കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് നിര്‍ണ്ണായക നീക്കവുമായി നടന് ദിലീപ് ഹൈക്കോതിയെ സമീപിച്ചു. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് ക്രൈംബ്രാഞ്ച് കേസില്‍ അന്വേഷണം നടത്തുന്നത്. വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്നും ദിലീപ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ആരോപിച്ചു.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണം. ഗൂഢാലോചനയാണ് കേസിന് പിന്നില്‍. കേസില്‍ തെൡവായി പറയുന്ന സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ഫോണ്‍ ഇപ്പോള്‍ സംവിധായകന് ബാലചന്ദ്രന്റെ പക്കല്‍ ഇല്ല. മൂന്നാമത്തെ ഉപകരണത്തിലാണ് ഈസംഭാഷണങ്ങള് ഇപ്പോഴുള്ളത്. കെട്ടിച്ചമച്ച തെളിവുകളാണ് അന്വേഷണ സംഘത്തിന്റെ പക്കലുള്ളത്.
ഈ ഗൂഢാലോചന കേസില്‍ കുടുംബാംഗങ്ങളേയും പ്രതി ചേര്‍ക്കുന്നു. അന്വേഷണ സംഘം വിചാരണക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ട് റദ്ദാക്കണം. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണം. വിചാരണ വൈകിപ്പിക്കാനാണ് പ്രോസിക്യൂഷന് ശ്രമിക്കുന്നത്. കേസ് നീണ്ടുപോകുന്നത് നീതീകരിക്കാനാവില്ല. ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും ദിലീപ് ഹൈക്കോടതിയില്‍ നല്കിയ പുതിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കാനാരിക്കേയാണ് ദിലീപ് പുതിയ നീക്കം നടത്തിയിരക്കുന്നത്. ഉച്ചക്ക് 1.45-നാണ് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുക. അന്വേഷണത്തിനോട് സഹകരിക്കാത്തതിനാല്‍ നടനേയും കേസിലെ മറ്റ് പ്രതികളേയും കസ്റ്റഡിയില്‍ വേണമെന്നതാണ് പ്രോസിക്യൂഷന്റെ ആവശ്യം. അതേസമയം ദിലീപിന്റെ രണ്ട് കേസുകളാണ് ഇന്ന് കോടതിയുടെ പരിഗണനയില്‍ വരുന്നത്. വധഗൂഢാലോചനക്കേസില്‍ ആലുവ മജിസ്ട്രേറ്റ് കോടതിയും വാദം കേള്‍ക്കും. അതുകൊണ്ട് തന്നെ ദിലീപിന് ഇന്നത്തെ ദിവസം നിര്‍ണ്ണായകമാണ്.
അതിനിടെ പുലര്‍ച്ചെ തന്നെ ആലുവയിലെ പള്ളിയിലെത്തി നടന് ദിലീപ് പ്രാര്‍ത്ഥന നടത്തി. ചൂണ്ടി എട്ടേക്കര്‍ സെന്റ് ജൂഡ് പള്ളിയിലാണ് ദിലീപ് എത്തിയത്. രാവിലെ 5.40ന് പള്ളിയിലെത്തിയ നടന് മെഴുകുതിരി കത്തിച്ചും മാല ചാര്‍ത്തിയും പ്രാര്‍ത്ഥിച്ചു. നൊവേനയിലും പങ്കെടുത്തു. പള്ളിയില്‍ ദിലീപ് സ്ഥിരമായി എത്തുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: