ന്യൂദല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതിക്കായി നിലവില്‍ ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്ര റെയില്വേമന്ത്രിഅശ്വിനി വൈഷ്ണവ്. ഫൈനല്‍ ലൊക്കേഷന്‍ സര്‍വ്വേ, ലാന്‍ഡ് പ്ലാന്‍, അനുമതി എന്നിവയൊന്നുമില്ലാതെ ഭൂമി ഏറ്റെടുക്കാന്‍ കഴിയില്ലെന്നും മന്ത്രി അറിയിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രമന്ത്രി വി. മുരളീധരന്, ദേശീയ നിര്‍വ്വാഹകസമിതി അംഗങ്ങളായ കുമ്മനം രാജശേഖരന്, മെട്രോമാന് ഇ. ശ്രീധരന്, പി.കെ. കൃഷ്ണദാസ് എന്നിവരുംസംഘത്തിലുണ്ടായിരുന്നു. പദ്ധതിയിലെ ഗുരുതരമായ പിഴവുകള്‍ കൂടിക്കാഴ്ചയില്‍ ഇ. ശ്രീധരന് ചൂണ്ടിക്കാട്ടിയതായും മന്ത്രി ട്വീറ്റ് ചെയ്തു. ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് റെയില്‍വേ മന്ത്രി അറിയിച്ചതായി വി. മുരളീധരനും മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. പ്രതിനിധിസംഘം വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമ്പത്തിക കാര്യങ്ങളില്‍ ആശങ്കയുണ്ടെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. കെ റെയില്‍ കോര്‍പ്പറേഷന്റെ പ്രതീക്ഷിക്കുന്നവരുമാനം സംബന്ധിച്ച കണക്കുകള്‍ പ്രാഥമിക പരിശോധനയില്‍ വിശ്വസനീയമല്ല. റെയില്‍വേ ഭൂമി വിട്ടു നല്‍കുന്നത് ഭാവിയിലെ റെയില്‍വേ വികസനത്തെ ബാധിച്ചേക്കും.
കെ റെയില്‍ സമര്‍പ്പിച്ച ഡി.പി. ആറില്‍ തൃപ്തിയില്ലാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചിട്ടുണ്ട്. അത് കിട്ടിയ ശേഷം പദ്ധതി സംബന്ധിച്ച് പല തലത്തിലുള്ള വിശകലനങ്ങള്‍ ആവശ്യമാണ്. അന്തിമ അനുമതി ഈ പരിശോധനകളിലെല്ലാം പദ്ധതി തൃപ്തികരമായാല്‍ മാത്രമേ നല്കാന് കഴിയൂ. റെയില്‍വേ ലൈനിന്റെ അലൈന്മെന്റ് പോലും അംഗീകരിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ ഭൂമി ഏറ്റെടുക്കലിന്റെ നടപടികള്‍ ആവശ്യമില്ലെന്നാണ് റെയില്‍ മന്ത്രാലയത്തിന്റെ നിലപാട് എന്നും അസി. സോളിസിറ്റര്‍ ജനറല്‍ എസ്. മനു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചിനെ അറിയിച്ചു. റെയില്‍വേ ഭൂമിയില്‍ അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിക്കാന്‍ കെ റെയില്‍ കോര്‍പ്പറേഷനെ അനുവദിക്കാനാവില്ലെന്ന് സതേണ്‍ റെയില്‍വെ ചീഫ് എന്‍ജിനിയര്‍ രേഖാമൂലം കോര്‍പ്പറേഷനെ അറിയിച്ചെന്നും അസി. സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: