കുറവിലങ്ങാട്: വാഹനങ്ങളുടെ അമിതവെളിച്ചം രാത്രികാല അപകടത്തിന് കാരണമാകുന്നു. എതിരേ വരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ കണ്ണ് തുളയ്ക്കും വിധമുള്ള ഹെഡ് ലൈറ്റുകളുമായി ചീറിപ്പായുന്നവരെ കുടുക്കാന്‍ ‘ മോട്ടോര്‍ വാഹന വകുപ്പ് സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല. വാഹന നിര്‍മാതാക്കള്‍ ഘടിപ്പിക്കുന്ന ലൈറ്റുകള്‍ മാറ്റിയ ശേഷം സ്ഥാപിക്കുന്നവ, പ്രതിദിനം നിരവധി അപകടങ്ങളാണ് ഉണ്ടാക്കുന്നത്.
രാത്രിയാത്രയില്‍ വണ്ടിയുടെ ഡിം ലൈറ്റ് അടിക്കാത്തവരെയും വണ്ടിയില്‍ തീവ്ര വെളിച്ചം ഉപയോഗിക്കുന്നവരെയും കുടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് മുമ്പ് പരിശോനകള്‍ നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ ഇല്ല. തീവ്രവെളിച്ചമുള്ള വാഹനങ്ങളെ കണ്ടെത്താന്‍ ലക്സ് മീറ്ററാണ് ഉപയോഗിച്ചിരുന്നത്. മൊബൈല്‍ ഫോണിനേക്കാള്‍ കുറച്ചുകൂടി വലിപ്പമുള്ള യന്ത്രമാണിത്.
ജില്ലയിലുള്ള വാഹന സ്ക്വാഡിനാണ് മെഷീന് ഉള്ളത്. നിരത്തിലെ നിയമലംഘനത്തിന്റെ വര്‍ധന കണക്കിലെടുക്കുമ്പോള്‍ കൃത്യമായ പരിശോധനകള്‍ക്ക് ഇത് അപര്യാപ്തമാണ്. നിലവിലെ നിയമപ്രകാരം 24 വാട്സുള്ള ബള്‍ബുകള്‍ അനുവദിച്ചിടത്ത് ശേഷി 70-75 വരെ വാട്സില്‍ കൂട്ടാന്‍ പാടില്ല. 12 വാട്സുള്ള ബള്‍ബുകള്‍ 60 മുതല്‍ 65 വരെ വാട്സിലും കൂടരുത്. ഒട്ടുമിക്ക വാഹനങ്ങളിലും 60 വാട്സ് വരെ ശേഷിയുള്ള ഹാലജന്‍/എച്ച്.ഐ.ഡി/എല്‍.ഇ.ഡി ബള്‍ബുകളാണ് നിര്‍മാണക്കമ്പനികള്‍ ഘടിപ്പിക്കാറുള്ളത്. ലൈറ്റിന്റെ അളവ് കൂടിയാല്‍ ലക്സ് മീറ്റര്‍ കുടുക്കും.
ജില്ലയില്‍ ബൈക്കുകളുള്‍പ്പെടെ അതി തീവ്ര പ്രകാശമുള്ള ബള്‍ബുകള്‍ ഘടിപ്പിച്ചു ചീറിപ്പായുകയാണ്. രാത്രികാല വാഹനാപകടങ്ങളില്‍ ഭൂരിഭാഗവും അതിതീവ്ര വെളിച്ചം മൂലമാണെന്ന പരാതി വ്യാപകമാണ്.വാഹന ഉടമകള്‍ നിയമാനുസൃതമല്ലാതെ നടത്തുന്ന രൂപമാറ്റങ്ങളുടെ (ആള്‍ട്ടറേഷന്‍) ഭാഗമായാണു ശക്തികൂടിയ എച്ച്.ഐ.ഡി ബള്‍ബുകള്‍ ഘടിപ്പിക്കുന്നത്. ചില പ്രത്യേക നിരത്തുകളില്‍ വാഹനമോടിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ ഇത്തരം തീവ്രത കൂടിയ ബള്‍ബുകള്‍ ഘടിപ്പിക്കാന്‍ പാടുള്ളൂ. എന്നാല്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന എച്ച്ഐഡി, എല്‍ഇഡി ബള്‍ബുകള്‍ വിപണിയില്‍ സുലഭമാണ്.
ആഡംബര കാറുകളുടെ എച്ച്.ഐ.ഡി, എല്‍.ഇ.ഡി ബള്‍ബുകളില്‍ നിന്ന് പുറത്തേക്കു പ്രവഹിക്കുന്ന വെളിച്ചം 5 അടിക്കു മുകളിലേക്കു പരക്കാതിരിക്കാനുള്ള ബീം റെസ്ട്രിക്ടര്‍ സംവിധാനമുണ്ട്. എതിരെ വരുന്ന വാഹനങ്ങളുടെ ഡ്രൈവറുടെ കണ്ണുകളിലേക്കു വെളിച്ചം തുളച്ചുകയറാതെ നോക്കുന്നതാണ് ബീം റെസ്ട്രിക്ഷന് സംവിധാനം. ബള്‍ബ് അഴിച്ചുമാറ്റി ഘടിപ്പിക്കുന്ന ഹൈ ബീം ബള്‍ബുകള്‍ക്കൊപ്പം ബീം റെസ്ട്രിക്ടര്‍ ഉണ്ടാകില്ല. ഇതിനാല്‍ പ്രകാശം എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈവറെ അല്പനേരത്തേക്കെങ്കിലും അന്ധനാക്കും. അതിതീവ്ര ലൈറ്റുകള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കുന്നത് അപകടങ്ങള്‍ക്ക് വഴിയൊരുക്കും. എം സി റോഡ് അടക്കം പ്രധാന റോഡുകളിലെ രാത്രി കാല അപകടങ്ങള്‍ക്ക് പ്രധാന കാരണമായി പറയുന്നത് എതിര് ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങളുടെ അമിത വെളിച്ചമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: