വീട്ടിലേക്ക് പത്മശ്രീ പുരസ്കാരം എത്തുമ്പോഴും പി.നാരായണക്കുറുപ്പ് പതിവുപോലെ നിസ്സംഗനാണ്. പേരൂര്‍ക്കട ഇന്ദിരാ നഗര്‍ 38 നമ്പര്‍ വീട്ടില്‍ നാട്ടിന് പുറത്തുകാരന്റെ നന്മയുള്ള മനസും നിറഞ്ഞ ചിരിയുമായി കുറുപ്പ് സാര്‍. ആധുനിക ജീവിതത്തിന്റെ അനിവാര്യഘടകങ്ങളായിത്തീര്ന്ന പൊള്ളത്തരങ്ങളുടെയും പൊങ്ങച്ചങ്ങളുടെയും വൈരുദ്ധ്യങ്ങളുടെയും കപടനാട്യങ്ങളുടെയും ഉള്ളുകീറി പരിശോധിക്കുന്നതില്‍ എന്തെന്നില്ലാത്ത താല്‍പ്പര്യം പ്രകടിപ്പിച്ചു പോരുന്ന കവി രാജ്യത്തിന്റെ അംഗീകാരം ലഭിച്ചതിലുള്ള ആഹ്ലാദം മറച്ചുവയ്ക്കുന്നുമില്ല.
”സന്തോഷം, അഭിമാനം, ഭാഗ്യം നിറഞ്ഞ മുഹൂര്‍ത്തം. ജീവിതത്തിലെ സുവര്‍ണ്ണ രേഖയാണിത്. ഒരു പുതിയ വെളിച്ചമായി കാണുന്നു. ഇത്രയും വലിയ പുരസ്കാരം കിട്ടാന്‍ മാത്രം ഞാന്‍ എഴുതിയോ? കവിതയുടേയും നിരൂപണത്തിന്റേയും ജനപ്രീതി ഇടിഞ്ഞു നില്ക്കുന്ന കാലത്ത് കിട്ടുന്ന പുരസ്കാരം ഇനിയുമേറെ എഴുതാനുണ്ടെന്ന തോന്നല്‍ ഉണ്ടാക്കുന്നു. മലയാള സാഹിത്യം ശ്രദ്ധിക്കപ്പെടുന്നു എന്നതിന്റെ തെളിവാണ് ഇത്തരം പുരസ്കാരങ്ങള്‍. ഭാവി എഴുത്തുകാര്‍ക്ക് ഇത് പ്രചോദനമാണ്” നാരായണക്കുറുപ്പ് പറയുന്നു.
പ്രതിഭാശാലിയായ കവി, കരുത്തുറ്റ നിരൂപകന്, സമര്‍ത്ഥനായ വിവര്ത്തകന്, ദൃഢമനസ്കനായ സാംസ്കാരിക നായകന്, കുശലനായ സംഘാടകന്‍, രംഗകലകളുടെ മര്‍മ്മമറിഞ്ഞ സഹൃദയന്, ബഹുഭാഷാപണ്ഡിതന്‍, വിനയത്തിന്റെയും ലാളിത്യത്തിന്റെയും നേര്‍രൂപം. മലയാളഭാഷയ്ക്കും സാഹിത്യത്തിനും അനല്പമായ സംഭാവനകളര്പ്പിച്ചിട്ടും സംഘപരിവാര്‍ ആയതുകൊണ്ട് പാര്‍ശ്വവത്കരിക്കുകയോ തമസ്കരിക്കുകയോ ചെയ്തു. ഇടത്-വലത് രാഷ്ട്രീയ സംവിധാനങ്ങള്‍ക്ക് സ്വാധീനമുള്ള പുരസ്കാരങ്ങളൊന്നും തേടിയെത്തിയില്ല. അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പി.നാരായണക്കുറുപ്പിന്റെ കാവ്യപ്രപഞ്ചത്തെ ഇതുവരെ മലയാള നിരൂപകര്‍ നോക്കിക്കണ്ടിട്ടില്ല. സാംസ്കാരിക കേരളം വേണ്ടത്ര അംഗീകരിച്ചോ എന്ന ചോദ്യത്തിനും കവിയുടെ മറുപടി.
”അവാര്‍ഡുകള്‍ സൃഷ്ടികളുടെ ബലംകൊണ്ടും പുണ്യംകൊണ്ടും അപൂര്‍വ്വത കൊണ്ടും വന്നുചേരേണ്ടതാണ്. 25-ാം വയസ്സില്‍ നിരൂപണത്തിന് കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. കവിതയ്ക്കും നിരവധി അവാര്‍ഡുകള്‍ കിട്ടി. ഇപ്പോള്‍ പത്മ പുരസ്കാരവും. ഇതൊക്കെ വലിയ കാര്യമല്ലേ. കലാകാരന്മാരേയും പ്രതിഭകളെയും സാഹിത്യകാരന്മാരെയും രാഷ്ട്രീയത്തിന്റെ അളവുകോലില്‍ തൂക്കരുത്. പ്രതിഭയും സര്ഗ്ഗസൃഷ്ടിയുമാണ് വിലയിരുത്തേണ്ടത്. ദേശീയ പുരുഷന്മാരും ദേശീയ മാനബിന്ദുക്കളും ദേശീയ പാരമ്പര്യവും ദേശീയ മൂല്യവ്യവസ്ഥയും എന്റെ മുഖ്യ പ്രചോദന സ്രോതസ്സുകളാണ്. അതിനാല്‍ ദേശീയത ഉയര്ത്തിപ്പിടിക്കുന്നവര്ക്കൊപ്പം നില്ക്കാന് സന്തോഷം തോന്നും. 10 വര്‍ഷം തപസ്യയുടെ അദ്ധ്യക്ഷനായിരുന്നതും, ഇപ്പോള്‍ രക്ഷാധികാരിയായി പ്രവര്‍ത്തിക്കുന്നതും എഴുത്തിന് ഏറെ ഗുണം ചെയ്തു. തപസ്യയ്ക്ക് മലയാള സാഹിത്യ മേഖലയ്ക്ക് ഏറെ സംഭാവനകള്‍ നല്കാന് സാധിക്കും.”
സാമൂഹ്യവിമര്‍ശനത്തിന്റെ ഉത്തമ മാധ്യമമെന്ന നിലയില്‍ കവിതയെ സക്രിയമായും സാര്‍ത്ഥകമായും സര്‍ഗാത്മകമായും ഉപയോഗപ്പെടുത്തിയ കവിയെന്ന നിലയിലാണ് സഹൃദയലോകം പി.നാരായണക്കുറുപ്പിനെ അംഗീകരിക്കുന്നതും അടയാളപ്പെടുത്തുന്നതും. പാരമ്പര്യത്തിന്റെ മണ്ണില്‍ വേരൂന്നി നില്‍ക്കുകയും ആധുനിക ജീവിതത്തെ അതിന്റെ സമഗ്രസങ്കീര്ണ്ണതകളോടെ ആവിഷ്കരിക്കുകയും ചെയ്യുന്ന ഒന്നാന്തരം കവിതകളാണ് എഴുതിയത്. അനുകരണത്തിന്റെയോ കൃത്രിമത്വത്തിന്റേയോ കറപുരളാത്ത കവിതകള്‍. വേദോപനിഷത്തുകളിലൂടെയും പുരാണേതിഹാസങ്ങളിലൂടെയും പക്വത പ്രാപിച്ചുവന്ന സര്‍വതല സ്പര്‍ശിയായ ആദ്ധ്യാത്മിക പ്രബുദ്ധത തന്നെയാണ് നാരായണക്കുറുപ്പിന്റെ കവിതകളിലും ചാലകശക്തി. സമഗ്രാധിപത്യത്തിന് പ്രാമുഖ്യം നല്കുന്ന പ്രത്യയശാസ്ത്രങ്ങളെ തുറന്നെതിര്‍ക്കാനുള്ള ആര്‍ജ്ജവം. കാവ്യഭാഷയിലും പ്രമേയസ്വീകരണത്തിലും ഇത്രത്തോളം പരീക്ഷണങ്ങള്‍ നടത്താന്‍ ഔത്സുക്യം കാട്ടിയ കവികള്‍ അധികമില്ല. കവിയായി അറിയാനാണ് അദ്ദേഹം ഏറെ ഇഷ്ടപ്പെടുന്നതും.
”കാല് നൂറ്റാണ്ടിലേറെ ജീവിച്ചത് ദല്‍ഹിയില്‍. അവിടുത്തെ സമ്പന്നമായ സൗഹൃദകൂട്ടായ്മയാണ് എന്നിലെ സാഹിത്യകാരനെ ശരിയായി കണ്ടെത്തിയതും പ്രോത്സാഹിപ്പിച്ചതും. ആംഗലേയ സാഹിത്യത്തിലും രാഷ്ട്ര ഭാഷയിലും ഉളള അവഗാഹം തുണയായി. ആധുനിക മലയാളകവിതക്ക് അഭികാമ്യമായ ദിശാവ്യതിയാനം നിര്‍ദ്ദേശിക്കുവാന്‍ മുന്‍കൈയെടുത്ത എന്‍.വി. കൃഷ്ണവാര്യരുടെ നിര്‍ലോഭമായ പ്രോത്സാഹനം മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ കവിതകള്‍ വെളിച്ചം കണ്ടുതുടങ്ങാന്‍ കാരണമായി. കെ.അയ്യപ്പ പണിക്കര്‍, എസ്.ഗുപ്തന് നായര്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി തുടങ്ങിയ ഗുരുക്കന്മാരും വഴിവിളക്കായി. അവര്‍ക്കൊക്കെ അര്പ്പിക്കാനുളളതാണ് ഈ പുരസ്കാരം.”
കവി എന്നതിലുപരി മലയാള വിമര്‍ശന ശാഖയ്ക്ക് അഭികാമ്യമായ ദിശാവ്യതിയാനം നിര്‍ദ്ദേശിച്ച അനേകം പഠനഗ്രന്ഥങ്ങളുടെ കര്‍ത്താവ്. ഭാരതീയ സാഹിത്യമീമാംസയിലും പാശ്ചാത്യസാഹിത്യദര്ശനങ്ങളിലും പരിനിഷ്ഠിതമായ പാണ്ഡിത്യത്തിനുടമ. സാഹിത്യവിമര്‍ശനം സിദ്ധാന്തപരമായ അടിമത്തത്തിന്റെയും കേവല സ്തുതിപാഠങ്ങളുടെയും കൂത്തരങ്ങുകളായി അധഃപതിക്കുന്ന ദുരവസ്ഥയ്ക്ക് അറുതിവരുത്താന്‍ ദൃഢപ്രതിജ്ഞയെടുത്ത വിമര്‍ശക പ്രതിഭ. 25-ാം വയസ്സില്‍ വിമര്‍ശന ഗ്രന്ഥത്തിന് സാഹിത്യ അക്കാദമി പുരസ്കാരം നേടിയ നാരായണക്കുറുപ്പിന്റെ വിമര്ശനപ്രപഞ്ചം മൗലികതയുള്ള ആലോചനകളാലും നിഷ്കല്മഷമായ സഹൃദയത്വത്തിന്റെ ഉപോത്പന്നമായ പുതുബോധ്യങ്ങളാലും സമ്പന്നമാണ്.
”എന്തെഴുതിയാലും കവിത തന്നെയാണ് എന്റെ ആത്മാവിഷ്കാരം. കവിതയോടു തന്നെയാണ് പ്രേമം. കവി നാരായണക്കുറുപ്പ് എന്നറിയപ്പെടുന്നതാണിഷ്ടവും. എന്തിനോടെങ്കിലും വാശിയോ ആരോടെങ്കിലും പ്രതിഷേധമോ ഉള്ളപ്പോള്‍ എതിര്‍പ്പറിയിക്കാനാണ് നിരൂപണങ്ങള്‍ എഴുതിയിട്ടുള്ളത്. സ്വാമി വിവേകാനന്ദന്, സുഭാഷ് ചന്ദ്രബോസ്, ജയപ്രകാശ് നാരായണന് എന്നിവര്‍ യഥാര്‍ത്ഥ ദേശീയതയുടെ ബിംബങ്ങള്‍ ആയതിനാല്‍ അവരുടെ ജീവിതചരിത്രവും എഴുതി. ഭൗതികശാസ്ത്രത്തിന്റെ മുന്നേറ്റവും വ്യാപാര മനഃസ്ഥിതിയും മനോവ്യാപാരത്തെ നിത്യജീവിത പ്രശ്നത്തിലേക്കും ലാഭക്കച്ചവടത്തിലേക്കും തളച്ചിടുകയും ചെയ്യുന്ന കാലഘട്ടത്തിലും ‘വിശ്വമാനവികത’ എന്ന ദര്‍ശനം അനേകം ഋഷിതുല്യരായ ആചാര്യന്മാരുടെ വാക്കിലും കര്‍മ്മത്തിലും നിലനിന്നതു നമ്മുടെ നാട്ടില്‍ മാത്രമാണ്. ഈ വസ്തുത അനേകം ദുഃഖകരമായ സംഭവ പരമ്പരയ്ക്കിടയിലും നമുക്കു സ്വാഭിമാനവും സാന്ത്വനവും പകരുന്നു. പതിനെട്ടാം ശതകം മുതല്‍ തുടങ്ങിയ മുഗളന്മാരില്‍നിന്നുള്ള വിമോചനത്തിന്റെ ചരിത്രം ഝാന്‍സിറാണി, താന്തിയാതൊപ്പെ, ശിവജി, അനേകം രാജാക്കന്മാര്, ബലിദാനികള്‍, ഭക്തിപ്രസ്ഥാനം, ആര്യസമാജം, പ്രാര്‍ത്ഥനാസമാജം തുടങ്ങിയ സാര്‍വ്വത്രികമായ നവോത്ഥാന പ്രവര്‍ത്തന പരമ്പര. അടുത്ത കാലത്തെ സ്വാതന്ത്ര്യസമരം, രാമരാജ്യം എന്ന മുദ്രാവാക്യം. കേരളത്തില്‍ത്തന്നെ എത്രയോ ആദ്ധ്യാത്മികഗുരുക്കന്മാര്‍ ഭക്തിയെയും സാമൂഹിക സമത്വത്തെയും ജനനന്മയെയും ഒരേ ശ്വാസത്തിലല്ലേ പറഞ്ഞു ഫലിപ്പിച്ചതും, ഒരേ കര്‍മ്മത്താലല്ലേ കൂട്ടിയിണക്കിയതും. ഈ സമഗ്രവീക്ഷണവും പാരമ്പര്യവും ആധുനികസാമൂഹികാവശ്യവും തമ്മിലുള്ള സംയോജനവും ആണു ഭാരതത്തിന്റെ ശക്തി എന്ന തിരിച്ചറിവും എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട്.”
പി. നാരായണക്കുറുപ്പിന്റെ ‘ദശപുഷ്പം’ എന്ന കവിതാ സമാഹാരത്തിന് എഴുതിയ അവതാരികയില്‍ കെ. അയ്യപ്പപണിക്കര്‍ എഴുതിയതിങ്ങനെയാണ്. ”സാഹിത്യം മാത്രമല്ല, നാരായണക്കുറുപ്പിന് വഴങ്ങുന്നത്. സംഗീതം, (സിനിമാപ്പാട്ടല്ല, സാക്ഷാല്‍ സോപാനവും കര്‍ണാടകവും ഒരുപക്ഷേ ഹിന്ദുസ്ഥാനിയും നാടോടിപ്പാട്ടും) നാടകം, കഥകളി, കൂടിയാട്ടം, നാടന്‍കലകള്‍, വൃത്തശാസ്ത്രം, അഭിനയ തത്ത്വം, ഭാരതീയ തത്ത്വചിന്ത, പുരാണ വിജ്ഞാനീയം… എല്ലാം കുറുപ്പിന് വശഗതമാണ്. കുറുപ്പിന്റെ ചക്കില്‍ ഇതെല്ലാം ആടും.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: