ബെംഗളൂരു: കര്‍ണ്ണാടക കോണ്‍ഗ്രസിനുള്ളിലെ തമ്മിലടി തുറന്നുകാട്ടുന്ന ശിവകുമാര്‍-സിദ്ധരാമയ്യ പോരിന്റെ ശബ്ദരേഖ പുറത്തായി. റിപ്പബ്ലിക് ചാനലാണ് ഞായറാഴ്ച ഈ ശബ്ദരേഖ പുറത്തുവിട്ടത്.
കോണ്‍ഗ്രസ് നേതാവ് അശോക് പത്താനും സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറിന് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി ടിക്കറ്റ് വിതരണം (ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലേക്കുള്ള ടിക്കറ്റ്) ചെയ്തതിലെ അപാകതകളെക്കുറിച്ച് നടത്തുന്ന സംഭാഷണമാണ് വിവാദമായിരിക്കുന്നത്. അശോക് പത്താന്റെ ചോദ്യത്തിന് സിദ്ധരാമയ്യ മറുപടി പറയുന്നതിങ്ങിനെ:: ‘ഡി.കെ. ശിവകുമാര്‍ ആഗ്രഹിക്കുന്നത് നമ്മള്‍ അദ്ദേഹത്തിന്റെ മുന്നില്‍ കീഴടങ്ങണമെന്നാണ്’. സിറ്റിംഗ് എംഎല്‍എയായിരുന്ന അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിക്ക് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ടിക്കറ്റ് നല്‍കാതിരുന്നത് ഡി.കെ. ശിവകുമാറാണെന്നും സിദ്ധരാമയ്യ ആരോപിക്കുന്നു. ഇതോടെ കര്‍ണ്ണാടകയില്‍ ഡി.കെ. ശിവകുമാര്‍-സിദ്ധരാമയ്യ പോര് മൂക്കുകയാണ്.
കര്‍ണ്ണാടക പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെ പ്രവര്‍ത്തനരീതികളെക്കുറിച്ച് പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയുടെ അനുയായികള്‍ ശക്തമായ വിയോജിപ്പാണ് പ്രകടിപ്പിക്കുന്നത്. ശനിയാഴ്ച ഒരു വാര്‍ത്തസമ്മേളനം തുടങ്ങുന്നതിന് മുന്‍പാണ് കോണ്‍ഗ്രസ് നേതാവ് അശോകും സിദ്ധരാമയ്യയും തമ്മിലുള്ള വിവാദ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നത്. ഇതില്‍ ഡി.കെ. ശിവകുമാര്‍ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിനെ നശിപ്പിക്കുകയാണ് എന്നും സിദ്ധരാമയ്യ പറയുന്നുണ്ട്. എങ്ങിനെയാണ് രണ്ട് തവണ എംഎല്‍എയായ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിക്ക് വീണ്ടും സ്ഥാനാര്‍ത്ഥി ടിക്കറ്റ് ലഭിക്കാതിരുന്നതെന്ന് അശോക് സിദ്ധരാമയ്യയോട് ചോദിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് മുന്‍പ് അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തി സിദ്ധരാമയ്യയുടെ വീട് സന്ദര്‍ശിക്കുകയും സ്ഥാനാര്‍ത്ഥിടിക്കറ്റ് നല്‍കാമെന്ന് സിദ്ധരാമയ്യ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. പിന്നാടാണ് അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിക്ക് ടിക്കറ്റ് നഷ്ടമായത്. ഇതിന് പിന്നില്‍ ഡി.കെ. ശിവകുമാറാണെന്ന് സിദ്ധരാമയ്യ സംഭാഷണത്തിനിടെ വ്യക്തമായി പറയുന്നുണ്ട്. ഡി.കെ. ശിവകുമാര്‍ എല്ലാ നിയമസഭാമണ്ഡലങ്ങളും നശിപ്പിക്കുന്നു എന്നാണ് സിദ്ദരാമയ്യയുടെ പരാതി.
എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ മരുമകന്‍ പി. നവീന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ വീട് അക്രമാസക്തമായ ആള്‍ക്കൂട്ടം കൊള്ളടയടിക്കുകയും തീയിടുകയും ചെയ്തിരുന്നു. ഇതിന് പിന്നില്‍ ഡി.കെ. ശിവകുമാറിന്റെ ഗുണ്ടകളാണെന്ന് പറയപ്പെടുന്നു. അഖണ്ഡ ശ്രീനിവാസനെ ഒഴിവാക്കി പകരം ശിവകുമാര്‍ ഇവിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയത് വീട്കത്തിക്കല്‍ കേസില്‍ പ്രതിയായ സംപത്ത് രാജിനാണ്.
ഇതിനിടെ കോണ്‍ഗ്രസ് ബി.കെ. ഹരിപ്രസാദിനെ പ്രതിപക്ഷ നേതാവാക്കിയതില്‍ പ്രതിഷേധിച്ച് കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന സിഎം ഇബ്രാഹിം പാർട്ടി വിട്ടു. കഴിഞ്ഞ കുറച്ചുനാളുകളായി പ്രതിപക്ഷ നേതൃസ്ഥാനം ലക്ഷ്യമിട്ട് ഇബ്രാഹിം പ്രവർത്തിച്ച് വരികയായിരുന്നു. “തന്നെ സംബന്ധിച്ചടത്തോളം കോൺഗ്രസ് ഇവിടെ അടഞ്ഞ അധ്യായമാണെന്നും” അദ്ദേഹം പറഞ്ഞു.
‘കോണ്‍ഗ്രസ് എന്നത് അടഞ്ഞ അധ്യായമാണ്. സ്വയം നശിച്ചുകൊണ്ടിരിക്കുകയാണ് പാര്‍ട്ടി. ഇന്ദിരാഗാന്ധിയുടെയും നെഹ്‌റുവിന്റെയും കാലത്ത് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയായിരുന്നു. ഇന്ന് പണമില്ലാത്തവര്‍ക്ക് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. സിദ്ധരാമയ്യയ്‌ക്ക് വേണ്ടിയാണ് ജനതാദള്‍ വിട്ടത്. പക്ഷെ തനിക്ക് നേരിടേണ്ടി വന്നത് അവഗണന മാത്രമാണ്’ ഇബ്രാഹിം പറയുന്നു.
ബുധനാഴ്ചയാണ് കോൺഗ്രസ് ബി കെ ഹരിപ്രസാദിനെ പ്രതിപക്ഷ നേതാവായി നിയമിച്ചത്. ഹരിപ്രാസാദ് തന്നെക്കാൾ ജൂനിയറായ നേതാവാണ്, താൻ എങ്ങനെയാണ് അദ്ദേഹത്തിന് കീഴിൽ പ്രവർത്തിക്കുകയെന്നും ഇബ്രാഹിം ചോദിക്കുന്നു. ദേവഗൗഡയുമായും കുമാരസ്വാമിയുമായും സംസാരിച്ച് അടുത്ത തീരുമാനമെടുക്കുമെന്നും ഇബ്രാഹിം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: