ധര്‍മ്മപുത്രന്റെ വാക്കുകള്‍ കേട്ട ഭീഷ്മന്‍ പറഞ്ഞു, ”ഞാന്‍ ജീവിച്ചിരിക്കെ യുദ്ധത്തില്‍ എന്നെ ആരും ജയിക്കില്ല. ഇതു സത്യമാണ്. എന്നോട് എതിര്‍ത്തു ജയിച്ചാല്‍ അതു ജയമാണ് പാണ്ഡുപുത്രരേ! ജയം വേണമെങ്കില്‍ എന്നെ യുദ്ധത്തില്‍ നേരിട്ടു പ്രഹരിക്കുക. പാര്‍ത്ഥരേ! ഞാനിതാ സമ്മതം തരുന്നു, യഥാസുഖം പ്രഹരിക്കുക. ഇതേ നടപ്പുള്ളു. ഞാന്‍ തീര്‍ന്നാല്‍ ഒക്കെയും തീര്‍ന്നു. അതുകൊണ്ട് ഇതുചെയ്യുക.”
യുധിഷ്ഠിരന് പറഞ്ഞു, ”പിതാമഹ! പോരില്‍ ദണ്ഡേന്തിനില്ക്കുന്ന, യമനെപ്പോലെ യുദ്ധത്തില്‍ നില്ക്കുന്ന അങ്ങയെ ജയിക്കാന്‍ എന്താണുപായമെന്നു പറഞ്ഞാലും.”ഭീഷ്മന്‍ പറഞ്ഞു, ”നീ പറഞ്ഞത് നേരാണ്. ഇന്ദ്രാദി ദേവകള്‍ക്കും ഞാന്‍ പോരില്‍ അശക്യനാണ്. എന്നാല്‍ ശസ്ത്രം താഴെവെച്ചുനില്ക്കുന്ന എന്നെ ഈ പോരില്‍ മഹാരഥര്‍ വീഴ്ത്തും. ശസ്ത്രംവെച്ചവന്, ഉഴലുന്നവന്, നിന്നാള് എന്നു പറയുന്നവന്, പെണ്ണായവന്‍, പെണ്ണിന്റെപേരുള്ളവന്, വികലാംഗന്, ഏകപുത്രന്, നീചന് എന്നിവരില്‍ എനിക്കു യുദ്ധം രസമല്ല. ഹേ രാജേന്ദ്ര! അമംഗളനെ കണ്ടാല്‍ ഞാന്‍ നിശ്ചയമായും യുദ്ധം ചെയ്യില്ലെന്നു മുമ്പേ കല്പിച്ച നിശ്ചയമാണ്. നിന്റെ സൈന്യത്തിലെ മഹാരഥനായ, ആരെയും പോരില്‍ ജയിക്കുന്നവനായ, ഇപ്പോള്‍ ആണായിത്തീര്ന്ന, നിങ്ങള്‍ക്ക് ആ കഥ അറിയാവുന്ന, ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി പോരില്‍ ശൂരനായ അര്ജുനന് എന്നോടെതിര്ക്കട്ടെ. എന്നോടെതിര്‍ക്കുന്ന പൂര്വനാരിയായ ശിഖണ്ഡിയില്‍ ഞാന്‍ അമ്പെടുത്തു പ്രഹരിക്കില്ല. ആ അവസരം കണ്ട് പാണ്ഡുപുത്രനായ അര്ജുനന് എന്നെ അതിവേഗം ശരങ്ങളാല്‍ ഹനിക്കട്ടെ യുധിഷ്ഠിരാ! കൃഷ്ണനും അര്ജുനനുമൊഴികെ മറ്റാര്‍ക്കും ഞാന്‍ വധ്യനല്ല. ശരവും വില്ലുമേന്തി നില്ക്കുന്ന ആ ബീഭത്സു എന്നെ വീഴ്ത്തട്ടെ. എന്നാല്‍ നിനക്കു ജയം കിട്ടും. ഇങ്ങനെ ചൊന്നമാതിരി ചെയ്യൂ കൗന്തേയ! എന്നാല്‍ നീ പോരില്‍ കൗരവരെ ജയിക്കും.’ മാന്യനായ കുരുപിതാമഹനെ കൂപ്പിത്തൊഴുത് എല്ലാവരും സ്വന്തം ശിബിരത്തിലേക്ക് നടന്നു. പരലോകത്തേക്ക് പോകാനൊരുങ്ങി ഭീഷ്മപിതാമഹന് ഇങ്ങനെ പറഞ്ഞതുകേട്ട അര്ജുനന് സങ്കടപ്പെട്ടുകൊണ്ടു പറഞ്ഞു, ”കുരുവൃദ്ധനും ഗുരുവുമായ പിതാമഹനുമായി പോരില്‍ ഞാന്‍ എങ്ങനെ ഏറ്റുമുട്ടും കൃഷ്ണാ! പൊടിയേറ്റ ശരീരത്തോടെ ആ ഭീഷ്മപിതാമഹന്റെ മടിയില്ക്കേറി ബാലനായ ഞാന്‍ അച്ഛാ എന്നു വിളിച്ചപ്പോള്‍ ‘ഉണ്ണീ! നിന്റെ അച്ഛനല്ല, അച്ഛന്റെയച്ഛന്‍’ എന്നു പറഞ്ഞുതന്ന ആ പിതാമഹനെ ഞാന്‍ എങ്ങനെ കൊല്ലും മാധവ! സൈന്യം മുടിഞ്ഞാലും പൂജ്യനായ അവനോട് ഞാന്‍ പൊരുതില്ല. ജയമായാലും വധമായാലും കൊള്ളാം. എന്നാലും എന്താണു നിന്റെ അഭിപ്രായം കൃഷ്ണാ!”
കൃഷ്ണന് ഇങ്ങനെ പറഞ്ഞു, ”ക്ഷത്രധര്‍മ്മസ്ഥനായ നീ പോരില്‍ ഭീഷ്മവധം ശപഥം ചെയ്തിരുന്നു. പിന്നെന്തുകൊണ്ട് നീ കൊല്ലുന്നില്ല? ഗര്‍വിഷ്ഠനായ ഈ ക്ഷത്രവീരനെ പാര്‍ത്ഥ! നീ വീഴ്ത്തുക. ഗാംഗേയനെ വധിക്കാതെ നിനക്കു ജയം നേടാനാവില്ല. ഉറപ്പായിട്ടും നീ ഭീഷ്മനെ കൊല്ലുക. എന്റെ വാക്കു കേള്‍ക്കുക. മഹാബുദ്ധിമാനായ ബൃഹസ്പതി പണ്ട് ദേവേന്ദ്രനോട് ഇങ്ങനെ പറഞ്ഞു, ‘മൂത്തവനായ വൃദ്ധനെയും ഗുണമുള്ളവനെയും തന്നെക്കൊല്ലാനെതിര്ക്കുമ്പോള് കൊന്നുവീഴ്ത്താമെന്ന്.’ യുദ്ധവും രക്ഷയും പിന്നീട് ഈര്ഷ്യവിട്ടു ചെയ്യുന്ന യജ്ഞവും ക്ഷത്രിയര്‍ക്ക് ശാശ്വതമായ ധര്‍മ്മമാണ്.”
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: