പാനൂര്‍: കൂത്തുപറമ്പ് മണ്ഡലത്തിലെ വികസനകാര്യത്തില്‍ യാതൊന്നും ചെയ്യാനാകാതെ എംഎല്‍എ വട്ടംകറങ്ങുന്നു. നിസ്സഹായനായി ജനതാദള്‍ എസ് നോതാവും മുന്‍ മന്ത്രിയുമായ മണ്ഡലം എംഎല്‍എ കെ.പി. മോഹനന്. മണ്ഡലത്തിലെ വികസനകാര്യത്തില്‍ എംഎല്‍എയുമായി ഒരു വിധത്തിലും സഹകരിക്കാത്ത ഭരണകൂടത്തിന്റെയും സിപിഎമ്മിന്റെയും നിലപാടാണ് തിരിച്ചടിയാകുന്നതെന്ന് ചൂണ്ടിക്കാട്ടി ജനം. എംഎല്‍എ ആയി മാസങ്ങള്‍ പിന്നിടുമ്പോഴും എടുത്തു പറയാനാവുന്ന ഒരു വികസന പ്രവര്‍ത്തനം പോലും മണ്ഡലത്തില്‍ നടത്താന്‍ എംഎല്‍എ എന്ന നിലയില്‍ കെ.പി. മോഹനന് സാധിച്ചിട്ടില്ല.
നിര്‍മ്മാണം ആരംഭിച്ച റോഡുകള്‍ ഒന്നും ഇതുവരെ പൂര്‍ത്തീകരിക്കാനായിട്ടില്ല. കീഴ്മാടം-കടവത്തൂര്‍-കല്ലിക്കണ്ടി-തൂവക്കുന്ന്-കുന്നോത്തുപറമ്പ് റോഡ് പണി ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല. തടസ്സങ്ങള്‍ മാറ്റുന്ന കാര്യത്തില്‍ എംഎല്‍എ പരാജയപ്പെടുകയാണ്. റോഡ് വികസനത്തിന് തടസ്സമായി നില്ക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാന്‍ യാതൊരു ശ്രമവും എംഎല്‍എയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ഈ റോഡ് പണി ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു.
പെരിങ്ങത്തൂര്‍ – പുല്ലൂക്കര റോഡിന്റെ അവസ്ഥയും ഇതുതന്നെയാണ്. ഈ രണ്ടു റോഡുകളുടെയും പണി ഇനിയെന്ന് പൂര്‍ത്തീയാകുമെന്നാണ് ജനം ചോദിക്കുന്നത്. പാനൂര്‍ ബസ് സ്റ്റാന്റ്, കണ്ണംവെള്ളി റോഡ്, കാട്ടിമുക്ക്- എല്ലാങ്കോട് റോഡ്, അണിയാരം-പെരിങ്ങത്തൂര്‍ റോഡ്, പെരിങ്ങത്തൂര്‍-കരിയാട് റോഡ് എന്നിവയും പൂര്‍ത്തീകരിക്കപ്പെടാതെ കിടക്കുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ പണി നടത്തിയാല്‍ മാത്രമേ ഇനി ഇവ കാലവര്‍ഷത്തിനു മുമ്പേ പൂര്‍ത്തീകരിക്കപ്പെടുകയുള്ളൂ. ജനങ്ങള്‍ക്ക് സഞ്ചരിക്കാനും വാഹനങ്ങള്‍ ഓടിക്കാനുമുള്ള ന്യായമായ അവകാശം ഇവിടെ നിഷേധിക്കപ്പെടുകയാണ്.
പാനൂര്‍ അഗ്നിശമന നിലയം വേണ്ട സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുകയാണ്. അഗ്നിശമന നിലയത്തിന് പുതിയ കെട്ടിടവും വേണം വാഹനങ്ങളും വേണം. പാനൂര്‍ മിനി സിവില്‍ സ്റ്റേഷന് പണി ഇനിയും ആരംഭിച്ചിട്ടില്ല. പാനൂര്‍ താലൂക്ക് ആശുപത്രിക്ക് വേണ്ടി പണം പിരിച്ചെടുത്തിട്ടും ആശുപത്രി സ്ഥാപിക്കുവാന്‍ വേണ്ടസ്ഥലവും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പൊയിലൂരില്‍ സര്‍ക്കാര്‍ ആശുപത്രി, സര്‍ക്കാര്‍ വിദ്യാലയം എന്നിവ അനുവദിപ്പിക്കുവാന്‍ കഴിഞ്ഞിട്ടില്ല.
വാഴമല ഒരു ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കുവാനുള്ള പദ്ധതി തയ്യാറാക്കപ്പെട്ടിട്ടില്ല. കടവത്തൂര്‍, പൊയിലൂര്‍, ചെണ്ടയാട്, ചെറുവാഞ്ചേരി എന്നീ പുതിയ പഞ്ചായത്തുകളുടെ രൂപീകരണം നടക്കേണ്ടതുണ്ട്. വികസന ആവശ്യങ്ങള്‍ ബിജെപിയാണ് മുന്നോട്ടുവയ്ക്കുന്നത്. എംഎല്‍എ പാനൂരില്‍ ഒരു സര്‍വ്വകക്ഷി യോഗം വിളിച്ചുചേര്‍ത്ത് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: