കൊച്ചി: മലയാള ചലച്ചിത്ര മേഖലയില്‍ രാജ്യവിരുദ്ധ ശക്തികള്‍ വലിയ തോതില്‍ പണം ഒഴുക്കുന്നതായി കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍. സ്വര്‍ണ- ലഹരിക്കടത്തിലൂടെ ലഭിക്കുന്ന പണമാണ് ചലച്ചിത്ര നിര്‍മാണ മേഖലയിലേക്ക് എത്തുന്നത്. മലയാളത്തിലെ ചെറിയ സിനിമ മുതല്‍ വന്‍ മുതല്‍ മുടക്കുള്ള സിനിമകള്‍ വരെ നിര്‍മിക്കാന്‍ ഇവര്‍ പണം നല്‍കുന്നു.
പ്രമുഖ സംവിധായകരെയും നടന്മാരെയും മറയാക്കിയാണ് ഇവര്‍ പണം ഒഴുക്കുന്നത്. സിനിമയില്‍ പണം മുടക്കുന്ന രാജ്യവിരുദ്ധ ശക്തികള്‍ ഇതിന്റെ മറവില്‍ കോടികളുടെ നികുതിവെട്ടിപ്പും ക്രിപ്റ്റോ കറന്‍സിയുടെ മറവിലും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് എന്‍ഫോഴ്സ്‌മെന്റ് ഡറക്ടറേറ്റ് (ഇഡി) കണ്ടെത്തിയിട്ടുണ്ട്.
അനധികൃതമായി ഉണ്ടാക്കുന്ന പണം യാതൊരു ഈടുമില്ലാതെയാണ് ചലച്ചിത്ര നിര്‍മാണ മേഖലയില്‍ ഇവര്‍ ഇറക്കുന്നത്. ബ്ലാക്ക് മണി വൈറ്റാകുന്നതിനൊപ്പം ചലച്ചിത്ര മേഖലയില്‍ ഇത്തരം സംഘങ്ങള്‍ക്ക് വലിയ സ്വാധീനം ഉണ്ടാക്കാനും സാധിച്ചിട്ടുണ്ട്. 2015ല്‍ ഇറങ്ങിയ ഒരു പ്രമുഖ നടന്റെ പ്രണയ ചിത്രത്തിലാണ് ദേശവിരുദ്ധ ശക്തികള്‍ പണം ഇറക്കിയതെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സി കണ്ടെത്തിയിരിക്കുന്നതെന്നാണ് സൂചന.
ഇതിന് ശേഷം നിരവധി ചെറുതും വലുതുമായ ചിത്രങ്ങളില്‍ ഇവര്‍ വലിയ തോതില്‍ നിക്ഷേപം നടത്തി. രണ്ടാം കൊവിഡ് തരംഗത്തിന് ശേഷം തീയേറ്ററില്‍ എത്തിയ ബിഗ് ബജറ്റ് ചിത്രത്തിലും, രാഷ്‌ട്രീയ വിവാദമുണ്ടായ മറ്റൊരു പ്രമുഖചിത്രത്തിലും ഇവര്‍ ഫണ്ടിങ് നടത്തിയിട്ടുണ്ടെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: