കൊല്ലം: കൊവിഡിന്റെ ആദ്യ രണ്ടുവരവുകളും വളരെയധികം ഉലച്ചുകളഞ്ഞ വിഭാഗമാണ് ക്ഷേത്രങ്ങളിലെ സ്റ്റേജ് കലാകാരന്മാര്. അരങ്ങിന് ശബ്ദവും ഭാവവും നല്കി ജീവിതം സ്വരുക്കൂട്ടിയവരുടെ കണക്കുകൂട്ടലുകള്‍ ഇത് തകിടംമറിച്ചു. ഇക്കുറി മൂന്നാം വരവിന്റെ പേരില്‍ ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ നടത്താന്‍ പറ്റില്ലെന്ന പോലീസ് മുന്നറിയിപ്പ് വന്നതോടെ ഇവരുടെ ജീവിതവും പ്രതിസന്ധിയിലായി.
ക്ഷേത്രകലകള്‍ കൂടാതെ നാടന്‍പാട്ട്, ഗാനമേള, നാടകം, ഹാസ്യപരിപാടികള്‍, മാജിക് തുടങ്ങിയ രംഗങ്ങളില്‍ ഉള്ളവര്‍ അഞ്ചുമാസം നീളുന്ന ഉത്സവകാലത്ത് വരുമാനം കണ്ടെത്തുന്നത്. മറ്റെല്ലാ രംഗത്തും നിയന്ത്രണങ്ങളില്‍ അയവുവന്നപ്പോഴും സ്റ്റേജ് പരിപാടികള്‍ക്ക് നിയന്ത്രണങ്ങള്‍ മാറിയിരുന്നില്ല. വീണ്ടും ഒരു ഉത്സവകാലം വന്നതോടെ അരങ്ങുകള്‍ ഉണര്‍ന്ന് കലാകാരന്മാരെല്ലാം പ്രതീക്ഷയിലായിരുന്നു. ഉത്സവങ്ങളില്‍ എല്ലാ ദിവസവും പരിപാടികളുമായി ബുക്കിങ്ങും നടന്നു. പക്ഷേ, കൊവിഡിന്റെ മൂന്നാം തരംഗത്തിനിടയില്‍ എല്ലാം ഉപേക്ഷിക്കേണ്ടിവന്നത് വലിയ തിരിച്ചടിയായി.
ഇന്ന് കൊടിയേറിയ ചാത്തന്നൂര്‍ കാഞ്ഞിരംവിള ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഗാനമേള, നാടകം, നാട്ടരങ്ങ്, ക്ലാസിക്കല്‍ ഫ്യൂഷന്‍ ഡാന്‍സ്, നാടന്‍പാട്ടുകള്‍ എന്നിവയെല്ലാമായി പത്ത് ദിവസം പരിപാടി നേരത്തേ തീരുമാനിച്ചിരുന്നു. ഉത്സവസമയമായപ്പോള്‍ എല്ലാം ഒഴിവാക്കേണ്ടിവന്നു. ഇപ്പോള്‍ ഉത്സവം നടന്നു കൊണ്ടിരിക്കുന്ന തഴുത്തല ഗണപതി ക്ഷേത്രത്തിലും കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം വിനോദപരിപാടികള്‍ ഒഴിവാിയെന്ന് ക്ഷേത്രംഭാരവാഹികള്‍ പറഞ്ഞു. മറ്റിടങ്ങളിലും നിശ്ചയിച്ച പരിപാടികള്‍ മാറ്റിവെക്കുകയാണ്. നിരവധി ക്ഷേത്രങ്ങളില്‍ ഏല്‍പ്പിച്ച പരിപാടികള്‍ ഒഴിവാക്കിയെന്ന് പ്രോഗ്രാം ഏജന്റുമാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: