വാസ്കോ: മഞ്ഞപ്പട വിജയവിഴിയില്‍ തിരിച്ചെത്തി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്നലെ തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴസ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി. അറുപത്തിരണ്ടാം മിനിറ്റില്‍ ജൊര്‍ഗെ പെരേരയും എണ്‍പത്തിരണ്ടാം മിനിറ്റില്‍ അല്‍വാരോ വാസ്ക്വസുമാണ് ഗോളുകള്‍ നേടിയത്. മുഹമ്മദ് ഇര്‍ഷാദാണ് നോര്‍ത്ത് ഈസ്റ്റിനായി സ്കോര്‍ ചെയ്തത്.
ഈ വിജയത്തോടെ ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പതിമൂന്ന് മത്സരങ്ങളില്‍ അവര്‍ക്ക് ഇരുപത്തിമൂന്ന് പോയിന്റായി. കഴിഞ്ഞ മത്സരത്തില്‍ ബെംഗളൂരുവിനോട് തോറ്റ ബ്ലാസ്റ്റേഴ്സ് ഇന്നലെ നോര്‍ത്ത് ഈസ്റ്റിനെതിരെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഈ തോല്‍വിയോടെ നോര്‍ത്ത് ഈസ്റ്റ്് പതിനറ് മത്സരങ്ങളില്‍ പത്ത് പോയിന്റുമായി പതിനൊന്നാം സ്ഥാനത്താണ്.
തുടക്കം മുതല്‍ ഇരു ടീമുകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒമ്പതാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്റെ മലായാളി താരം സുഹൈറിനാണ് ഗോള്‍ അടിക്കാന്‍ ആദ്യ അവസരം കിട്ടിയത്. മാര്‍ക്കോ ഷഹനേക്ക് നീട്ടിക്കൊടുത്ത പന്തുമായി കുതിച്ച സുഹൈര്‍ ഷോട്ട് ഉതിര്‍ത്തെങ്കിലും പന്ത് പുറത്തേക്ക് പോയി. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ബ്ലാസ്റ്റേഴ്സ് താരം അല്‍വാരോ വാസ്കെസ് ഗോള്‍ വല ലക്ഷ്യമിട്ട് ഷോട്ട് പായിച്ചെങ്കിലും നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം അപകടം ഒഴിവാക്കി. പിന്നീട് നിഷുകുമാറിന്റെ ഷോട്ടും നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം തടുഞ്ഞു.
ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ബ്ലാസ്റ്റേഴ്സ് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. നാല്‍പ്പത്തിരണ്ടാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍ നേടിയെന്ന്് തോന്നി. ആഡ്രിയാന്‍ ലൂണ ബോക്സിലേക്ക് ഉയര്‍ത്തിയ പന്തില്‍ ജീക്സണ് സിങ് ഹെഡ് ചെയ്തു. പക്ഷെ, പന്ത് ബാറിന് തൊട്ടുമുകളിലൂടെ പുറത്തേക്ക്് പോയി. തൊട്ടു പിന്നാലെ ആയുഷ് അധികാരിയുടെ പോസ്റ്റിന് മുകളിലുടെ പറന്നു. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ മാര്‍ക്കോ ലെസ്കോവിച്ച് , മുപ്പത്തിയഞ്ച് അടി അകലെ നിന്നെടുത്ത ഫ്രീ കിക്കും ലക്ഷ്യം കണ്ടില്ല. ഇതോടെ ആദ്യ പകുതി അവസാനിച്ചു.
ഇടവേളയ്ക്ക് ശേഷവും മികച്ച കളി തുടര്‍ന്ന ബ്ലാസ്റ്റേഴ്സ് അറുപത്തിരണ്ടാം മിനിറ്റില്‍ ഗോള്‍ നേടി മുന്നിലെത്തി. ജൊര്‍ഗെ പെരേരയാണ് ലക്ഷ്യം കണ്ടത്. ഹര്മന് ജ്യോത് ഖബ്ര തലകൊണ്ട് നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍ മുഖത്തേക്ക് മറിച്ചുകൊടുത്ത പന്തില്‍ ചാടിയുയര്‍ന്ന് ഹെഡ്ചെയ്ത ജൊര്‍ഗെ പെരേര പന്ത് വലയിലാക്കി.
കളിയവസാനിക്കാന്‍ എട്ട് മിനിറ്റുശേഷിക്കെയാണ് ബ്ലാസ്്റ്റേഴ്സ് രണ്ടാം ഗോള്‍ നേടിയത്. നോര്‍ത്ത് ഈസ്റ്റ് ഗോളി മുന്നോട്ടു കയറി നില്‍ക്കെ, അല്‍വരോ വാസ്ക്വസ് മൈതാന മധ്യത്തില്‍ നിന്ന് നീട്ടിയടിച്ച പന്ത്് വലയിലേക്ക്് കയറുകയായിരുന്നു. ഇഞ്ച്വറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് ഒരു ഗോള്‍ മടക്കി. മുഹമ്മദ് ഇര്‍ഷാദാണ് ഗോള്‍ അടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: