പൂഞ്ഞാര്‍: തെക്കേക്കര പഞ്ചായത്ത് വെള്ളാപ്പാറയില്‍ മാലിന്യനിക്ഷേപം രൂക്ഷമാകുന്നു. വിജനമായ പ്രദേശമായതിനാല്‍ ദൂരസ്ഥലങ്ങളില്‍ നിന്നും വാഹനങ്ങളിലെത്തിച്ചാണ് ഇവിടെ മാലിന്യനിക്ഷേപിക്കുന്നത്. നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നീക്കവും ഇതുവരെ ഉണ്ടായിട്ടില്ല. പൂഞ്ഞാര്‍ കൈപ്പള്ളി റോഡില്‍ ഏഴാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന വെള്ളാപ്പാറയിലാണ് റോഡരികിലെ മാലിന്യനിക്ഷേപം. പാറക്കെട്ട് നിറഞ്ഞ ഇവിടെ കാടുകയറിയ നിലയിലാണ്. വാഹനങ്ങളില്‍ ചാക്കുകളിലാക്കി കൊണ്ടുവരുന്ന മാലിന്യം
വാഹനത്തില്‍ നിന്ന് ഇറങ്ങാതെ തന്നെ വലിച്ചെറിഞ്ഞു പോവുകയാണ് പതിവ്. ജൈവമാലിന്യങ്ങളും നിക്ഷേപിക്കുന്നതോടെ പ്രദേശത്ത് ദുര്‍ഗന്ധവും അനുഭവപ്പെട്ട് തുടങ്ങി.
മുന്‍പ് കോഴിക്കടയിലെ മാലിന്യം റോഡരികില്‍ തള്ളിയതിനെ തുടര്‍ന്ന് ദിവസങ്ങളോളം ഇവിടെ രൂക്ഷമായ ദുര്‍ഗന്ധമായിരുന്നു. കഴിഞ്ഞ ദിവസം മാലിന്യം തള്ളാനെത്തിയ വാഹനത്തിന്റെ ചിത്രം പ്രദേശവാസികള്‍ പകര്‍ത്തി. പ്ലാസ്റ്റിക്കും അജൈവ മാലിന്യങ്ങളുമടക്കമാണ് ഇവിടെ നിക്ഷേപിക്കുന്നത്. മഴയില്‍ ഇത് ഒഴുകിയെത്തുന്നത് മീനച്ചിലാറ്റിലേയ്ക്കാണ്. മാലിന്യനിക്ഷേപം തടയണമെന്നാവശ്യപ്പെട്ട് അധികാരികളെ സമീപിക്കാനുള്ള തീരുമാനത്തിലാണ് പ്രദേശവാസികള്‍.
മുത്താരമ്മന്‍കോവില്‍ റോഡില്‍ സ്ഥാപിച്ചിരുന്ന മിനി എംസിഎഫ് താത്കാലികമായി നീക്കി. വഴിയോരത്ത് മാലിന്യം ചിതറിയിടുന്നു എന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.എന്നാല്‍ എംസിഎഫിന് പുറത്ത് നേരത്തെ തന്നെ ഇട്ടിരുന്ന മാലിന്യം നീക്കിയില്ല. മുത്താരമ്മന്‍ കോവിലില്‍ ഉത്സവം അടുത്തദിവസം തുടങ്ങുന്നതിനാല്‍ മാലിന്യം ചിതറിക്കിടക്കുന്നത് നീക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എംസിഎഫിന് ഉള്ളിലിടാതെ സമീപം നേരത്തെ ഇട്ട നിരവധി ചാക്കുകളിലെ മാലിന്യം ഇനിയും ഇവിടെ കിടപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: