ന്യൂദല്‍ഹി: ജമാഅത്തെ ഇസ്ലാമിയുടെ (Jamaat-e-Islami) കീഴിലുള്ള മീഡിയാവണ്‍ ടിവിയുടെ (media one) സംപ്രേക്ഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞത് കേരള സര്‍ക്കാരിന്റെ (kerala government) കൂടെ റിപ്പോര്‍ട്ട് പരിഗണിച്ച്. തീവ്ര മുസ്ലീം നിലപാടുള്ള സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാനലിനെതിരെ സംസ്ഥാന ആഭ്യന്തരവകുപ്പ് ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സംസ്ഥാനത്തെ ഇന്റലിജന്‍സ് വകുപ്പും മീഡിയാവണ്ണിനെതിരെയും ചാനല്‍ ഡയറക്ടര്‍മാര്‍ക്കെതിരെയും പ്രതികൂല റിപ്പോര്‍ട്ടാണ് കേന്ദ്രത്തിന് നല്‍കിയത്. പ്രാദേശിക വാര്‍ത്ത ചാനലുകളുടെ ലൈസന്‍സ് പുതുക്കുന്ന നടപടിയില്‍ കേന്ദ്രം സര്‍ക്കാര്‍ അതത് സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിക്കാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചാനലിന്റെ ലൈസന്‍സ് പുതുക്കി നല്‍കാത്തത്. ഡയറക്ടര്‍മാരുടെ സാമ്പത്തിക ഇടപാടുകളും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്.
നിരവധി പരാതികളും ചാനലിനെതിരെ ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെകൂടെ അടിസ്ഥാനത്തിലാണ് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ നടപടി. രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരെ ചാനല്‍ പിന്തുണയ്ക്കുന്നുവെന്ന് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.
പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ പൗരത്വനിയമത്തിനെതിരെ വര്‍ഗീയ പ്രചരണം ചാനല്‍ നടത്തിയിരുന്നു. ഇതുകൂടാതെ ഡല്‍ഹില്‍ നിന്ന് തുടരെതുടരെ ചാനല്‍ വ്യാജവാര്‍ത്തകള്‍ നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനെയും മീഡിയാവണ്ണിനെയും കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിരുന്നു. തുടര്‍ന്ന് നിരുപാധികം മാപ്പ് പറഞ്ഞാണ് ഇരു ചാനലുകളും സംപ്രേക്ഷണം വീണ്ടും ആരംഭിച്ചത്. വീണ്ടും മീഡിയാവണ്‍ രാജ്യത്തിനെതിരായി പ്രവര്‍ത്തിക്കുന്നുവെന്ന് തെളിവ് അടക്കമുള്ള പരാതി ഉയര്‍ന്നതോടെയാണ് ചാനല്‍ സംപ്രേക്ഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞത്.
സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്രം ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞതെന്ന് മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് പ്രമോദ് രാമന് ഔദ്യോഗിക പേജിലൂടെ അറിയിച്ചു. ഉത്തരവിനെതിര മീഡിയ വണ്‍ നിയമനടപടികള്‍ നടത്തുമെന്നും പ്രമോദ് രാമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: