ഒരു വ്യാഴവട്ടക്കാലം മുമ്പ് വനിതാ വാരികയില്‍ അച്ചടിച്ചു വന്ന ലേഖനത്തില്‍ നിന്നാണ് ആ അമ്മയെ പറ്റി ആദ്യമായി അറിഞ്ഞത്. തലശ്ശേരിയിലെ തെരുവുകളില്‍ അലഞ്ഞു നടക്കുന്ന വൃദ്ധയായ ഒരമ്മ. ഊരും പേരും ആര്‍ക്കും അറിയില്ല. ആരോടും സംസാരിയ്ക്കുക പതിവില്ല. ഒരു പഴയ സാരിയോ മറ്റോ വാരിച്ചുറ്റിയതാണ് വേഷം. അതുകൊണ്ട് ഭാഷ കൊണ്ടോ വേഷം കൊണ്ടോ ഏതാണ് സ്വദേശം എന്നറിയുക വയ്യ. സ്ഥിരമായി ഒരിടത്ത് ഉണ്ടാകാറില്ല. ആഹാര നീഹാര നിദ്രാ ശീലങ്ങളെ പറ്റി ആര്‍ക്കും വലിയ പിടിയില്ല. കിട്ടുന്നത് എന്തെങ്കിലും കുറച്ചു കഴിയ്ക്കും. എവിടെയെങ്കിലും കിടന്നുറങ്ങും. എങ്ങോട്ടെങ്കിലുമൊക്കെ പോകും. മഴയും വെയിലും, മഞ്ഞും ഒന്നും പ്രശ്നമല്ല. ഉറ്റോരും ഉടയോരും ഇല്ലാതെ തെരുവില്‍ കഴിയുന്ന ഒരനാഥയുടെ ലക്ഷണം.
എന്നാല്‍ അത്യുന്നതമായ ആത്മ സാക്ഷാത്ക്കാര തലത്തില്‍ എത്തിയ ഒരു അവധൂതയാണ് ഈ സ്ത്രീ രൂപം എന്നും ചിലര്‍ വിശ്വസിയ്ക്കാന്‍ തുടങ്ങി. ആ വിശ്വാസം ഉള്ളവര്‍ തെരുവില്‍ വച്ച് കണ്ടുമുട്ടുമ്പോള്‍ അമ്മയെ നമസ്ക്കരിക്കുന്നു. ഓട്ടോ ഡ്രൈവര്‍മാര്‍ തങ്ങളുടെ വണ്ടിയില്‍ കയറാന്‍ ക്ഷണിയ്ക്കുന്നു. ചിലര്‍ ആഹാരവും വസ്ത്രവും സമര്‍പ്പിയ്ക്കുന്നു. എന്നാല്‍ അമ്മയ്ക്ക് ആവശ്യങ്ങള്‍ ഒന്നുമില്ല. അതുകൊണ്ടു തന്നെ എല്ലായ്പ്പോഴും ഒരു നിസ്സംഗ ഭാവമാണ് ജനങ്ങള്‍ കണ്ടത്. തലശ്ശേരിയിലെ ഒരു വീട്ടില്‍ അമ്മയ്ക്കായി ഒരു മുറി മാറ്റി വച്ചിട്ടുണ്ടെന്നും വല്ലപ്പോഴും അവിടെയെത്തി ഊണു കഴിച്ച് വിശ്രമിയ്ക്കാറുണ്ടെന്നും ആ ലേഖനത്തില്‍ നിന്നും വായിച്ചറിഞ്ഞു. കുട്ടിക്കാലത്ത് കന്യാകുമാരിയില്‍ വച്ച് മായിഅമ്മ എന്നറിയപ്പെട്ടിരുന്ന അവധൂതയെ ദൂരെ നിന്നും കണ്ടതിന്റെ ഓര്‍മ്മകള്‍ മനസ്സിലെത്തി. അന്നാദ്യമായിട്ടായിരുന്നു അവധൂത എന്ന വാക്ക് അച്ഛന് പറഞ്ഞറിഞ്ഞത്. വാരികയിലെ ലേഖനം വായിച്ചു കഴിഞ്ഞപ്പോള്‍ തന്നെ തലശ്ശേരിയിലെ അമ്മയെ ഒന്നു കാണണം എന്ന ആഗ്രഹം മനസ്സില്‍ ഉടലെടുത്തു.
കുറച്ചു കാലം കഴിഞ്ഞു പോയി. തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും ബാംഗളൂരിലെ ജോലി സ്ഥലത്തേയ്ക്കും തിരിച്ചുമുള്ള യാത്രകള്‍ക്കിടയില്‍ തലശ്ശേരി സന്ദര്‍ശനം നീണ്ടു. എന്നാല്‍ ഇടയ്ക്കിടയ്ക്ക് ചിന്ത മനസ്സില്‍ പൊങ്ങി വരികയും ചെയ്തിരുന്നു. തലശ്ശേരിക്കാരായ ആരെ കണ്ടുമുട്ടിയാലും അമ്മയുടെ കാര്യം ഓര്‍മ്മ വരികയും ചോദിയ്ക്കുകയും പതിവായിരുന്നു. ഒരു സ്ഥലത്തും പ്രത്യേകമായി ഉണ്ടാവാത്ത അമ്മയെ തേടി തലശ്ശേരിയില്‍ എത്തിയാലും എങ്ങനെ എവിടെ വച്ച് കാണും എന്ന ചിന്താക്കുഴപ്പത്തില്‍ അമ്മയുടെ ദര്‍ശനം ആഗ്രഹം മാത്രമായി മനസ്സില്‍ കിടന്നു. പിന്നീടെപ്പോഴോ അമ്മ സ്ഥിരമായി എത്താറുള്ളത് ജയകുമാര്‍ എന്ന ഒരു വ്യക്തിയുടെ വീട്ടിലാണെന്നും അറിഞ്ഞു.
ചെന്നൈയിലെ ജോലിയില്‍ നിന്നും പിരിഞ്ഞ് തലശ്ശേരിയിലെത്തി താമസം തുടങ്ങിയ സുഹൃത്തായ മഹേഷിനോട് ചോദിച്ചപ്പോള്‍, കൊറോണക്കാലത്ത് അമ്മ ജയകുമാറിന്റെ വീട്ടില്‍ തന്നെയാണെന്നും പുറത്തെങ്ങും പോകാറില്ലെന്നും കൂടി അറിഞ്ഞു. സാധാരണ ഇത്തരം യാത്രകളില്‍ കൂടെ കൂട്ടാറുള്ള കൊച്ചിയിലെ വിനോദിനോടും അത്താണിയിലെ ഗോപനോടും കാര്യം പറഞ്ഞപ്പോള്‍ വിനോദ് റെഡി. ഗോപന് ഇത്തവണ കൂടാന്‍ കഴിയില്ലെന്ന് അറിയിച്ചെങ്കിലും ജയകുമാറിന്റെ പരിചയക്കാരന് എന്ന നിലയില്‍ അദ്ദേഹത്തെ അറിയിക്കാമെന്ന് ഏറ്റു.
അപ്പോഴതാ മറ്റൊരു നിമിത്തം. ചോറ്റാനിക്കര അമ്പലത്തിനടുത്ത് ഒരു വീട്ടില്‍ വിശേഷപ്പെട്ട ഒരു ഗണപതി വിഗ്രഹം ഉണ്ടത്രേ. ഒരു യുട്യൂബ് ചാനലില്‍ കണ്ടറിഞ്ഞതാണ്. പല വിധ ഗണേശ വിഗ്രഹങ്ങള്‍ ശേഖരിയ്ക്കുന്നതില്‍ കമ്പമുള്ള വീട്ടുകാര്‍ തമിഴ്നാട്ടിലെ തഞ്ചാവൂരിനടുത്തുള്ള ഗണപതി അഗ്രഹാരത്തില്‍ തീര്‍ഥാടനത്തിനു പോയ സമയത്ത് അവിടെ വച്ചു കണ്ടു മുട്ടിയ ഒരു സ്വാമി സമ്മാനിച്ചതാണ് ആ വിഗ്രഹം. ഗൃഹനാഥനായ രഘുനാഥ മേനോന് വിഗ്രഹം വീട്ടില്‍ കൊണ്ടു വന്ന് പൂജാ മുറിയില്‍ സ്ഥാപിച്ചു. അതോടു കൂടി ആ വീട്ടില്‍ അത്ഭുതകരങ്ങളായ അനുഭവങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങിയത്രേ. ദൂരദിക്കുകളില്‍ നിന്നു പോലും ചില സ്വപ്ന ദര്‍ശനങ്ങളിലൂടെയോ മറ്റോ പ്രേരിതരായി പലരും ഇദ്ദേഹത്തിന്റെ വീട് അന്വേഷിച്ചു വരാന്‍ തുടങ്ങി. പൂജാമുറിയിലെ ഭഗവാന്റെ ദര്‍ശനം നേടിയ പല ഭക്തര്‍ക്കും രോഗശാന്തിയുടേയും, തടസ്സങ്ങള്‍ നീങ്ങിയതിന്റെയും മറ്റും അനുഭവങ്ങള്‍ ഉണ്ടായതായി പറയുന്നു. ഏതായാലും വിനോദിനോടൊപ്പം ഇടയ്ക്കിടയ്ക്ക് ചോറ്റാനിക്കര അമ്മയെ ദര്‍ശിക്കാന്‍ പോകാറുണ്ട്. എന്നാല്‍ പിന്നെ ഒരൊറ്റ യാത്രയില്‍ തന്നെ ഈ അത്ഭുത വിഗ്രഹവും കൂടെ കാണാമല്ലോ എന്ന് ഉറപ്പിച്ചു.
ഇക്കഴിഞ്ഞ മണ്ഡലമാസക്കാലത്തെ ഒരു ചൊവ്വാഴ്ച ഞാന്‍ കൊച്ചിയില്‍ വിനോദിന്റെ വീട്ടിലെത്തി. ഉച്ചയ്ക്കു ശേഷം നേരെ ചോറ്റാനിക്കരയിലേക്ക് പോയി. മേല്‍ക്കാവിലും കീഴ്ക്കാവിലും ദര്‍ശനം കഴിഞ്ഞ് രഘുനാഥ മേനോന്റെ വീട്ടിലേക്ക് തിരിച്ചു. ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ മാത്രം. വഴി പരിചയമില്ലാത്തതിനാലും, അവിടെ നിന്ന് തിരിച്ചു വരാന്‍ ഓട്ടോ കിട്ടാന്‍ പ്രയാസമായിരിക്കും എന്ന് കേട്ടതിനാലും തിരികെ കൊണ്ടു വിടാം എന്ന് സമ്മതിച്ച ഒരു ഓട്ടോ പിടിച്ച് പുറപ്പെട്ടു. കുഴിയറ എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ വീട്. നേരത്തേ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നതിനാല്‍ മേനോന് സാര്‍ ഞങ്ങളെ പ്രതീക്ഷിച്ചിരുന്നു. ചെന്നു കയറുന്ന വിശാലമായ ലിവിംഗ് കം ഡൈനിംഗ് റൂമിന്റെ ഒരു വശത്തായി ഒരു ചെറിയ പൂജാ മുറി. അതിനുള്ളില്‍ പത്തു കൈകളോടു കൂടി, ദേവീ സമേതനായി ഇരുന്നരുളുന്ന മഹാഗണപതി ഭഗവാന്. അരയടിയോളം മാത്രം ഉയരമുള്ള ചെറിയ വിഗ്രഹം. സന്ധ്യ കഴിഞ്ഞിരുന്നതിനാല്‍ വെളിച്ചത്തിന്റെ കുറവ് ഉണ്ടായിരുന്നെങ്കിലും പൂജാമുറിയില്‍ കത്തിച്ചു വച്ചിരുന്ന നിലവിളക്കിന്റെ വെളിച്ചത്തില്‍ കണ്ടു തൊഴുതു.
ഭഗവാന്റെ വിശേഷങ്ങള്‍ പങ്കു വയ്ക്കാന്‍ രഘുനാഥ മേനോന് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ഈ പൂജാ മുറിയില്‍ നിന്ന് പുറത്തേക്ക് പോകാന്‍ ഭഗവാന് ഇഷ്ടപ്പെടുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു കേട്ടപ്പോള്‍ അതറിയാന്‍ ആകാംക്ഷയായി. മുറിയ്ക്ക് പുറത്തേക്ക് ആനയിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ പല തടസ്സങ്ങളുമുണ്ടായി എന്നദ്ദേഹം പറഞ്ഞു. പൂജാ മുറിയ്ക്കു മുന്നില്‍ കിടക്കുന്ന ഡൈനിംഗ് ടേബിള്‍ പോലും അവിടെ നിന്നും മാറുന്നത് ഭഗവാന് ഇഷ്ടമല്ലെന്നും, ഭക്ഷണം ഉണ്ടാക്കുന്നതും എല്ലാവരും കഴിയ്ക്കുന്നതും അദ്ദേഹത്തിന് പ്രിയപ്പെട്ടതാണെന്നും മേനോന് സാര്‍ സൂചിപ്പിച്ചു. ചില ദിവസങ്ങളില്‍ വീട്ടിലും പരിസരങ്ങളിലും ദിവ്യമായ ഒരു സുഗന്ധം പരക്കുന്ന അനുഭവം പലര്‍ക്കും ഉണ്ടായിട്ടുള്ളതായി അദ്ദേഹം തന്റെ വീഡിയോയില്‍ പറയുന്നുണ്ട്. ആദ്യം ഷോകേസിലായിരുന്നു വിഗ്രഹം കൊണ്ടു വച്ചത്. ഒരു ദിവസം സ്വപ്നത്തിലൂടെ തനിക്ക് പൂജാ മുറിയില്‍ ഇരിയ്ക്കണം എന്ന് ഭഗവാന് ആവശ്യപ്പെടുകയായിരുന്നുവത്രേ. തുടര്‍ന്ന് മേനോന് സാര്‍ തന്റെ ഗുരുവിന്റെ അനുവാദത്തോടെ ഭഗവദ് വിഗ്രഹം പൂജാമുറിയില്‍ വച്ചു. പിന്നീട് ജിനിമോള്‍ എന്ന അദ്ദേഹത്തിന്റെ പത്നിയ്ക്ക് മറ്റൊരു അനുഭവം ഉണ്ടായി. ഒരുദിവസം ഉച്ചയ്ക്ക് ഒരു ദര്‍ശനത്തിലൂടെ ‘എനിക്ക് വിശക്കുന്നു എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കി തരൂ’ എന്ന് ഭഗവാന് ആവശ്യപ്പെട്ടു. അന്ന് പെട്ടെന്ന് അടയുണ്ടാക്കി നേദിച്ചു. തുടര്‍ന്ന് പതിയെ പതിയെ പല അനുഭവങ്ങളിലൂടെ ഭഗവാന് തന്റെ പ്രീതിയും സാന്നിദ്ധ്യവും അറിയിയ്ക്കുകയായിരുന്നു. ഇപ്പോള്‍ വിനായക ചതുര്‍ഥി പോലുള്ള വിശേഷ ദിവസങ്ങളില്‍ ഇഷ്ടം പോലെ പൂജാ ദ്രവ്യങ്ങളാണ് ഭക്തരുടെ വകയായി എത്തിച്ചേരുന്നത്. സമര്‍പ്പണത്തിനായി എത്തുന്നവരില്‍ മറ്റു മത വിഭാഗങ്ങളില്‍ പെട്ടവരും ധാരാളമുണ്ട് എന്നു കേട്ടപ്പോള്‍ അതിശയം തോന്നി. മറ്റു ദൈവ സങ്കല്‍പ്പങ്ങളെ, പ്രത്യേകിച്ചും വിഗ്രഹാരാധന പോലുള്ള അനുഷ്ടാനങ്ങളെ എതിര്‍ക്കുന്നവരാണല്ലോ മറ്റു പലരും. എന്നാല്‍ നേരിട്ട് കിട്ടുന്ന ഈശ്വരാനുഭവവും ഫലപ്രാപ്തിയും തള്ളിക്കളയാനും അവര്‍ക്ക് കഴിയുന്നില്ല. ഹിന്ദുക്കളില്‍ തന്നെ ചില വിഭാഗങ്ങള്‍ വിഗ്രഹാരാധനയെ പുച്ഛിക്കുകയും നിശിതമായി എതിര്‍ക്കുകയും ചെയ്യാറുണ്ടല്ലോ. ആ ദിവ്യ വിഗ്രഹത്തെ കുറിച്ചുള്ള കഥകള്‍ കേട്ടു കൊണ്ട് അവിടെ നില്ക്കുമ്പോള് ഇത്തരം ചിന്തകള്‍ എന്റെ മനസ്സിലൂടെ കടന്നു പോയി. തിരികെ കൊച്ചിയില്‍ എത്തേണ്ടതുള്ളതു കൊണ്ട് പിന്നെയൊരിക്കല്‍ വീണ്ടും വരാം എന്ന് യാത്ര പറഞ്ഞ് വെയിറ്റ് ചെയ്യുകയായിരുന്ന ഓട്ടോയില്‍ ഞങ്ങള്‍ ചോറ്റാനിക്കര അമ്പല നടയിലേക്ക് മടങ്ങി.
പിറ്റേ ദിവസം രാവിലെ തലശ്ശേരിയ്ക്ക് യാത്ര തിരിച്ചു. കോവിഡ് കാരണം പല ട്രെയിനുകളിലും റിസര്‍വേഷന്‍ യാത്രക്കാരെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. അതുകാരണം ചെറിയൊരു താമസം നേരിട്ടു. ഏങ്കിലും ഉച്ചയോടെ തലശ്ശേരിയില്‍ എത്തി. അവിടത്തെ സുഹൃത്തായ മഹേഷ് കൂട്ടാന്‍ സ്റ്റേഷനിലെത്തി. ഒരു ഓട്ടോയില്‍ കയറി തിരുവങ്ങാട് എന്ന സ്ഥലത്തേക്ക് തിരിച്ചു. ഒരു മേജര്‍ ശ്രീരാമ സ്വാമിക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് തിരുവങ്ങാട്. ക്ഷേത്രത്തിലേക്ക് തിരിയുന്ന വഴിയുടെ അടുത്ത് മെയിന്‍ റോഡ് സൈഡില്‍ തന്നെയാണ് അമ്മ താമസിയ്ക്കുന്ന ജയകുമാറിന്റെ വീട്. ആ പരിസരങ്ങളിലുള്ള എല്ലാപേര്‍ക്കും, പ്രത്യേകിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഈ വീട് അറിയാം. ഞങ്ങള്‍ തൊട്ടടുത്തുള്ള ജംഗ്ഷനില്‍ ഇറങ്ങി. മുമ്പൊക്കെ അമ്മയെ കാണാന്‍ വരുന്നവര്‍ മുറുക്കാന്‍, മിക്സ്ച്ചര്‍ തുടങ്ങിയവ അമ്മയ്ക്കായി സമര്‍പ്പിക്കാറുണ്ട് എന്ന് കേട്ടിരുന്നു. കുറച്ചു പുകയില ഞാന്‍ തിരുവനന്തപുരത്തു നിന്നും വാങ്ങിക്കൊണ്ട് വന്നിരുന്നു. ജംഗ്ഷനില്‍ കണ്ട പീടികയില്‍ നിന്ന് കുറച്ചു വെറ്റിലയും വാങ്ങി. ഞങ്ങള്‍ നേരെ ജയകുമാറിന്റെ വീട്ടിലേക്ക് നടന്നു.
മലബാര്‍ പ്രദേശത്തു കാണുന്ന തരം പഴയ ശൈലിയിലുള്ള, ഓടിട്ട വീടാണത്. മുറ്റത്ത് കുറേ കാറുകള്‍ കണ്ടു. ജയകുമാറിന്റെ സഹോദരന് ശശികുമാറിന് യൂസ്ഡ് കാറിന്റെ ബിസിനസ്സ് ആണെന്ന് പിന്നീടറിഞ്ഞു. വീടിനു മുന്‍വശം ഇരുമ്പ് ഗ്രില്ല് ഇട്ടിട്ടുണ്ട്. വീട്ടില്‍ ശശികുമാര്‍ ആണ് ഉണ്ടായിരുന്നത്. ഞങ്ങള്‍ ചെല്ലുന്നത് അദ്ദേഹത്തെ അറിയിച്ചിരുന്നു. കോവിഡ് കാലമായതുകൊണ്ട് സന്ദര്‍ശകരെ ഉള്ളില്‍ പ്രവേശിപ്പിക്കാറില്ല എന്ന് അറിയിച്ചു. ഞങ്ങള്‍ക്ക് നേരത്തേ അതറിയുമായിരുന്നു. വീട്ടിലേക്ക് പ്രവേശിയ്ക്കുന്നത് ഒരു തിണ്ണ കടന്നിട്ടാണ്. ആ തിണ്ണമേല്‍ കയറി നിന്ന് അമ്മയെ കണ്ടോളൂ എന്ന് അനുമതി തന്നു. ഞങ്ങള്‍ തിണ്ണയില്‍ കയറി. ഗ്രില്ലിന്റെ ഉള്ളില്‍ ഒരു വരാന്തയാണ്. അതിനുള്ളിലാണ് അമ്മ വിശ്രമിയ്ക്കുന്ന മുറി. അതില്‍ ഒരു വശത്തായി ഇട്ടിരിയ്ക്കുന്ന കട്ടിലില്‍ ഒരു വൃദ്ധയുടെ രൂപം കിടക്കുന്നു. ഞങ്ങള്‍ നില്ക്കുന്ന വരാന്തയുടെ നേര്‍ക്ക് തലവച്ച് അങ്ങോട്ടാണ് കിടക്കുന്നത്. അതുകാരണം മുഖം കാണാന്‍ വയ്യ. തലയുടെ മുകള്‍ ഭാഗമേ കാണാവൂ. അമ്മ ഉറങ്ങുകയാണ് എന്നു തോന്നി.
അപ്പോഴേക്കും ഗൃഹനാഥ വന്ന് അമ്മയോട് ആരോ കാണാന്‍ വന്നിരിയ്ക്കുന്നു എന്ന് പറഞ്ഞു. അമ്മ ഉറക്കമല്ലെന്ന് മനസ്സിലായി. കിടന്നിടത്ത് നിന്ന് തല ഉയര്‍ത്തി പുറകില്‍ നില്ക്കുന്ന നമ്മുടെ നേരെ നോക്കി. ഒരു മിനിട്ടോളം അങ്ങനെ നോക്കിക്കൊണ്ട് കിടന്നു. ഞങ്ങള്‍ കൈകൂപ്പി അമ്മയെ തൊഴുതു. യാതൊരു ഭാവ വ്യത്യാസവും ഇല്ലാത്ത നിസ്സംഗതയായിരുന്നു അമ്മയുടെ മുഖത്ത്. വാര്‍ദ്ധ്യക്യത്തിന്റെ ക്ഷീണം ഉണ്ട്. അല്‍പ്പ സമയം ഞങ്ങള്‍ അവിടെ നിന്നു. വീടിന്റെ ചുവരില്‍ ഒരു വൃദ്ധന്റെ ചിത്രം ഉണ്ടായിരുന്നു. ഈ അമ്മയ്ക്കു മുമ്പ് ഈ വീട്ടില്‍ വന്നിരുന്ന മറ്റൊരു അവധൂതന്റെ ചിത്രമാണതെന്ന് ശശികുമാര്‍ പറഞ്ഞു തന്നു. സൂര്യനാരായണ സ്വാമി എന്നാണത്രേ അദ്ദേഹം അറിയപ്പെട്ടിരുന്നത്. അദ്ദേഹം മഹാസമാധി പ്രാപിച്ചതിനു ശേഷമാണ് ഏതാണ്ട് നാല്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ അമ്മ തലശ്ശേരിയില്‍ വന്നത്. ഇവിടെ എത്തുന്നതിനു മുമ്പ് അമ്മ കണ്ണൂരിലെ കടല്‍ത്തീര ഗ്രാമമായ ബര്‍ണ്ണശ്ശേരിയില്‍ കുറേക്കാലം ഉണ്ടായിരുന്നുവത്രേ. ഞാന്‍ കൈയ്യില്‍ കരുതിയിരുന്ന മുറുക്കാന്‍ പൊതി ഗൃഹനാഥനെ ഏല്‍പ്പിച്ചു. ഇപ്പോള്‍ പുറത്തു നിന്ന് കിട്ടുന്നതൊന്നും അമ്മയ്ക്ക് കൊടുക്കാറില്ലെന്ന് പറഞ്ഞ് അദ്ദേഹം അത് വാങ്ങി വച്ചു.
ഇത്രയുമായപ്പോള്‍ അതുവരെ എന്റെ മനസ്സില്‍ വരാതിരുന്ന ഒരു കാര്യം ഞാനോര്‍മ്മിച്ചു. സുഹൃത്തായ വിനോദിന് കാഴ്ചയ്ക്ക് പരിമിതിയുണ്ട്. പകല്‍ ആണെങ്കിലും, ഉച്ച വെയിലുള്ള പുറത്തു നിന്നു കൊണ്ട് മുറിയ്ക്കകത്ത് മങ്ങിയ വെളിച്ചത്തില്‍ കിടക്കുന്ന അമ്മയെ അദ്ദേഹം കണ്ടിട്ടില്ല എന്ന കാര്യം എനിക്ക് ഉറപ്പായിരുന്നു. അത് അദ്ദേഹത്തിന് എത്രമാത്രം ഇച്ഛാഭംഗം ഉണ്ടാക്കിയിരിക്കാം എന്നകാര്യം എന്റെ മനസ്സില്‍ ശക്തമായി കടന്നു വന്നു. ഈയൊരു ദര്‍ശനത്തിനായി എത്രയോ നാളുകളായി ആഗ്രഹിച്ചതാണ്. എറണാകുളത്തു നിന്ന് ഇപ്പോള്‍ ഇത്രദൂരം വരികയും ചെയ്തു. അവിടെ അമ്മയും ആ വീടുകാരും ഞങ്ങള്‍ മൂന്നുപേരും അല്ലാതെ വേറെ യാതൊരു തിരക്കുകളോ ഒന്നും ഇല്ലതാനും. കോവിഡ് കാരണം അടുത്തേക്ക് പോകാന്‍ കഴിഞ്ഞില്ല. സര്‍വ്വതന്ത്ര സ്വതന്ത്രയായ ഒരമ്മയോട് ഞങ്ങള്‍ക്ക് കാണാന്‍ വേണ്ടി ഇങ്ങ് പുറത്തേക്ക് വരാന്‍ പറയാന്‍ പറ്റുമോ ? അമ്മ സ്വയം വരാന്തയിലേക്ക് വന്നേക്കാം. പക്ഷേ എപ്പോള്‍ ? ആര്‍ക്കും പറയാന്‍ കഴിയില്ല. കാത്തുനിന്നാലും അമ്മ പുറത്തേക്ക് വരുമെന്ന് ഒരുറപ്പുമില്ല.
വിനോദോ അദ്ദേഹത്തിന്റെ ബുദ്ധിമുട്ട് അറിയാവുന്ന ഞാനോ ഒന്നും പറഞ്ഞില്ല. അപ്പോള്‍ ആരും പറയാതെ തന്നെ ആ വീടിലെ ഗൃഹനാഥ അടുത്തു ചെന്ന് അമ്മ പുറത്തേക്ക് വന്നിരിക്കാമോ എന്ന് ചോദിയ്ക്കാന്‍ തുടങ്ങി. പുറത്തെ വരാന്തയില്‍ രണ്ടോ മൂന്നോ കസേരകള്‍ ഇട്ടിട്ടുണ്ട്. വിനോദിന്റെ ഹൃദയത്തെ തിരിച്ചറിഞ്ഞതു പോലെ, അമ്മ പതിയെ കട്ടിലില്‍ എണീറ്റിരുന്നു. മെല്ലെ ഗൃഹനാഥയുടെ കൈപിടിച്ച് പുറത്തേക്ക് വന്ന് ആ കസേരകളില്‍ ഒന്നില്‍ ഇരുന്നു ! ഇപ്പോള്‍ അമ്മയ്ക്കും ഞങ്ങള്‍ക്കുമിടയില്‍ മുന്‍വശത്തെ ഗ്രില്ല് മാത്രം. അഞ്ചോ ആറോ അടി അകലത്തില്‍ നല്ല വെളിച്ചത്തില്‍ അമ്മ ഇരിയ്ക്കുന്നു. അപ്പോഴാണ് വിനോദ് അമ്മയെ കണ്ടത്. ഞങ്ങള്‍ എല്ലാവരും കണ്‍കുളിര്‍ക്കെ അമ്മയെ കണ്ടു. അമ്മയുടെ മുഖത്ത് അപ്പോഴും സ്ഥായിയായ ആ നിസ്സംഗഭാവം മാത്രം. അതേ സമയത്തു തന്നെ ഒരു ഓട്ടോ ഡ്രൈവര്‍ അമ്മയെ കണ്ടു വന്ദിച്ചു പോകാനായി അവിടെ വന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി വരാന്തയില്‍ വന്നിരിയ്ക്കുന്ന അമ്മയെ കണ്ട് അദ്ദേഹത്തിനും സന്തോഷമായി. ഒരു അഞ്ചു മിനിറ്റോളം ഇരുന്നുകഴിഞ്ഞ് ഇനി അകത്തു പോകാം എന്നുപറഞ്ഞ് ഗൃഹനാഥ വിളിച്ചപ്പോള്‍ ഒരു കൊച്ചുകുട്ടിയെ പോലെ കൈപിടിച്ച് തന്റെ കട്ടിലിലേക്ക് പോവുകയും ചെയ്തു. അപ്പോള്‍ പുറത്തുനിന്ന് വന്ന ഓട്ടോ ഡ്രൈവര്‍ പറഞ്ഞത് നിങ്ങള്‍ ഭാഗ്യമുള്ളവരാണ് എന്നാണ്. കാരണം അമ്മ വളരെ അപൂര്‍വ്വമായി മാത്രമേ കിടക്കുന്ന മുറിയ്ക്കു പുറത്തേക്ക് വരാറുള്ളൂവത്രേ. അദ്ദേഹം പോലും അമ്മയെ അങ്ങനെ വരാന്തയില്‍ കണ്ടിട്ട് ഒത്തിരി നാളായി എന്നും പറഞ്ഞു. അമ്മയെ കിടത്തിയിട്ട് തിരികെ വന്ന ഗൃഹനാഥയും പറഞ്ഞത് ‘വേറെ ആരെങ്കിലും പറഞ്ഞതു കൊണ്ട് മാത്രം അമ്മ ഒന്നും ചെയ്യാറില്ല, സ്വയം തോന്നിയാല്‍ മാത്രമേ ചെയ്യൂ’ എന്നാണ്. കട്ടിലില്‍ കിടക്കുന്ന അമ്മയെ നോക്കി ഞങ്ങള്‍ ഒന്നുകൂടി തൊഴുതിട്ട് ചാരിതാര്‍ത്ഥ്യത്തോടെ ശശികുമാറിനോട് യാത്ര പറഞ്ഞിറങ്ങി.
പിന്നീട് ഞങ്ങള്‍ മഹേഷിന്റെ വീട്ടിലേക്ക് പോയി. അവിടെ വച്ചും ഈ അമ്മയെ പറ്റി ചര്‍ച്ച നടന്നു. മഹേഷിന്റെ തലശ്ശേരിക്കാരിയായ ഭാര്യ ഒരു അനുഭവം പറഞ്ഞു. അവരുടെ ഒരു ബന്ധുവിന്റെ പുതിയ വീടിന്റെ പാലു കാച്ച് നടന്നു. ആ പുതിയ വീട്ടിലേക്ക് ഈ അമ്മ വരണം എന്ന് അവര്‍ക്ക് വലിയ ആഗ്രഹം ഉണ്ടായത്രേ. പിറ്റേ ദിവസം രാവിലെ ഉറക്കമെണീറ്റ് പുറത്തേക്ക് വന്ന വീട്ടുകാര്‍ കണ്ടത് മുറ്റത്തു നില്ക്കുന്ന അമ്മയെ ആയിരുന്നു. സാധാരണ അമ്മയെ കാണാറുള്ള തിരുവങ്ങാട്ടു നിന്ന് ഏതാണ്ട് എട്ടു കിലോമീറ്റര്‍ ദൂരെ ചൊക്ലി എന്ന സ്ഥലത്താണ് ഈ വീട്. ഈ അമ്മ ഒരു സാധാരണ സ്ത്രീയല്ല എന്ന് ജനങ്ങള്‍ കരുതാന്‍ ഇടയാക്കിയ ഇതുപോലുള്ള ധാരാളം അനുഭവങ്ങള്‍ പറഞ്ഞു കേട്ടു.
ദൈവം, ആരാധന, മതം ഇതൊക്കെ ഇന്ന് വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണ്. ഇവയില്‍ ഓരോന്നിനെ കുറിച്ചും വളരെ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളും സങ്കല്‍പ്പങ്ങളും അവകാശവാദങ്ങളുമുണ്ട്. ഇവിടെ പറഞ്ഞതില്‍ ആദ്യഭാഗം ഒരു വിഗ്രഹം ഒരു കുടുംബത്തിനും അവരിലൂടെ മറ്റു കുറെപ്പേര്‍ക്കും നല്കിയ നിഷേധിയ്ക്കാനാവാത്ത അനുഭവങ്ങളാണ്. വിഗ്രഹാരാധന വെറും അസംബന്ധമാണെന്നും, ശുദ്ധവിഡ്ഢിത്തമാണെന്നും ശക്തമായി വാദിയ്ക്കുന്ന വിഭാഗങ്ങള്‍ ആസ്തികരായ ഹിന്ദുക്കളില്‍ തന്നെ ഉണ്ട്. വേദപുനരുദ്ധാരകനായ സ്വാമി ദയാനന്ദ സരസ്വതിയെ പോലെ വിഗ്രഹാരാധനയെ ഇത്രകണ്ട് എതിര്‍ത്ത ഒരു സമുന്നത ആചാര്യന് ഒരു പക്ഷേ സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. വിഗ്രഹത്തിലൂടെ ആത്മീയമായ എല്ലാം നേടിക്കാണിച്ച് ലോകത്തെ ബോദ്ധ്യപ്പെടുത്തിയ ശ്രീരാമകൃഷ്ണ പരമഹംസന്റെ സമകാലീനന്‍ കൂടിയായിരുന്നു അദ്ദേഹം ! മനുഷ്യന് ചെയ്യാവുന്നതില്‍ വച്ച് ഏറ്റവും വലിയ പാപമാണ് വിഗ്രഹാരാധന എന്ന ഒരൊറ്റ ഭ്രാന്തന് ആശയത്തിന്റെ പേരില്‍ ദശലക്ഷക്കണക്കിന് മനുഷ്യരെ കൂട്ടക്കൊല ചെയ്യുകയും, ആയിരക്കണക്കിന് ആരാധനാലയങ്ങള്‍ തച്ചു തകര്‍ക്കുകയും കൊള്ളയടിയ്ക്കുകയും ചെയ്തതിന്റെ ഒരു നീണ്ട ചരിത്രം തന്നെ നമ്മുടെ മുന്നിലുണ്ട്. അനാചാരം എന്നു പറഞ്ഞ് ചിലര്‍ മാറ്റി നിര്‍ത്താന്‍ ശ്രമിയ്ക്കുന്ന വിഗ്രഹം ഇവിടെയിതാ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നമ്മുടെ കണ്മുന്നില് തന്നെ വിശദീകരിക്കാനാവാത്ത അനുഭവങ്ങള്‍ സമ്മാനിയ്ക്കുന്നു. അപ്പോള്‍ എന്താണ് ഇതിന്റെയൊക്കെ അര്‍ത്ഥം ? എന്താണ് സാധാരണക്കാര്‍ ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത് ?
ഞാന്‍ മനസ്സിലാക്കുന്നത് ഈശ്വരന് എന്നത് സര്‍വ്വതന്ത്ര സ്വതന്ത്രവും അനിര്‍വ്വചനീയവുമായ സത്തയാണ് എന്നാണ്. അക്കാര്യം മനുഷ്യര്‍ എപ്പോഴും മറന്നു പോകുന്നു. ഈശ്വരന് ഇങ്ങനെയാണ്, ഇങ്ങനെയേ ആകൂ, ദൈവത്തെ പറ്റി എല്ലാം ഈ ഗ്രന്ഥത്തില്‍ ഉണ്ട്, അതുമാത്രമേ ശരിയുള്ളൂ എന്ന് ഒരിയ്ക്കലും ഒരാള്‍ക്കും ഒരു ഗ്രന്ഥത്തെ വച്ചിട്ടും പറയാന്‍ സാദ്ധ്യമല്ല. ഈശ്വരന് എന്ന അപരിമേയ സത്തയെക്കുറിച്ച് ചില സൂചനകള്‍ തരാന്‍ മാത്രമേ ഗ്രന്ഥങ്ങള്‍ക്ക് കഴിയൂ. അവിടുന്ന് തനിക്ക് പ്രിയം തോന്നുന്ന ആരുടെ മുന്നിലും ഏത് രൂപത്തിലും എവിടേയും അനുഭവ വേദ്യമായി തീരാം. അത് പ്രകൃതിയിലൂടെ ആവാം, ജീവനില്ലാത്ത വിഗ്രഹങ്ങളിലൂടെ ആവാം, അവധൂതഗുരുക്കന്മാരെ പോലുള്ള ജീവിയ്ക്കുന്ന വിഗ്രഹങ്ങളിലൂടെയും ആവാം.
കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: