അടിമാലി: കൊച്ചി- ധനുഷ്ക്കോടി ദേശീയപാതയുടെ ഭാഗമായ നേര്യമംഗലം വനമേഖലയില്‍ സൗരോര്‍ജ്ജ വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്നാവശ്യം. മുന്‍കാലങ്ങളെ അപേക്ഷിച്ച് വാളറക്കും നേര്യമംഗലം പാലത്തിനുമിടയിലുള്ള വനമേഖലയില്‍ രാത്രികാലത്ത് കാട്ടാനയുടെ അടക്കം സാന്നിധ്യമുണ്ട്.
ഇത് ദേശീയപാതയിലൂടെയുള്ള രാത്രിയാത്ര കൂടുതല്‍ ദുഷ്ക്കരമാക്കുന്നു. വലിയ കൊക്കയുടെ സമീപത്തുകൂടിയാണ് പലഭാഗത്തും പാത കടന്ന് പോകുന്നത്. ചിലയിടങ്ങളിലെ വീതി കുറവും വെല്ലുവിളി ഉയര്‍ത്തുന്നു. വിവിധ ഇടങ്ങളില്‍ പ്രത്യേകിച്ച് അപകട സാധ്യതയേറിയ ഇടങ്ങളില്‍ സോളാര്‍ വഴിവിളക്കുകള്‍ സ്ഥാപിച്ചാല്‍ വനമേഖലയിലൂടെയുള്ള രാത്രിയാത്ര കൂടുതല്‍ സുഗമമാക്കാമെന്നാണ് വാദം. വാളറ മുതല്‍ നേര്യമംഗലം വരെയുള്ള വനമേഖല പിന്നിടുവാന്‍ അരമണിക്കൂറോളം സമയം വാഹനയാത്രികര്ക്കാവശ്യമാണ്.വിനോദ സഞ്ചാരികളുടെ തിരക്കൊഴിയുന്ന ദിവസങ്ങളില്‍ നേര്യമംഗലം വനമേഖലയിലൂടെയുള്ള രാത്രി യാത്ര ഒറ്റപ്പെട്ടതാകും.
വഴി പരിചിതമല്ലാതെത്തുന്ന വിനോദ സഞ്ചാര വാഹനങ്ങളടക്കം രാത്രികാലത്ത് അപകടത്തില്‍പ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപകട സാധ്യതയേറിയ പാതയെന്ന നിലയില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കപ്പെട്ടാല്‍ രാത്രികാലത്ത് പാതയുടെ ദിശ കൂടുതല്‍ വ്യക്തമാകുന്നതിനും വന്യജീവികളുടെ സാന്നിധ്യമുണ്ടെങ്കില്‍ വേഗത്തില്‍ തിരിച്ചറിയുന്നതിനും സാധിക്കുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: