പറവൂര്‍ : ഭൂമി തരം മറ്റാനായി ഒന്നര വര്‍ഷത്തോളം സര്‍ക്കാര്‍ ഓഫീസുകളില്‍ കയറി ഇറങ്ങിയിട്ടും പ്രയോജനം ഇല്ലാത്തതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളി ജീവനൊടുക്കി. വടക്കേക്കര പഞ്ചായത്ത് മാല്യങ്കര കോയിക്കല്‍ സജീവനാണ് (57) മരിച്ചത്. ആകെയുള്ള നാല് സെന്റ് ഭൂമി തരംമാറ്റി ലഭിക്കാനായി വില്ലേജ് ആര്‍ഡിഒ ഓഫീസുകളില്‍ കയറി ഇറങ്ങിയിട്ടും ലഭിക്കാത്തിനെ തുടര്‍ന്ന് സ്വന്തം പുരയിടത്തിലെ മരക്കൊമ്പില്‍ ഇയാള്‍ തൂങ്ങി മരിക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. നാല് സെന്റ് വീട്ടിലാണ് സജീവനും കുടുംബവും താമസിച്ചിരുന്നത്. സ്വകാര്യ ചിട്ടി കമ്പനിയില്‍ വീടിന്റെ ആധാരം പണയപ്പെടുത്തി പണം എടുത്തിരുന്നു. അവിടത്തെ കാലാവധി കഴിയാറായപ്പോള്‍ വായ്പയ്ക്ക് മറ്റൊരു ബാങ്കില്‍ അപേക്ഷിക്കാന്‍ തീരുമാനിച്ചു. കടം വാങ്ങി ചിട്ടി കമ്പനിയില്‍ അടച്ച് ആധാരം തിരികെ വാങ്ങി. ഈ ആധാരം ബാങ്കില്‍ പണയത്തിനായി നല്‍കിയപ്പോഴാണ് ഡേറ്റാ ബാങ്കില്‍ സജീവന്റെ നാല് സെന്റ് നിലമായാണ് കിടക്കുന്നതെന്ന് കണ്ടത്.
തുടര്‍ന്ന് നിലം പുരയിടമാക്കി മാറ്റി കിട്ടാന്‍ മൂത്തകുന്നം വില്ലേജ് ഓഫീസ് മുതല്‍ പറവൂര്‍ താലൂക്ക് ഓഫീസ് ഫോര്‍ട്ട്കൊച്ചി ആര്‍ഡിഒ ഓഫീസ് എന്നിവിടങ്ങളില്‍ അപേക്ഷ നല്‍കുകയും പലതവണ കയറി ഇറങ്ങുകയും ചെയ്തു. ഒന്നര വര്‍ഷത്തോളം ഇത് മാറ്റി ലഭിക്കുന്നതിനായി ശ്രമിച്ചിട്ടും ഫലം ഇല്ലാതാവുകയും കട ബാധ്യത വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സജീവന് ആത്മഹത്യ ചെയ്തത്.
ഭാര്യയാണ് സജീവനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടത്തുന്നതിനിടെ വസ്ത്രത്തിനടിയില്‍നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിന്റെ വസ്ത്രത്തിലുണ്ടായിരുന്ന കത്തില്‍ പിണറായി സര്‍ക്കാരിനെ കുറ്റപ്പെടുത്തിയുള്ള പരാമര്‍ശം ഉണ്ടായിരുന്നതായി ബന്ധു പ്രശോഭ്, ഷിനില്‍, പഞ്ചായത്ത് അംഗം പി.എം. ആന്റണി എന്നിവര്‍ പറഞ്ഞു. വീഴ്ചയുണ്ടായ ഉദ്യോഗസ്ഥര്ക്കെതിരേ പരാതി നല്‍കുമെന്നും ബന്ധുക്കള്‍ അറിയിച്ചു.
അതേസമയം കത്തിലെ എഴുത്തില്‍ അവ്യക്തത ഉള്ളതിനാല്‍ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. ഭാര്യ: സതി. മക്കള്‍: നിഥിന്‍ദേവ്, അഷിതാദേവി. മരുമക്കള്‍: വര്‍ഷ, രാഹുല്‍. കോവിഡ് പരിശോധനയില്‍ പോസിറ്റീവാണെന്നു കണ്ടതിനെ തുടര്‍ന്ന് മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വെള്ളിയാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: