കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ എംജി യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥ സി.ജെ. എല്‍സി സജിയെ റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. അതേസമയം ഇടതുപക്ഷ യൂണിയന്റെ സജീവ പ്രവര്‍ത്തകയായ ഇവരെ സര്‍വ്വകലാശാലയില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
പ്രതിയുടെ ബാങ്ക് ഇടപാടുകളും ഓഫീസും വിജിലന്‍സ് പരിശോധിക്കും. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക് 12 മണിയോടെ എംജി സര്‍വകലാശാലയില്‍ അതിരമ്പുഴ യൂണിവേഴ്സിറ്റി കാമ്പസില്‍ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവര്‍ വിജിലന്‍സിന്റെ പിടിയിലായത്. കോട്ടയം അതിരമ്പുഴ യൂണിവേഴ്സിറ്റി കാമ്പസില്‍ സെക്ഷന്‍ അസിസ്റ്റന്റായി ജോലി ചെയ്തുവരുകയായിരുന്നു ഇവര്‍.
മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതിനായി അപേക്ഷിച്ച പത്തനംതിട്ട സ്വദേശിനിയായ എംബിഎ വിദ്യാര്‍ഥിനിയില്‍ നിന്ന് സെക്ഷന്‍ അസിസ്റ്റന്റായ ഇവര്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. വിദ്യാര്‍ഥിനി എംബിഎ സപ്ലിമെന്ററി പരീക്ഷ എഴുതിയിരുന്നു. ഇതിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാലതാമസം നേരിട്ടിരുന്നു.
ജോലിയുടെ ആവശ്യത്തിന് സര്‍ട്ടിഫിക്കറ്റിനായി യൂണിവേഴ്‌സിറ്റിയിലെത്തിയ വിദ്യാര്‍ഥിനി എല്‍സി സജിയെ പരിചയപ്പെട്ടു. വേഗത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഇവര്‍ ഒന്നര ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. തുടര്‍ന്ന് ബാങ്ക് വഴി ഒന്നേകാല്‍ ലക്ഷം രൂപ കൈപ്പറ്റി. ബാക്കി തുകയില്‍ 15000 രൂപ ഉടന്‍ നല്കണമെന്ന് ഇവര്‍ വിദ്യാര്‍ത്ഥിനിയോട് ആവശ്യപ്പെട്ടു.
ഇതെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി വിജിലന്‍സ് എസ്പി വി.ജി. വിനോദ് കുമാറിന് പരാതി നല്കി. വിജിലന്‍സ് നല്കിയ നോട്ടുകല്‍ എല്‍സി സജിക്ക് സര്‍വകലാശാല ഓഫീസില്‍ വച്ച് കൈമാറിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: