കൊട്ടാരക്കര: സോഷ്യല്‍ മീഡിയയില്‍ തരംഗമായ ചോട്ടു എന്ന നായയെ കാണാതായതോടെ ഓയൂര്‍, ആറ്റൂര്‍ക്കോണം ഗ്രാമവാസികള്‍ ഒന്നടങ്കം തിരച്ചിലിലാണ്. വെളിനല്ലൂര്‍ പഞ്ചായത്തിലെ ആറ്റൂര്‍ക്കോണം മുളകുവിള വീട്ടില്‍ ദിലീപ് കുമാറിന്റെ ചോട്ടൂസ് വ്ളോഗ് എന്ന പേരിലുള്ള യുട്യൂബ് ചാനലിലൂടെ ആരാധകരുടെ ഹീറോയായ നായെയാണ് ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ വീട്ടില്‍നിന്ന് കാണാതായത്.
മൂന്നരവര്‍ഷമായി ദിലീപിന്റെ കൂടെ ചോട്ടു കൂടിയിട്ട്. രാവിലെ പത്രം കൊണ്ടുവരുന്നതും ജനാലകള്‍ തുറക്കുന്നതും വീട്ടുകാരെ ഉണര്‍ത്തുന്നതുമെല്ലാം ചോട്ടുവെന്ന ഈ നായയായിരുന്നു. ദിലീപ് കൃഷിയിടത്തില്‍ പോകുമ്പോള്‍ കത്തിയും കത്താളുമായി ഒപ്പം കൂടും. പത്രം വായിക്കാന്‍ ദിലീപ് ഇരുന്നാല്‍ ഉടനേ മേശപ്പുറത്തിരിക്കുന്ന കണ്ണടയുമായി ചോട്ടു മുന്നില്‍ എത്തും. വീട്ടുകാരുമായി മാത്രമല്ല നാട്ടുകാരുമായും അടുപ്പത്തിലായിരുന്നു ചോട്ടു.
ദിലീപ് സാധനങ്ങള്‍ വാങ്ങാനും മറ്റും കടയില്‍ പോകുമ്പോള്‍ ചോട്ടുവും ഒപ്പം ഉണ്ടാകും. പത്രമാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞതോടെ ചോട്ടുവിനെ തിരക്കി ആരാധകര്‍ എത്താന്‍ തുടങ്ങി. ഇതോടെയാണ് കഴിഞ്ഞ വര്‍ഷം ചോട്ടുവിനുവേണ്ടി ദിലീപ് ചോട്ടൂസ് വ്ളോഗ് എന്ന പേരില്‍ യുട്യൂബ് ചാനല്‍ തുടങ്ങിയത്. ഇതുവരെ 42 വിഡിയോകള്‍ ചെയ്തു. കണ്ടത് 70.8 ലക്ഷം.
ചോട്ടുവിനെ കാണാതായ വിവരം ചാനലിലൂടെ ദിലീപ് അറിയിച്ചതോടെ നാട്ടിലെ ഫെയ്സ്ബുക്ക്, വാട്സാപ് ഗ്രൂപ്പുകളില്‍ സന്ദേശം പ്രചരിച്ചു. വീട്ടിലെ ഒരംഗത്തെ നഷ്ടപ്പെട്ട വിഷമത്തിലാണ് ദിലീപ് കുമാറും ഭാര്യ ബിന്ദു, മക്കളായ വിവേകും വിനീതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: