തിരുവനന്തപുരം: കോവിഡ് വ്യാപനത്തില്‍ തിയറ്ററുകള്‍ അടച്ചിടുന്നതിനെതിരെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനു സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ കത്ത്. സി കാറ്റഗറി ഇടങ്ങളില്‍ തിയറ്ററുകള്‍ മാത്രം അടച്ചുപൂട്ടുന്നതില്‍ പുനരാലോചന വേണം.
മാളുകളും ബാറുകളും പ്രവര്‍ത്തിക്കുമ്പോള്‍, അങ്ങേയറ്റം കോവിഡ് മാനദണ്ഡം ഉറപ്പാക്കിയ തിയറ്ററുകള്‍ മാത്രം അടച്ചിടാന്‍ വിദഗ്ധ സമിതി പറയുന്നതിന്റെ ശാസ്ത്രീയ അടിത്തറയെന്തെന്ന് സിനിമാ മേഖലയ്ക്ക് അറിയണം. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും കേരളത്തിലേതുപോലെ തിയറ്ററുകള്‍ക്കെതിരായ സമീപനമില്ലെന്നും ഫെഫ്ക ചൂണ്ടിക്കാട്ടി.
അമ്പത് ശതമാനം സീറ്റുകള്‍ മാത്രമാണ് ഇപ്പോള്‍ തിയറ്ററുകളില്‍ പ്രേക്ഷകര്‍ക്കായി അനുവധിച്ചിട്ടുള്ളത്. പ്രവേശനം ഒരു ഡോസെങ്കിലും വാക്സിനെടുത്തവര്‍ക്കായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. എല്ലാവരും മാസ്കുകള്‍ ധരിച്ചാണ് തിയറ്ററിനുള്ളില്‍ സിനിമ കാണുന്നത്. മുഖങ്ങള്‍ സ്ക്രീനിന്റെ ദിശയിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ഭക്ഷണ പാനിയങ്ങള്‍ ഓഡിറ്റോറിയത്തിനുള്ളില്‍ വിതരണം ചെയ്യപ്പെടുന്നില്ല. ഒരാളും മറ്റൊരാളും തമ്മില്‍ ഒരു സീറ്റിന്റെ അകലമുണ്ട്. ഈ വസ്തുതകളെല്ലാം തിയേറ്ററുകളെ റെസ്റ്ററന്റുകളില്‍ നിന്നും, ബാറുകളില്‍ നിന്നും, സ്പാ, സലൂണുകളില്‍ നിന്നും സുരക്ഷിതമായ ഇടമാക്കി മാറ്റുന്നുണ്ടെന്നും കത്തില്‍ വിവരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: