ശാസ്താംകോട്ട: നെല്‍കൃഷിയെ ക്യാന്‍സര്‍ പോലെ കാര്‍ന്ന് തിന്നുന്ന വരിനെല്ലിന്റെ വ്യാപനം രൂക്ഷമായതോടെ കൊയ്ത നെല്ല് പാടത്ത് ഉപേക്ഷിച്ച് മടങ്ങുകയാണ് നെല്കൃഷിക്കാര്. കാഴ്ചയില്‍ നെല്ലുപോലെ തോന്നിക്കുന്ന മാരകമായ കളയാണിത്. കതിര് വന്ന് നെല്ല് കൊയ്യാന്‍ പാകമാകുമ്പോള്‍ മാത്രമാണ് കര്‍ഷകര്‍ കെടുതി തിരിച്ചറിയുന്നത്.
വരിനെല്ലിന്റെ വ്യാപനം തടയാനാകാതെ കൊല്ലത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന ശൂരനാട്ടാണ് കര്‍ഷകര്‍ നെല്‍കൃഷി ഉപേക്ഷിക്കുന്നത്. ശൂരനാട് തെക്ക് ആര്യാട്ടുതറ, താമരശ്ശേരി ഏലാകളിലാണ് വരിനെല്ല് വ്യാപിച്ചത്. ഈ ഏലാകളില്‍ മാത്രം 53 കര്‍ഷകരാണ് രണ്ടര മാസം പ്രായമായ നെല്‍കൃഷി ഉപേക്ഷിച്ചത്.
ശൂരനാട് തെക്ക്, വടക്ക് പഞ്ചായത്തുകളിലെ 750 ഏക്കറിലാണ് വരിനെല്ല് വ്യാപിച്ചത്. ആര്യാട്ടുതറ, താമരശ്ശേരി, ഓണമ്പള്ളി എന്നീ പാടശേഖരങ്ങളിലടക്കം ആയിരത്തോളം കര്‍ഷകര്‍ ഇതോടെ പ്രതിസന്ധിയിലായി. വരിനെല്ലിന്റെ ഇടയില്‍പ്പെട്ട് ഞാറുകള്‍ മൂടുകയും വളര്‍ച്ച മുരടിച്ച് വിളവ് കുറയുകയും ചെയ്യും. ഞാറിനെക്കാള്‍ ഒന്നരയടിയോളം ഉയര്‍ന്ന് വളരുന്ന വരിനെല്ല് ശാഖകളായി കതിരിട്ട് ഞാറുകള്‍ക്ക് മീതെ അടിയുന്നതോടെയാണ് കൃഷി നശിക്കുന്നത്. കളനെല്ല് നീക്കംചെയ്യാന്‍ പത്ത് തൊഴിലാളികളെ ഇരുപത് ദിവസം പാടത്തിറക്കിയിട്ടും ഫലമുണ്ടായില്ല. കളനീക്കാന്‍ വന്‍സമ്പത്തിക ചെലവ് വരുമെന്നതിനാല്‍ കര്‍ഷകര്‍ തീര്‍ത്തും വിഷമത്തിലായി.
ഏക്കറിന് കാല്‍ലക്ഷം രൂപ വരെ ചെലവിട്ടാണ് കൃഷിയിറക്കിയത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പാടശേഖരങ്ങളില്‍ കളനെല്ലിന്റെ ശല്യമുണ്ടായിരുന്നില്ല. എല്ലാവര്‍ഷവും കൊയ്ത്ത് കഴിയുന്നതോടെ കല്ലട ജലസേചന പദ്ധതിയുടെ കനാലുകള്‍ യഥാസമയം തുറന്ന് പാടങ്ങളില്‍ ഓരുവെള്ളം കയറ്റിയാല്‍ കളനെല്ലിനെ പ്രതിരോധിക്കാനാകുമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ടെങ്കിലും അതിന് ആരും മുന്‍കൈ എടുക്കുന്നില്ലന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. കുന്നത്തൂര്‍ താലൂക്കില്‍ ഒഴികെ എല്ലായിടത്തും കനാല്‍ ഇതിനകം തുറന്നു. വരള്‍ച്ചയായിട്ടും കുന്നത്തൂര്‍ താലൂക്കിലെ കനാലുകള്‍ തുറക്കാത്തതിനാല്‍ വാഴ അടക്കമുള്ള എല്ലാ വിളകളേയും വരള്‍ച്ച രൂക്ഷമായി ബാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: