജീവിതത്തില്‍, ഗാര്‍ഹിക പ്രശ്നങ്ങളില്‍, എന്റെ സുരക്ഷിതത്വമില്ലായ്മയില്‍, എന്റെ ഭര്‍ത്താവ് നല്‍കാതിരുന്ന പിന്തുണയില്‍ ഒന്നും എനിക്കും വിഷമം ഇല്ലാതിരുന്നത് ശിവശങ്കര്‍ എന്ന വലിയൊരു സപ്പോര്‍ട്ട് ഉണ്ടായിരുന്നത് കൊണ്ടാണ്. കേസിലകപ്പെട്ട സമയത്ത് ഒന്നു രണ്ട് തവണ തമ്മില്‍ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ നിന്നും എനിക്കുമനസ്സിലായി ശിവശങ്കര്‍ പാടേ മാറിയിരിക്കുന്നു എന്ന്. അപ്പോഴും അദ്ദേഹത്തിലുള്ള പ്രതീക്ഷ എനിക്കു നഷ്ടപ്പെട്ടിരുന്നില്ല. എന്നാല്‍ പിന്നീട് കുറ്റങ്ങള്‍ മുഴുവന്‍ എന്റെ തലയിലായി എന്ന തിരിച്ചറിവ് ഉണ്ടായി. എന്നിട്ടും തന്റെ ഭാഗത്തു നിന്നും ശിവശങ്കറിനെ ഏതെങ്കിലും തരത്തില്‍ കുറ്റപ്പെടുത്തുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ല. സാഹചര്യങ്ങളെ ശിവശങ്കറാണ് ചൂഷണം ചെയ്തത്. ജയിലില്‍ പോലീസുകാരിയാണ് ഓഡിയോ സംഭാഷണത്തിന്റെ തിരക്കഥ മെനഞ്ഞത്. ഓഡിയോ ക്ലിപ്പിലൂടെ പുറത്ത് വന്നത് പറയിപ്പിച്ച കാര്യങ്ങളാണ്.
തന്റെ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും ഗുളികളിലാണ്. ജയിലില്‍ വെച്ച് കാര്‍ഡിയാക് അറസ്റ്റ് വരെ സംഭവിച്ചു. ഡിപ്രഷന് ഉണ്ട്. ശിവശങ്കറിന് കുറച്ച് വിശ്രമസമയം കിട്ടിയപ്പോള്‍ പുസ്തകം എഴുതി. അത്ര തന്നെ. പക്ഷേ സ്വയം രക്ഷയ്ക്കുള്ള മറയായി ആ പുസ്തകത്തെ കാണാന്‍ താന്‍ സമ്മതിക്കില്ല. അങ്ങനെയെങ്കില്‍ എല്ലാവര്ക്കും പുസ്തകം എഴുതിയാല്‍ മതിയല്ലോ.
ശിവശങ്കര്‍ അടക്കമുള്ള ആളുകള്‍ പറഞ്ഞതാണ് ആ സമയത്ത് ചെയ്തത്. തന്നോട് ഒളിവില്‍ പോകാന്‍ നിര്‍ദ്ദേശിച്ചവരില്‍ ശിവശങ്കറും ഉള്‍പ്പെടുന്നുവെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കാന് നിര്‍ദ്ദേശിച്ചവരിലും ശിവശങ്കര്‍ ഉണ്ട്. സന്ദീപും ജയശങ്കറുമാണ് അതിര്‍ത്തി കടക്കാന്‍ സഹായിച്ചത്. എല്ലാ കാര്യങ്ങളും ഒരു വരി മാത്രം എഴുതി പൊതുജനത്തെ വിഡ്ഢികളാക്കുകയാണ് ശിവശങ്കറെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: