തിരുവനന്തപുരം: ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫിനെതിരെ ഗുരുതര ആരോപണവുമായി മുന്‍മന്ത്രി കെ ടി ജലീല്‍. മുന്‍മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സ്വന്തം സഹോദര ഭാര്യക്ക് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലര്‍ പദവി വിലപേശി വാങ്ങിയ ആളെന്ന ഗുരുതര ആരോപണമാണ് മുന്‍ സുപ്രിം കോടതി ജഡ്ജിയായിരുന്ന ന്യായാധിപനെതിരെ ഉന്നയിച്ചിരുക്കുന്നത്. സിറിയക് ജോസഫിന്റെ സഹോദരന് ജയിംസ് ജോസഫിന്റെ ഭാര്യ ജാന്‍സി ജയിംസിനെ യുഡിഫ് കാലത്ത് എം ജി സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിച്ചിരുന്നു.
സിറിയക് ജോസഫ് ഹൈക്കോടതി ജഡ്ജി ആയിരുന്നപ്പോള്‍ അദ്ദേഹം അടങ്ങിയ ബഞ്ചാണ് ഐസ് ക്രിം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടി കുറ്റക്കാരനല്ലന്ന വിധിച്ചത്. 2005 ജനുവരി 25 ന് പുറത്ത് വന്ന കേസിലെ വിധിയുടെ കോപ്പിയും 2004 നവംബര്‍ 14 ന് വൈസ് ചാന്‍സലര്‍ പദവി സഹോദര ഭാര്യ ഏറ്റതിന്റെ രേഖയുമെല്ലാം നാട്ടിലെ മുറുക്കാന്‍ കടകളില്‍ പോലും കിട്ടുമെന്നാണ് ജലീല്‍ ഫേസ് ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ലോകായുക്തയുടെ വിധിയുടെ അടിസ്ഥാനത്തില്‍ മന്ത്രിപണി പോയ ജലീല്‍ അതിന്റെ ദേഷ്യം മുഴുവന്‍ തീര്‍ക്കുന്ന തരത്തിലാണ് കുറിപ്പ് എഴുതിയിരിക്കുന്നത്.
ലോകായുക്തയായി സിറിയക് ജോസഫിനെ നിയമിച്ചത് 2019 മാര്‍ച്ച് 29 ന് ഒന്നാം പിണറായി സര്‍ക്കാറാണ്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും ചേര്‍ന്ന സമിതിയില്‍ മുഖ്യമന്ത്രിയാണ് പേര് നിര്‍ദ്ദേശിച്ചത്. അദ്ദേഹത്തെ പിണറായി സര്‍ക്കാരിനെ പിന്നില്‍ നിന്ന് കുത്താന്‍ യുഡിഎഫ് കണ്ടെത്തി പുതിയ ”കത്തി” എന്ന് അന്ന് മന്ത്രി ആയിരുന്ന ജലീല്‍ വിശേഷിപ്പിക്കുമ്പോള്‍ മുഖ്യമന്ത്രിയെക്കൂടി സംശയത്തിതന്റെ നിഴലില്‍ നിര്‍ത്തുകയാണ്.
കേന്ദ്ര മനുഷ്യാവകാശ കമ്മീഷനായി കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ച ‘മാന്യനെ’ ഇപ്പോള്‍ ഇരിക്കുന്ന പദവിയില്‍ പന്തീരാണ്ടുകാലം കുടിയിരുത്തി കേരളത്തിലെ ഇടതുപക്ഷ സര്‍ക്കരിനെ അസ്ഥിരപ്പെടുത്താനാണ് യുഡിഎഫ് നേതാക്കളുടെ പടപ്പുറപ്പാടെന്നും ജലീല്‍ പറയുന്നു. യുപിഎ ഭരണകാലത്ത് സിറിയക് ജോസഫിനെ ദേശീയ മനുഷ്യാവകാശ കമ്മീഷനായി കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചിരുന്നു. പ്രതിപക്ഷമായ ബിജെപി എതിര്‍ത്തെങ്കിലും ഇടതുപക്ഷം അനൂകൂലമായിരുന്നു.
മഹാത്മാഗാന്ധിയുടെ കയ്യില്‍ വിശ്വസിച്ച് കൊടുത്ത ആയുധം ഗോദ്സെയുടെ കയ്യില്‍ കിട്ടിയാല്‍ സംഭവിക്കുന്ന ദുരന്തമാണ് ലോകായുക്താ നിയമവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്നതെന്നാണ് ജലീലിന്റെ ആരോപണം
ലോകായുക്തയ്ക്കെതിരായ കെടി ജലീലിന്റെ ആരോപണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെ പിന്നിൽ നിന്ന് കുത്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജസ്റ്റിസ് സിറിയക് ജോസഫിനെ ലോകായുക്തയായി പരിഗണിച്ചത് ജലീലിന്റെ ഗോഡ് ഫാദറായ പിണറായി വിജയന് തന്നെയാണ്. പിണറായി വിജയനെയാണ് ജലീൽ തള്ളിപ്പറയുന്നത്.
കനപ്പെട്ട തെളിവായി ജലീല്‍ പുറത്തുവിട്ട ഹൈക്കോടതി ഉത്തരവ് കണ്ടു. ആ വിധി പ്രസ്താവം നടത്തിയിരിക്കുന്നത് അന്നത്തെ ചീഫ് ജസ്റ്റിസ് ബി സുഭാഷണ് റെഡ്ഡിയാണ്. ഡിവിഷന് ബെഞ്ചിലെ അംഗം മാത്രമായിരുന്നു ജസ്റ്റിസ് സിറിയക് ജോസഫ്. പുറത്തുവിട്ട ‘രേഖ’യില്‍ അതു വ്യക്തവുമാണ്. ഇതൊന്നും ആര്‍ക്കും അറിയാത്തതോ കിട്ടാത്തതോ ആയ രഹസ്യ രേഖയല്ല. ഹൈക്കോടതി വിധിയും എംജി സർവകലാശാല വിസിയുടെ നിയമനവുമൊക്കെ പൊതുസമൂഹത്തിന് മുന്നിലുള്ളതാണ്. ഇപ്പോള്‍ അതിനെ രഹസ്യരേഖയെന്ന പോലെ അവതരിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും വിഡി സതീശൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: