ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീന് ഇന്നവേഷന്‍ സെന്റര്‍ കേരളത്തില്‍ ആരംഭിക്കുന്നു. വജ്രത്തേക്കാള്‍ കാഠിന്യമുള്ളതും ഉരുക്കിനേക്കാള്‍ പതിന്മടങ്ങു ശക്തിയുള്ളതും കാര്‍ബണിന്റെ ഒറ്റപാളി ഗുണഭേദവുമായ ഗ്രാഫീന് ശാസ്ത്രസാങ്കേതിക മേഖലയില്‍ പുതിയ യുഗത്തിനു തുടക്കമിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിലിക്കണിനു പകരം വയ്ക്കാന്‍ മികച്ച വൈദ്യുതതാപ ചാലകമായ ഗ്രാഫീനാകുമെന്നും ആ മാറ്റം അടുത്ത തലമുറ ഇലക്ട്രോണിക്സിന്റെ നാന്ദി കുറിയ്ക്കുമെന്നും കരുതപ്പെടുന്നു. അതോടൊപ്പം ഊര്‍ജ്ജോല്പാദനത്തിലും വൈദ്യശാസ്ത്രത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഗ്രാഫീന് ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യകള്‍ക്ക് കഴിയുമെന്നു പ്രതീക്ഷിക്കുന്നു. ലോകമാകെ നടന്നു വരുന്ന അതിനൂതനമായ ഗ്രാഫീന് ഗവേഷണത്തില്‍ പങ്കു ചേരാനും സംഭാവനകള്‍ നല്‍കാനും ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിനു സാധിക്കുമെന്നത് അഭിമാനകരമാണ്.
അതോടൊപ്പം സംസ്ഥാനത്തിന്റെ ശാസ്ത്രഗവേഷണങ്ങള്‍ക്കും വ്യാവസായിക മേഖലയ്ക്കും പുതിയ കുതിപ്പു നല്‍കാനും ഈ സംരംഭത്തിനു സാധിക്കും. 86.41 കോടി രൂപ ചെലവില്‍ എറണാകുളത്ത് ആരംഭിക്കുന്ന ഇന്ത്യാ ഇന്നൊവേഷന് സെന്റര്‍ ഫോര്‍ ഗ്രാഫീന് പദ്ധതി കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയും സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ് ഫോര്‍ ഇലക്ട്രോണിക്സ് ടെക്നോളജിയും സംയുക്തമായാണ് നടപ്പാക്കുന്നത്. ടാറ്റ സ്റ്റീല്‍ ആണ് പദ്ധതിയിലെ പ്രധാന വ്യവസായ പങ്കാളി. അതോടൊപ്പം വ്യവസായ മേഖലയില്‍ നിന്നുള്ള നിരവധി മറ്റു കമ്പനികളും ഇന്നവേഷന്‍ സെന്ററിനു പിന്തുണ നല്കി പ്രവര്‍ത്തിക്കും.
പദ്ധതി വിഹിതത്തില്‍, കേന്ദ്ര സര്‍ക്കാര്‍ 49.18 കോടി രൂപയും വ്യവസായ പങ്കാളികള്‍ 11.48 കോടി രൂപയും നല്‍കും. പദ്ധതിയ്ക്കാവശ്യമായ സ്ഥലവും കെട്ടിടങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കും. ഇന്ത്യയില്‍ ഗ്രാഫീന് ഉല്പന്നങ്ങള് വികസിപ്പിക്കുന്നതിനായി നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇന്ത്യാ ഇന്നൊവേഷന് സെന്റര്‍ ഫോര്‍ ഗ്രാഫീന് വഴി സാധിക്കും.
എന്താണീ ഗ്രാഫീന്?
ലോകത്തിലെ ഏറ്റവും കനം കുറഞ്ഞതും വൈദ്യുതപരവും താപപരവുമായ ചാലക പദാര്‍ത്ഥമാണിത്, അതേസമയം വഴക്കമുള്ളതും സുതാര്യവും അവിശ്വസനീയമാംവിധം ശക്തവുമാണ്. ഊര്‍ജ്ജത്തിലും വൈദ്യശാസ്ത്ര ലോകത്തും അതിവിപുലമായ സാധ്യതകള്‍ കാരണം ഗ്രാഫീന് ഒരു അത്ഭുത വസ്തു എന്നും അറിയപ്പെടുന്നു. മുടിനാരിന്റെ പത്തുലക്ഷത്തില്‍ ഒരു ഭാഗം മാത്രം കട്ടിയും എന്നാല്‍ ഉരുക്കിനേക്കാള്‍ 200 മടങ്ങ് ഉറപ്പുമുള്ള അദ്ഭുത വസ്തുവാണ് ഗ്രാഫീന്. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ വെച്ച് റഷ്യന്‍ ശാസ്ത്രജ്ഞരായ ആന്ദ്രേ ഗെയിം, കോണ്സ്റ്റന്റൈന് നൊവോസെലോവ് എന്നിവര്‍ ചേര്‍ന്ന് 2004ല്‍ ആണ് ഗ്രാഫീന് വേര്‍തി രിച്ചെടുത്തത. ഇതിനവര്‍ക്ക് 2010ല്‍ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്ക്കാരം ലഭിക്കുകയുമുണ്ടായി.
കായികോപകരണങ്ങളുടെ നിര്‍മാണത്തിലും, വൈദ്യശാസ്ത്രരംഗത്തും, നാനോ ടെക്നോളജിയിലും, മൊബൈല്‍ ഫോണുകളിലും, സപേ്സ് ടെക്നോളജിയിലും, ക്യാമറകളിലുമെല്ലാം ഇനി ഗ്രാഫീന് വിപ്ലവത്തിന്റെ നാളുകളാണ് വരാന്‍ പോകുന്നത്.എല്‍.ഇ.ഡി. ബള്‍ബുകളേക്കാള്‍ പത്തുശതമാനം കുറവ് വൈദ്യുതി ഉപയോഗിക്കുന്നവയാണ് ഗ്രാഫീന് കോട്ടിംഗ് ഫിലമെന്റുള്ള ബള്‍ബുകള്‍. ഇവയുടെ ആയുസ് എല്‍.ഇ.ഡി. ബള്‍ബുകളേക്കാള്‍ ഏറെ കൂടുതലും നിര്‍മ്മാണച്ചലവ് കുറവുമാണ്.
ഒരു ആറ്റത്തിന്റെ മാത്രം കട്ടിയുള്ള, തേനീച്ചക്കൂടുപോലെ ഇടതൂര്‍ന്ന ക്രിസ്റ്റലിക ഘടനയുള്ള ദ്വിമാന കാര്‍ബണ്‍ ആറ്റങ്ങളുടെ ഒരു പരന്ന പാളിയാണ് ഗ്രാഫീന്. ഗ്രാഫൈറ്റ് എന്ന പേരിനൊപ്പം ഇരട്ട ബന്ധനമുള്ള കാര്‍ബണ്‍ സംയുക്തങ്ങളെ സൂചിപ്പിക്കുന്ന ‘ഈന്’ എന്ന പദം കൂട്ടിച്ചേര്‍ത്താണ് ഗ്രാഫീന് എന്ന പേര് സൃഷ്ടിച്ചിരിക്കുന്നത്. ഗ്രാഫീന് ഷീറ്റിന്റെ ഘടന ഇനിയും മനസ്സിലായില്ലെങ്കില്‍ കോഴിക്കൂട് നിര്‍മ്മിക്കാനുപ യോഗിക്കുന്ന ഷഡ്കോണ കണ്ണികളുള്ള ഒരു വല സങ്കല്പ്പിച്ചാല് മതിയാകും. പല ഗ്രാഫീന് പാളികള്‍ ഒന്നിനുമേല്‍ ഒന്നായി അടുക്കിയതാണ് സാധാരണ ഗ്രാഫൈറ്റിന്റെ (പെന്‍സില്‍ ലെഡ്)ക്രിസ്റ്റലിക ഘടന. ഷഡ്കോണ ആകൃതിയില്‍ ആറ് കാര്‍ബണ്‍ ആറ്റങ്ങള്‍ തമ്മില്‍ ബന്ധനത്തിലിരിക്കുന്ന ഒരു ഘടനയുടെ അനന്തമായ ആവര്‍ത്തനമാണ് ഗ്രാഫീന് പാളിയില്‍ കാണാന്‍ കഴിയുന്നത്.ഒരു ആറ്റത്തിന്റെ മാത്രം കനമുള്ളതുകൊണ്ടും കാര്‍ബണ്‍ ആറ്റങ്ങള്‍ തമ്മിലുള്ള ബന്ധന അകലം 0.142 നാനോമീറ്റര്‍ മാത്രം ആയതുകൊണ്ടും ഏതാണ്ട് 70 ലക്ഷം ഗ്രാഫീന് ഷീറ്റുകള്‍ ഒന്നിനുമുകളില്‍ ഒന്നായി അടുക്കിയാലും അതിന് ഒരു മില്ലിമീറ്റര്‍ കനമേ ഉണ്ടാകൂ. കാര്‍ബണിന്റെ മറ്റു രൂപങ്ങളായ കല്‍ക്കരി, കാര്‍ബണ്‍ നാനോട്യൂബുകള്‍, ഫുള്ളറിന് തന്മാത്രകള് എന്നിവയുടെ ഏറ്റവും മൗലികമായ ഘടനാ ഏകകമാണ് ഗ്രാഫീന്. ഗ്രാഫീനുമായി ബന്ധപ്പെട്ട ഗവേഷണത്തിന് നൊബേല്‍ പുരസ്ക്കാരം ലഭിച്ച ആന്ദ്രേ ഗെയിമും, നൊവോസെലോവും നല്കുന്ന നിര്‍വചനം ഇതാണ്. ‘ഇടതൂര്‍ന്ന് അടുക്കപ്പെട്ട കാര്‍ബണ്‍ ആറ്റങ്ങളുടെ, ദ്വിമാന ജാലികാ ഘടനയുള്ള, തേനീച്ചക്കൂടിനെ അനുസ്മരിപ്പിക്കുന്ന ഒരു പരന്ന ഏകപാളിയാണ് ഗ്രാഫീന്’. മറ്റു മാനങ്ങളിലുള്ള ഗ്രാഫൈറ്റിക പദാര്‍ത്ഥങ്ങളുടെയെല്ലാം മൗലിക രൂപഘടനയാണിത്. ഗ്രാഫീനെ ഉരുട്ടിയെടുത്താല്‍ ഫുള്ളറീനുകളും, ഏകമാനത്തില്‍ ചുരുളാക്കിയാല്‍ കാര്‍ബണ്‍ നാനോ ട്യൂബുകളും, ത്രിമാനത്തില്‍ അടുക്കിവച്ചാല്‍ ഗ്രാഫൈറ്റും ആകും.
ഇലക്ട്രോണിക് ഗുണങ്ങള്‍
ഊര്‍ജവും, തരംഗസംഖ്യയും അങ്കങ്ങളായി രേഖപ്പെടുത്തിയ ഒരു ത്രിമാന ഗ്രാഫില്‍ മുകളിലും താഴെയുമായി തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ നില്ക്കുന്ന, ഊര്‍ജ സ്പെക്ട്രത്തെ പ്രതിനിധീകരിക്കുന്ന, ആറു കോണുകള്‍ തീര്‍ക്കുന്ന സാങ്കല്പിക ത്രിമാന പ്രതലത്തിലാണ് ഗ്രാഫീന്റെ ഫെര്‍മി തല ഊര്‍ജം കാണപ്പെടുന്നത്. ഫലത്തില്‍ ഈ ആറു ബിന്ദുക്കളില്‍ ഇലക്ട്രോണുകള്‍ക്കും, സുഷിരങ്ങള്‍ക്കും ഡിറാക് സമീകരണം അനുസരിക്കുന്ന കണികകളായി വര്‍ത്തിക്കാം. ഇങ്ങനെ വര്‍ത്തിക്കുന്ന ഇലക്ട്രോണുകളെയും സുഷിരങ്ങളെയും ഡിറാക് ഫെര്‍മിയോണുകള്‍ എന്നു വിളിക്കാം.
ഗ്രാഫീന് ബള്‍ബുകള്‍
അത്യസാധാരണയായ ഉയര്‍ന്നബലം, താപചാലകത, വിദ്യുത് ചാലകത മുതലായ ഗുണ ധര്‍മ്മങ്ങള്‍ കാരണം ഗ്രാഫീന് പാളികള്‍ അനേകം സാങ്കേതിക സാധ്യതകള്‍ നല്‍കുന്നുണ്ട്. ‘അത്ഭുതവസ്തു’വെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രാഫീന് ഉപയോഗിച്ചുള്ള ആദ്യ ഉത്പന്നം വിപണിയിലെത്തുന്നു. ഊര്‍ജക്ഷമതയേറിയ ലൈറ്റ് ബള്‍ബാണ് ഇപ്പോള്‍ വിപണി.യിലെത്തിയിരിക്കുന്നത്. മാഞ്ചെസ്റ്റര്‍ സര്‍വകലാശാലയില്‍ തന്നെയാണ് ഗ്രാഫീന് ഉപയോഗിച്ചുള്ള ലൈറ്റ് ബള്‍ബിനും രൂപം നല്‍കിയിരിക്കുന്നത്. ‘ഗ്രാഫീന് ലൈറ്റിങ്’എന്ന കമ്പനിയാണ് ഗ്രാഫീന് ബള്‍ബുകള്‍ വിപണിയിലെത്തിക്കുന്നത്. കനേഡിയന്‍ നിക്ഷേപകരുടെ പിന്തുണയോടെയാണ് പുതിയ സംരംഭം ്. ഗ്രാഫീന് ബള്‍ബുകള്‍ കുറച്ച് ഊര്‍ജ്ജം മാത്രമേ വികിരണം ചെയ്യുകയുള്ളു. അവ കൂടുതല്‍ കാലം നിലനില്ക്കും. നിര്‍മ്മാണച്ചിലവ് കുറവായിരിക്കുകയും ചെയ്യും. ഇതൊക്കെയാണ് യൂണിവേഴ്സിറ്റിയിലെ ഗവേഷകസംഘം ഉറപ്പുതരുന്നത്. ഗ്രാഫീന് സുതാര്യവും കൂടുതല്‍ പ്രകാശം തരുന്നതുമാണ്. കൂടുതല്‍ ചൂടുത്പാദിപ്പിക്കാതെ, കൂടുതല്‍ വൈദ്യുതി ഉപയോഗിക്കാതെ കൂടുതല്‍ പ്രകാശം നല്കുന്നതിനാല് തന്നെ ഗ്രാഫീന് ബള്‍ബുകള്‍ പരിസ്ഥിതി സൗഹൃദപരവുമാണ്. ഗ്രാഫീന് ബള്‍ബുകള്‍ ഉപയോഗിച്ചാല്‍ ഊര്‍ജ്ജ ഉപഭോഗം പത്തുശതമാനമായി കുറയ്ക്കാനാകുമെന്ന് ഇതിന്റെ ഉപജ്ഞാതാക്കള്‍ പറയുന്നു. സ്ഥാപനത്തിന് എന്‍ജിനീയറിംഗ് ആന്റ് ഫിസിക്കല്‍ സയന്‍സസ് റിസര്‍ച്ച് കൗണ്‍സിലും യൂറോപ്യന്‍ റീജിയണല്‍ ഡവലപ്മെന്റ് ഫണ്ടും പങ്കാളികളാവുകയും സാമ്പത്തികസഹായം നല്‍കുകയും ചെയ്യുന്നുണ്ട്. ഇതു കൂടാതെ മുപ്പത്തഞ്ചിലധികം കമ്പനികളും പങ്കാളികളായിക്കഴിഞ്ഞു. ഇതെല്ലാം ഈ ഉല്പന്നം അതിവേഗം വ്യാപകമായി മാര്‍ക്കറ്റിലെത്തിക്കാന്‍ സഹായകമാകും.
ഗ്രാഫീന് വിപ്ലവം ഒരു വൈദ്യുതീ വിളക്കില്‍ മാത്രമായി ഒതുങ്ങുന്നില്ല. കായികോപകരണങ്ങളുടെ നിര്‍മാണത്തിലും, വൈദ്യശാസ്ത്രരംഗത്തും, നാനോ ടെക്നോളജിയിലും, മൊബൈല്‍ ഫോണുകളിലും, സപേസ് ടെക്നോളജിയിലും, ക്യാമറകളിലുമെല്ലാം ഇനി ഗ്രാഫീന് വിപ്ലവത്തിന്റെ നാളുകളാണ് വരാന്‍പോകുന്നത്.
വാഹനങ്ങളില്‍ ഗ്രാഫീന്
ഗ്രാഫീനെ പ്ലാസ്റ്റിക്കോ ഇപ്പോക്സിയോ പോലുള്ള ഖര വ്സതുക്കളുമായി സംയോജിപ്പിച്ചാല്‍ തീരെ ഭാരമില്ലാത്തതും എന്നാല്‍ സ്റ്റീലിന്റെ നൂറിരട്ടിയോളം ബലവുമുള്ളതുമായ ഉല്പന്നങ്ങളുണ്ടാക്കാമെന്നത് ഇതിനെ കാറുകള്‍, വിമാനങ്ങള്‍, റോക്കറ്റ്, സാറ്റലൈറ്റുകള്‍ തുടങ്ങിയവയില്‍ ഉപയോഗയോഗ്യമാക്കുന്നു. ചൂടുതാങ്ങാനുള്ള പ്ലാസ്റ്റിക്കുകളുടെ കഴിവും ഗ്രാഫീന് സങ്കലനം വഴി വര്‍ദ്ധിപ്പിക്കാം.
ഗ്രാഫീനും ഇലക്ട്രോണിക്സ് വ്യവസായവും
സാധാരണ നിലയിലെ ഗ്രാഫീന് ഷീറ്റ് വൈദ്യുതി കടത്തിവിടുന്നതില്‍ വളരെ പിശുക്കു കാണിക്കുമെങ്കിലും യഥാവിധി ഡോപ്പിംഗ് ചെയ്ത് വൈദ്യുതി കടത്തിവിടാന്‍ പാകപ്പെടുത്തിയാല്‍ വളരെ മികച്ച ഊര്‍ജ്ജക്ഷമതയുള്ള ഒരു വിദ്യുത്ചാലകമാകുമിത്. ഇങ്ങനെ തയ്യാറാക്കപ്പെട്ട ഗ്രാഫീനെ പ്ലാസ്റ്റിക്കുമായി സംയോജിപ്പിച്ചാല്‍ ലോഹ ഭാഗങ്ങളൊന്നുമില്ലാതെ തന്നെ വൈദ്യുതി കടത്തി വിടുന്ന വസ്തുക്കളെ ഉണ്ടാക്കാന്‍ നമുക്കാവും. ഇലക്ട്രോണിക്സ് രംഗത്ത് ഇതുണ്ടാക്കാന്‍ പോകുന്ന ഭൂകമ്പം ചില്ലറയല്ലെന്ന് ഊഹിക്കാമല്ലോ. ഇന്നത്തെ കമ്പ്യൂട്ടറുകളിലും മറ്റുമുപയോഗിക്കുന്ന സിലിക്കോണ്അധിഷ്ഠിത ട്രാന്‍സിസ്റ്ററുകളെയും ഗ്രാഫീന്അധിഷ്ഠിത ട്രാന്സിസ്റ്ററുകള് സമീപഭാവിയില്‍ തന്നെ പിന്തള്ളും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഗ്രാഫീന് ഏറ്റവും ഉയര്‍ന്ന ചലനാത്മകതയുള്ള സെമി കണ്ടക്ടറുകളേക്കാള്‍ വിനിമയ വേഗത കൈവരിക്കാനാവുമെന്ന് കൊളംബിയ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ തെളിയിച്ച് കഴിഞ്ഞു. ഇത് വേഗത കൂടിയ ചിപ്പുകളുടെ നിര്‍മ്മാണത്തിന് വഴി തെളിക്കും. കമ്പ്യൂട്ടറുകളുടേയും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുടേയും വേഗതയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുവാനിതിനാകുമെന്നാണ് ഗവേഷക ലോകം വിശ്വസിക്കുന്നത്.
ബാറ്ററിയിലും ഗ്രാഫീന്
കൂടുതല്‍ നേരം ചാര്‍ജ് നിലനിര്‍ത്താന്‍ ബാറ്ററിക്കുള്ളിലെ രാസഘടകങ്ങള്‍ മാറ്റുന്നതിനെക്കുറിച്ചും ഗവേഷണങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഗ്രാഫീന് എന്ന അദ്ഭുത വസ്തുവിനെ അടിസ്ഥാനമാക്കിയാണിത്. കാര്‍ബണ്‍ ആറ്റങ്ങള്‍ നിറഞ്ഞിട്ടുള്ള ഗ്രാഫീന് ഭാരം തീരെ കുറവാണ്. മികച്ചൊരു ചാലക ശക്തിയായ ഗ്രാഫീന് ഏറെ നേരം ചാര്‍ജ് വഹിക്കാനുമാകും. സ്റ്റീലിനേക്കാള്‍ നൂറിരട്ടി കരുത്തുള്ള ഗ്രാഫീന് വേഗത്തില്‍ വൈദ്യുതി കടത്തി വിടാനുമാകും. അതു കൊണ്ടു തന്നെ ബാറ്ററിക്കുള്ളില്‍ ഗ്രാഫീന് ഉപയോഗിച്ചാല്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ അത് ഫുള്‍ചാര്‍ജ് ആകുമെന്നുറപ്പ്. റബ്ബറിനേക്കാള്‍ ഇലാസ്തികതയുമുണ്ട് ഗ്രാഫീന്. വരും കാലത്ത് ഒടിച്ചുമടക്കാവുന്ന സ്മാര്‍ട്ഫോണുകള്‍ വരുമ്പോള്‍ അതിനുള്ളില്‍ ഗ്രാഫീന് ബാറ്ററികളായിരിക്കുമെന്നതില്‍ സംശയം വേണ്ട.
ഒപ്റ്റിക്കല്‍ ഇലക്ട്രോണിക്സ്
ആറ്റങ്ങളുടെ ഒറ്റപ്പാളി മാത്രമുള്ളതിനാല്‍ ഗ്രാഫീനു പ്രകാശത്തെ മുഴുവനായും കടത്തിവിടാം. മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളിലെ ടച്ച് സ്ക്രീനുകള്‍, സോളാര്‍ സെല്ലുകള്‍ തുടങ്ങിയവയില്‍ ഈ ഗുണങ്ങള്‍ അത്യധികം പ്രയോജന പ്രദമാണ്. ഇപ്പോള്‍ ഇന്‍ഡിയം ടിന് ഓക്സൈഡ് ഉപയോഗിക്കുന്ന സ്ഥാനത്താണ് ഗ്രാഫീന് ഉപയോഗിക്കുവാന്‍ കഴിയുക. ഇന്‍ഡിയം ടിന് ഓക്സൈഡ് വില കൂടിയ വസ്തുവാണ്. ഒപ്റ്റിക്കല്‍ ഫൈബര്‍ കോബിളുകള്‍ ഇപ്പോള്‍ത്തന്നെ വാര്‍ത്താ വിനിമയ രംഗത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഗ്രാഫീന്റെ ഉപയോഗം ഇവിടെ വേഗത ഇനിയും കൂട്ടുവാന്‍ ഉപകരിക്കും.
വൈദ്യശാസ്ത്രവും ഗ്രാഫീനും
ലോഹപ്രതലങ്ങളില്‍ ഗ്രാഫീന് പാളികള്‍ വച്ച് പിടിപ്പിച്ചാല്‍ സമര്‍ത്ഥങ്ങളായ കോമ്പോസിറ്റുകള്‍ ഉണ്ടാക്കുവാന്‍ സാധിക്കും. ഇത് കൃത്രിമ അവയവ നിര്‍മ്മാണത്തില്‍ ഏറെ മാറ്റങ്ങള്‍ വരുത്തും. ഭാരം കുറഞ്ഞതും എന്നാല്‍ ബലവത്തായതുമായ ശരീറ ഭാഗങ്ങള്‍ നിര്‍മ്മിക്കുവാന്‍ ഇത് മൂലം കഴിയും.
അയഡിനോ മാംഗനീസോ ചേര്‍ത്ത ഗ്രാഫീന് നാനോ പാര്‍ട്ടിക്കിളുകള്‍ സി റ്റി സ്കാനില്‍ കോണ്ട്രാസ്റ്റ് ഏജന്റായി ഉപയോഗിക്കുവാന്‍ കഴിയും. ഇത് വിഷ രഹിതമായതിനാല്‍ വൈദ്യശാസ്ത്ര രംഗത്ത് ഉത്തമമാണ്.
കോണ്ടം നിര്‍മ്മിക്കുവാനും ഗ്രാഫീന്
സ്വാഭാവിക റബറും കാര്‍ബണ്‍ അധിഷ്ഠിത ഗ്രാഫീനും സംയോജിപ്പിച്ച് നിര്‍മിക്കുന്ന ഗര്‍ഭ നിരോധന ഉറയുടെ നിര്‍മ്മാണത്തിലാണ് എച്ച് എല്‍ എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് ലൈംഗിക സംതൃപ്തിയും ഗര്‍ഭ നിരോധന ഉറയുടെ മൂല്യവും വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രാഫീന് അധിഷ്ഠിത പോളിമര്‍ സംയുക്തങ്ങളില്‍ ഉയര്‍ന്ന ചൂട് കടത്തിവിടുന്നതിനും സംവേദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഔഷധഗുണം നല്‍കുന്നതുമായ മാതൃകാ കോണ്ടം നിര്‍മ്മിക്കുന്നതിനുള്ള പരീക്ഷണമാണ്. ഗവേഷണത്തിന്റെ ആദ്യ ഘട്ടമാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡിലെ ഡോ. ലക്ഷ്മി നാരായണന് രഘുപതിയുടെ നേതൃത്വത്തിലുള്ള സംഘം വിജയകരമായി പൂര്‍ത്തീകരിച്ചത്. ഈ പദ്ധതിക്ക് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ 6.43 കോടി രൂപയുടെ ഗ്രാന്റ് അവാര്‍ഡ് ലഭിച്ചു. രണ്ടാം ഘട്ടത്തിലെ നിക്ഷേപം ഗ്രാഫീന് മിശ്രിത സ്വാഭാവിക റബറധിഷിഠിത കോണ്ടത്തിന്റെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കുവാനാണ് എച്ച്എല്‍എല്‍ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ അവസാനത്തോടെ മധ്യദക്ഷിണ ആഫ്രിക്കന്‍ രാജ്യങ്ങളിലുള്‍പ്പെടെ ലോകമെമ്പാടും ഗ്രാഫീന് കോണ്ടത്തിന്റെ വിപണനം തുടങ്ങാമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
പ്രിന്റര്‍ പൗഡര്‍
2015 ല്‍ ഗ്രാഫീന് ചേര്‍ത്ത ഒരു പ്രിന്റിങ്ങ് പൗഡര്‍ വിപണിയിലിറങ്ങുകയുണ്ടായി. ഇത് പെയിന്റ്, ലൂബ്രിക്കേറ്റിങ്ങ് ഓയില്‍, 3 ഡി പ്രിന്റിങ്ങ് മെറ്റീരിയലുകള്‍, കപ്പാസിറ്ററുകള്‍ തുടങ്ങിയിവയില്‍ ഉപയോഗിക്കുവാന്‍ കഴിയും. ശാസ്ത്രജ്ഞര്‍ പറയുന്നത് ഗ്രാഫീന് ഒരു ലൂബ്രിക്കന്റായി ഉപയോഗിക്കുവാന്‍ കഴിയുമെന്നാണ്.
വെള്ളം ശുദ്ധീകരിക്കുവാനും ഗ്രാഫീന്
ഗ്രാഫിന് ഓക്സൈഡുകള്‍ക്ക് വെള്ളം ശുദ്ധിയാക്കുവാനുള്ള കഴിവ് വ്യാവസായിക രംഗത്ത് വ്യാപകമായി ഉപയോഗിക്കുവാന്‍ കഴിയും. ഗ്രാഫീനെ ഒരു അള്‍ട്രാ ഫില്ട്ടറേഷന് മീഡിയം ആയി ഉപയോഗിക്കുവാന്‍ കഴിയും. അതിനാല്‍ത്തന്നെ വ്യവസായ ശാലകളിലും മറ്റും ഉപയോഗിക്കുന്ന ഫില്‍റ്ററുകളില്‍ കാതലായ മാറ്റം പ്രതീക്ഷിക്കാം.ഉപ്പ് വെള്ളം ശുദ്ധീകരിക്കുവാന്‍ ഇപ്പോഴുപയോഗിക്കുന്ന മാര്‍ഗ്ഗമായ റിവേഴ്സ് ഓസ്മോസിനേക്കാള്‍ ചിലവ് കുറച്ച് ഗ്രാഫീന് ഉപയോഗിച്ച് കടല്‍ വെള്ളം ശുദ്ധീകരിക്കുവാന്‍ സാധിക്കും.
വില കുറഞ്ഞ ഫ്യൂവല്‍ സെല്ലുകള്‍
ഹാലജന്‍ ആറ്റങ്ങള്‍ (ക്ലോറിന്‍, ബ്രോമിന്, അയഡിന്‍ പോലുള്ള) ചേര്‍ത്ത (ഗ്രാഫീന് നാനോ പ്ലേറ്റുകള്‍ ഉപയോഗിച്ചാല്‍ ഫ്യൂവല്‍ സെല്ലുകളിലെ ചിലവേറിയ പ്ലാറ്റിനം കാറ്റലറ്റിക് സെല്ലുകള്‍ മാറ്റുവാന്‍ കഴിയും. ഇത് വഴി ഫ്യൂവല്‍ സെല്ലുകള്‍ കുറഞ്ഞ ചിലവില്‍ ഉല്പ്പാദിപ്പിക്കുവാന് സാധിക്കും.
പ്ലാറ്റിനം ഇല്ലാതെ ഹൈഡ്രജന്‍
ഗ്രാഫീനും കോബാള്‍്ട്ടും കൂടി ചേര്‍ത്താല്‍ ലഭിക്കുന്ന ഉല്പ്രേരകം ഉപയോഗിച്ച് പ്ലാറ്റിനം ഉപയോഗിക്കാതെ തന്നെ ജലത്തില്‍ നിന്നും ഹൈഡ്രജനെ വേര് തിരിക്കുവാന്‍ കഴിയും. നാളത്തെ ഇന്ധനമായി വിലയിരുത്തപ്പെടുന്ന ഹൈജ്രജന്‍ കുറഞ്ഞ ചിലവില്‍ ഉല്പ്പാദിപ്പിക്കുവാന് കഴിഞ്ഞാല്‍ അത് വ്യവസായ മേഖലക്ക് നല്കുന്ന കുതിപ്പ് വളരെ വലുതായിരിക്കും.
സിലിക്കണ്‍ പോലെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു വസ്തുവായി ഗ്രാഫീന് മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആയതിനാല്‍ വ്യാവസായിക ലോകത്ത് നിരവധി മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. പ്രത്യേകിച്ചും ഇലക്ട്രോണിക്സ് അതിഷ്ഠിത വ്യാവസായിക രംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: