കൊച്ചി : സഞ്ജിത്ത് വധക്കേസിലെ ചില കാര്യങ്ങള്‍ അന്വേഷിക്കാനുള്ള ചുമതല സി ബി ഐയ്ക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും എസ് ഡിപി ഐ പ്രവര്‍ത്തകരും മുഖ്യപ്രതികളായ സഞ്ജിത് വധക്കേസിന്റെ അന്വേഷണം സിബി ഐക്ക് വിടാന്‍ ജസ്റ്റിസ് കെ. ഹരിപാലാണ് ഈ ഉത്തരവ് തിങ്കളാഴ്ച പുറപ്പെടുവിച്ചത്.
സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സഞ്ജിത്തിന്റെ ഭാര്യ അര്‍ഷിക നല്കിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ വിധി. പ്രതികളില്‍ ചിലര്‍ക്ക് സംരക്ഷണം നല്കിയ സ്ഥലങ്ങള്‍ കേരളത്തിന് പുറത്തായതിനാലും ഇത് കേരള പൊലീസിന്റെ പരിധിക്ക് പുറത്തായതിനാലുമാണ് അന്വേഷണം സിബി ഐക്ക് വിടാന്‍ തീരുമാനിച്ചതെന്നും ജസ്റ്റിസ് ഹരിപാല്‍ വിശദീകരിച്ചു.
അതേസമയം സഞ്ജിത്ത് വധക്കേസ് അന്വേഷണം അവസാനഘട്ടത്തിലെന്നും ഫെബ്രുവരി പത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നും സർക്കാർ പറഞ്ഞു. ആകെ പതിനെട്ട് പ്രതികളാണ് ഉള്ളതെന്നും കേസിൽ ഒരാൾ കൂടി അറസ്റ്റിലാകാനുണ്ടെന്നും സർക്കാർ വ്യക്തമാക്കി. ഈ പ്രതിയെയും ഉടന്‍ പിടികൂടുമെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചു.
എന്നാല്‍ കേസ് അവസാനിപ്പിക്കാൻ പൊലീസിന് തിടുക്കമെന്താണെന്നായിരുന്നു കോടതിയുടെ ചോദ്യം.
നവംബർ 15നാണ് സഞ്ജിത്തിനെ പട്ടാപ്പകൽ നടുറോഡിൽ ഭാര്യ നോക്കിനില്‍ക്കെ വെട്ടി കൊലപ്പെടുത്തിയത്.ഭാര്യയ്ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച സഞ്ജിത്തിനെ അഞ്ചംഗസംഘം കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.കൊലപാതകത്തിന് പിന്നില്‍ ദീര്‍ഘനാളത്തെ ആസൂത്രണമുണ്ടായിരുന്നതായും പറയുന്നു. പ്രതികളെ പിടികൂടാൻ പൊലീസ് ജാഗ്രത കാണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സഞ്ജിതിന്റെ സഹോദരന് ശരതും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
സഞ്ജിത് വധക്കേസിലെ മുഖ്യ ആസൂത്രകനായ പോപ്പുലര്‍ ഫ്രണ്ട്, എസ് ഡിപി ഐ പ്രവര്‍ത്തകനായ മുഹമ്മദ് ഹാറൂണ്‍ കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായിരുന്നു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളും ആലത്തൂര്‍ സ്വദേശി നൗഫര്‍, മലപ്പുറം സ്വദേശി ഇബ്രാഹിം എന്നിവര്‍ പിടിയിലാകാനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രതികള്‍ എല്ലാവരും പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപി ഐ പ്രവര്‍ത്തകരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: