കൊല്ലം: വിദേശത്തുനിന്ന് തൊഴില്‍ നഷ്ടപ്പെട്ട് തിരികെ നാട്ടിലെത്തിയ പ്രവാസികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്വയംതൊഴില്‍ വായ്പ കെഎസ്എഫ്ഇ നിഷേധിക്കുന്നതായി പരാതി. വിദേശത്ത് മിനിമം രണ്ടു വര്‍ഷമെങ്കിലും ജോലി ചെയ്തതിനുശേഷം തൊഴില്‍ നഷ്ടപ്പെട്ട് തിരികെ വരുന്ന പ്രവാസികള്‍ക്കു സ്വയം തൊഴില്‍ ചെയ്യുന്നതിന് അഞ്ച് ലക്ഷം രൂപയാണ് വായ്പ നല്‍കുന്നത്. ഈ വായ്പയ്‌ക്ക് കെഎസ്എഫ്ഇയെ സമീപിക്കുന്നവര്‍ക്ക് നോര്‍ക്ക ഐഡി കാര്‍ഡ് ഇല്ലെന്ന കാരണത്താല്‍ ലോണ്‍ നിരസിക്കുന്നു.
വിദേശത്തു ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്ക് മാത്രമേ നോര്‍ക്ക ഐഡി കാര്‍ഡിന് അപേക്ഷിക്കാന്‍ സാധിക്കൂ. വായ്പക്കായി കെഎസ്എഫ്ഇ ഓഫീസുകളില്‍ കയറിയിറങ്ങുന്നവരോട് നോര്‍ക്ക ഐഡി കാര്‍ഡ് വാങ്ങിയതിനുശേഷം വരാന്‍ പറയുകയാണ് ഉദ്യോഗസ്ഥര്‍.
ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കേരള പ്രവാസി വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ സംസ്ഥാന ചെയര്‍മാന്‍ എന്‍.എസ്. വിജയന്‍ നിവേദനം സമര്‍പ്പിച്ചു. 2020ന് ശേഷം നാട്ടില്‍ വന്ന തൊഴില്‍രഹിതരായ, പ്രവാസി ക്ഷേമനിധിയില്‍ അംഗത്വമുള്ളവര്‍ക്ക് വായ്പ നല്‍കാന്‍ നടപടി സീകരിക്കണമെന്നും നിവേദനത്തില്‍ പറയുന്നു. 2008ല്‍ സാമ്പത്തിക മാന്ദ്യം മൂലം തിരികെ വന്നവര്‍ക്കുകൂടി വായ്പ നല്‍കാനുള്ള ഉത്തരവുണ്ടാകണം. പ്രവാസി കാര്‍ഷിക വായ്പകള്‍ക്ക് ആറ് മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: