കരുനാഗപ്പള്ളി: അതിദരിദ്രരെ കണ്ടെത്താനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. ജില്ലയിലാകെ 4,841 കുടുംബങ്ങളുടെ മുന്‍ഗണനാ പട്ടികയാണ് തയ്യാറായത്. കൊവിഡ് വ്യാപനത്തിന്റെ രൂക്ഷതയിലാണ് ലിസ്റ്റ് തയ്യാറാക്കാനുള്ള വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
ആദ്യഘട്ടത്തില്‍ 68 ഗ്രാമപ്പഞ്ചായത്തുകളിലെ 1,234 വാര്‍ഡുകളിലായി 5,950 കുടുംബങ്ങളുടെ പ്രാഥമിക പട്ടിക തയ്യാറാക്കി. അതില്‍നിന്ന് 4,441 കുടുംബങ്ങളുടെ പട്ടിക സബ്കമ്മിറ്റി അംഗീകരിച്ചു. വിശദമായ പരിശോധനയില്‍ 876 കുടുംബങ്ങളില്‍ സൂപ്പര്‍ പരിശോധനയും നടത്തി. മൊത്തം 3,950 കുടുംബങ്ങളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കി. കൊല്ലം കോര്‍പ്പറേഷനിലെയും നാലു നഗരസഭകളിലെയും 185 വാര്‍ഡുകളിലായി 1,107 കുടുംബങ്ങളുടെ പ്രാഥമിക പട്ടികയാണ് പിന്നീട് തയ്യാറാക്കിയത്.
1,083 കുടുംബങ്ങളുടെ പട്ടിക സബ്കമ്മിറ്റി അംഗീകരിക്കുകയും വിശദമായ പരിശോധന നടത്തുകയും ചെയ്തു. 216 കുടുംബങ്ങളില്‍ സൂപ്പര്‍ പരിശോധനയും നടത്തി. തുടര്‍ന്ന് 891 പേരുടെ മുന്‍ഗണനാപട്ടിക തയ്യാറാക്കി. ജില്ലയില്‍ ഗ്രാമപ്പഞ്ചായത്തുകളിലും നഗരസഭകളിലും കോര്‍പ്പറേഷനുകളിലുമായി ആകെ 1,419 വാര്‍ഡുകളിലെ 8,54,947 കുടുംബങ്ങളില്‍ നിന്നാണ് അതിദരിദ്രരുടെ കണക്കെടുത്തത്. മൊത്തം 7,057 കുടുംബങ്ങള്‍ പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെടുത്തി. 5,524 കുടുംബങ്ങളെ സബ്കമ്മിറ്റി അംഗീകരിക്കുകയും വിശദമായ പരിശോധനകള്‍ക്കുശേഷം 4,841 കുടുംബങ്ങളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: