സി.വി. സജനി
(ബിജെപി സംസ്ഥാന സമിതി അംഗവും വോക്കല്‍ ഫോര്‍ ലോക്കല്‍ ഓണ്‍ട്രപ്രിണേഴ്സ് ക്ലബ് ചെയര്‍പേഴ്സണുമാണ് ലേഖിക)
ഗതിശക്തിക്ക്, പശ്ചാത്തല വികസനത്തിന് ഊന്നല്‍ കൊടുത്ത ബജറ്റ് 100 ലക്ഷം കോടി രൂപ ഈ ഇനത്തില്‍ വകയിരുത്തി. സില്‍വര്‍ ലൈന്‍ പദ്ധതിയേക്കാള്‍ ഗതിശക്തി സംവിധാനം കേരളത്തില്‍ വ്യവസായമേഖലയ്ക്കും സാമ്പത്തികമേഖലയ്ക്കും ഗതിവേഗം നല്‍കും. പുതുതായി വികസിപ്പിക്കുന്ന റോഡ്, റെയില്‍, വ്യോമയാനങ്ങള്‍, തുറമുഖം, ചരക്ക് കയറ്റിറക്ക് കേന്ദ്രങ്ങള്‍ എന്നിവ ആയിരക്കണക്കിനു പുതുസംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും.
സിമന്റ്, കമ്പി, ഇഷ്ടിക, ഓട്, സ്പെയര്‍ പാര്‍ട്സ് എന്നിവയുടെ ഉത്പാദനം, അനുബന്ധ ഗോഡൗണുകള്‍ എന്നിവ ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇരുപത്തയ്യായിരം കിലോമീറ്റര്‍ റോഡ് വികസിപ്പിക്കുമ്പോള്‍ അതിനനുസൃതമായി വേണ്ടിവരുന്ന വാഹന ഉത്പാദനം, സര്‍വീസ് സ്റ്റേഷന്, അനുബന്ധമായ ഭക്ഷണശാലകള്‍, ഹോസ്റ്റലുകള്‍, ലോഡ്ജുകള്‍, കച്ചവട സ്ഥാപനങ്ങള്‍, ജിംനേഷ്യം, എന്തിന് മുടിവെട്ടുശാലകള് വരെയുള്ള പുത്തന്‍ സംരംഭങ്ങള്‍ ഉയര്‍ന്നുവരും.
കാര്‍ഷിക വ്യവസായങ്ങള്‍
കൃഷിക്കും കാര്‍ഷിക വ്യവസായങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്നതിന് ഉദാഹരണമാണ് എഥനോള്‍ കലര്‍ന്ന പെട്രോളിന്റെ പ്രോത്സാഹനം. പഞ്ചസാര ഉത്പാദിപ്പിക്കുമ്പോള്‍ കിട്ടുന്ന ഉപോല്പന്നമാണ് എഥനോള്‍. കേരളത്തിലെ കരിമ്പ് കൃഷിയിടങ്ങളായ മറയൂരും ചിറ്റൂരും ഇത് പുതിയ വ്യവസായ സാധ്യത സൃഷ്ടിക്കും. താങ്ങുവില തുണയാകുമ്പോള്‍ നബാര്‍ഡ് ഉള്‍പ്പെടെയുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ കാര്‍ഷിക സംരംഭങ്ങള്‍ക്ക് താങ്ങാവും. 17.5 ലക്ഷം ടണ്‍ നെല്ല് കേരളത്തിന് ആവശ്യമുള്ളപ്പോള്‍ ഇവിടെ ഉത്പാദിപ്പിക്കുന്നത് 3.5 ലക്ഷം ടണ്‍ മാത്രം. കേരളത്തിന് ആവശ്യമുള്ള പച്ചക്കറിയുടെ 18 ശതമാനം മാത്രമാണ് ആഭ്യന്തര ഉത്പാദനം.
കൃഷി, കാര്‍ഷികോത്പന്നങ്ങളുടെ സംഭരണം, വിതരണശൃംഖല, ഫാം ടു ഫോര്‍ക്ക്, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, പഴം, പച്ചക്കറി സംസ്കരണം എന്നീ പദ്ധതികള്‍ക്ക് 35 ശതമാനം വരെ സബ്സിഡിയുള്ള വായ്പാപദ്ധതികള്‍ കാര്‍ഷികസംരംഭങ്ങള്‍ക്ക് കുതിപ്പേകും. കേരളത്തിലെ 3000 കോടി വരുന്ന കോഴിമുട്ട, കോഴിയിറച്ചി വിപണി ഏതാണ്ട് പൂര്‍ണ്ണമായും തമിഴ്നാടിനെയാണ് ആശ്രയിക്കുന്നത്. ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഈ മേഖലയിലേക്ക് സംരംഭകരെ ആകര്‍ഷിക്കും വിധമാണ് ബജറ്റ്.
മറ്റൊരു മേഖലയാണ് പാലും പാലുത്പന്നങ്ങളും. തൈരും, സംഭാരവും വെണ്ണയും പനീറും ഉള്‍പ്പെടെയുള്ള ക്ഷീരോത്പാദന മേഖല, മത്സ്യകൃഷിയും അനുബന്ധ വ്യവസായവും കയറ്റുമതി സാധ്യതയുള്ള മേഖല. ആത്മനിര്‍ഭര്‍ ഭാരതിന്റെ തണലില്‍ നിരവധി സംരംഭങ്ങള്‍ ഈ മേഖലകളില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.
ചെറുകിട ഇടത്തരം സംരംഭകര്‍ക്കു നല്കുന്ന വായ്പകള്‍ക്ക് നൂറു ശതമാനം ഗ്യാരന്റിയാണ് ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. എംഎസ്എംഇകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ അഞ്ചു വര്‍ഷംകൊണ്ട് 6000 കോടിയുടെ പ്രത്യേക പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാം ഈ മേഖലയുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കും. കാര്‍ഷിക മേഖലയിലെ ഡ്രോണ്‍ ഉപയോഗം ഡ്രോണ്‍ സംരംഭങ്ങള്‍ക്കു വഴിയൊരുക്കും.
ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രി
ടൂറിസം മേഖലയ്ക്കു നല്‍കിയിരിക്കുന്ന 2400 കോടി രൂപ കേരളത്തിലെ ടൂറിസം രംഗത്ത് ഉണര്‍വ്വു നല്‍കും. ആഭ്യന്തര ടൂറിസം, ഗ്രാമീണ ടൂറിസം, ഫാം ടൂറിസം, വാട്ടര്‍ ടൂറിസം എന്നീ രംഗത്ത് വികസനം സൃഷ്ടിക്കും.
ഇലക്ട്രോണിക് മേഖല
പ്രതിരോധ മേഖല, കപ്പല്‍ വ്യവസായം, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നീ മേഖലകള്‍ ആത്മനിര്ഭരതയിലേക്കു നീങ്ങുമ്പോള്‍, ഇലക്ട്രോണിക് ചിപ്പ്, സ്പെയര്‍ പാര്‍ട്സ് എന്നീ മേഖലയില്‍ നിരവധി മൈക്രോ സംരംഭങ്ങള്‍ക്ക് അവസരം തുറക്കും.
സണ്‍റൈസ് മേഖല
പുത്തന്‍ സാങ്കേതികവിദ്യയ്ക്ക് ഊന്നല്‍ നല്കിയ സണ്‍റൈസ് മേഖലകള്‍ക്ക് സംരംഭക സാധ്യതകള്‍ ഏറെ. നിര്‍മ്മിത ബുദ്ധി, ഡ്രോണ്‍, ജിനോമിക്സ്, ഹരിത ഊര്‍ജം, ഹരിത ഗതാഗത സംവിധാനങ്ങള്‍, ജിയോ സ്പേഷ്യല്‍ സിസ്റ്റംസ് എന്നീ മേഖലയിലെ പരിശീലന കേന്ദ്രങ്ങള്‍ പുതിയ സംരംഭക വഴികളാവും.
ചെറുകിട സംരംഭങ്ങള്‍ക്ക് അങ്ങേയറ്റം കൈത്താങ്ങാകിയ ഒരു ബജറ്റാണിത്. ഡിജിറ്റല്‍ രജിസ്ട്രേഷന്, ഡിജിറ്റല്‍ കറന്‍സി, 5-ജിയും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഇന്ത്യ സംരംഭകത്വത്തിന്റെ രാസത്വരകമാകും. ഈ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആത്മാര്‍ത്ഥത കാണിക്കണം. ബാങ്കുകള്‍ സംരംഭകരോട് പ്രോത്സാഹനകരമായ സമീപനം പുലര്‍ത്തണം. സാമൂഹ്യ സംഘടനകള്‍/വ്യാവസായിക സംഘടനകള്‍ പദ്ധതികളുടെ പ്രചാരണത്തിനും തദ്വാരാ വികസനത്തിനും പങ്കാളികളാകണം. ചെറുസംരംഭങ്ങളെ പുല്കുന്ന അമൃതകാല ബജറ്റ് കേരളത്തിനും ആത്മനിര്‍ഭരതയിലേക്കുള്ള പാതയാണ് തുറക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: