ന്യൂദല്‍ഹി: കേന്ദ്രധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിച്ച ബജറ്റ് ജനക്ഷേമകരവും യാഥാര്‍ത്ഥ്യ ബോധത്തില്‍ ഊന്നിയതുമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. അടുത്ത 25 വര്‍ഷക്കാലത്തേക്ക് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ ഉതകുന്ന കര്‍മ്മപദ്ധതികള്‍ ഉള്‍പ്പെടുത്തിയ ദീര്‍ഘവീക്ഷണത്തോടെയുള്ള ബജറ്റാണ്. സമ്പത്ത് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതും വളര്‍ച്ച ഉറപ്പാക്കുന്നതുമാണ്. അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നല്‍ നല്കിയ ബജറ്റില്‍ 22 ലക്ഷം കോടി രൂപ വരുമാനത്തില്‍ നിന്ന് ഏഴരലക്ഷം കോടി രൂപ ഇതിനായി മാറ്റിവെച്ചു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 35 ശതമാനം വര്‍ദ്ധനവ്. സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നു. 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു.
പുതിയ നികുതിയില്ല, സഹകരണ സര്‍ചാര്‍ജ് കുറച്ചു
കൊവിഡ് പ്രതിസന്ധിക്കിടയിലും പുതിയ നികുതി അടിച്ചേല്‍പ്പിച്ചില്ല. സഹകരണ സര്‍ചാര്‍ജ് ഏഴ് ശതമാനമായി കുറയ്ക്കാനുള്ള തീരുമാനം കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുയര്‍ന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ്. ഫെഡറല്‍ സംവിധാനത്തെമാനിച്ച് സഹകരണ ഫെഡറലിസം എന്ന ആശയം മുന്‍നിര്‍ത്തി സംസ്ഥാനങ്ങള്‍ക്ക് നിലവില്‍ അനുവദിക്കപ്പെട്ട വായ്പയ്ക്കപ്പുറത്ത് ഒരു ലക്ഷം കോടി രൂപ കൂടി ലഭ്യമാക്കുന്നതാണ് ഈ ബജറ്റ്.
വിനോദസഞ്ചാരമേഖല എംഎസ്എംഇ സെക്ടറില്‍
ചെറുകിട വ്യവസായങ്ങള്‍ക്ക് പ്രോത്സാഹനം നല്കുന്ന നിരവധി പദ്ധതികളുണ്ട്. കേരളം പോലെ വിനോദ സഞ്ചാരമേഖലയ്ക്ക് പ്രധാന്യം നല്കുന്ന സംസ്ഥാനങ്ങളുടെ ദീര്‍ഘകാല ആവശ്യമായിരുന്നു കൊവിഡ് കാലത്ത് തിരിച്ചുവരാനും നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാനും അവസരം ഉണ്ടാകണമെന്നുള്ളത്. ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രിയെ, വിനോദ സഞ്ചാരമേഖലയെ എംഎസ്എംഇ സെക്ടറില്‍ ഉള്‍പ്പെടുത്തിയതിലൂടെ കേരളത്തിലെ വിനോദ സഞ്ചാരമേഖലയ്ക്ക് വലിയ കുതിച്ചുചാട്ടത്തിനുള്ള അവസരമാണ് ലഭിച്ചത്.
നിറയെ ജനക്ഷേമപദ്ധതികള്‍
പ്രധാനമന്ത്രി ആവാസ് യോജന വഴി 80 ലക്ഷം വീടുകള്‍, 2000 കിലോമീറ്റര്‍ റെയില്‍പാത, 25,000 കിമി ദേശീയപാത, 400 വന്ദേഭാരത് ട്രെയിനുകള്‍ എന്നിവയും പ്രധാന പ്രഖ്യാപനങ്ങളാണ്. ജനകീയ ബജറ്റ്, കേരളമുള്‍പ്പെടെ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന ബജറ്റ്. സാധാരണക്കാര്‍ക്ക് പാവപ്പെട്ടവര്‍ക്ക് പ്രയോജനപ്പെടുന്ന ബജറ്റ്.
കേരളത്തിലേത് പതിവുശൈലി
കേരളത്തിലെ മന്ത്രിമാരും പ്രതിപക്ഷനേതാവും സ്വീകരിക്കുന്നത് പ്രധാനമന്ത്രി എന്തു പറഞ്ഞാലും എതിര്‍ക്കുക എന്ന പതിവ് ശൈലിയാണ്.ഏഴരലക്ഷം കോടി രൂപ പശ്ചാത്തല വികസനത്തിന് നീക്കിവെക്കുന്നതിലൂടെ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കപ്പെടും. 60 ലക്ഷം തൊഴില്‍ അവസരം സൃഷ്ടിക്കുമെന്ന് പറയുമ്പോഴും തൊവിലവസരം സൃഷ്ടിക്കുന്നില്ല എന്നാണ് പറയുന്നത്. ബജറ്റ് പ്രസംഗം ശ്രദ്ധിക്കാതെ മുന്‍കൂട്ടി തയ്യാറാക്കിയത് പറയുകയാണെന്നാണ് തോന്നുന്നത്. കേരള മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും മറ്റുള്ളവര്‍ എഴുതിക്കൊടുക്കുന്നത് വായിക്കാതെ, പ്രസംഗം ശ്രദ്ധിക്കണം. ബജറ്റ് രേഖകള്‍ പരിശോധിച്ച് അഭിപായം പറയണം. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി പറയും അതിന് പരിഹാരം കാണും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: