മക്കളേ,
പ്രാര്‍ത്ഥന എന്താണ്, എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടത് എന്നു പലരും ചോദിക്കാറുണ്ട്. സ്വാര്‍ത്ഥതയുടെയും അഹങ്കാരത്തിന്റെയും അശാന്തിയുടെയും ഇടുങ്ങിയ ലോകത്തുനിന്ന് നിസ്വാര്‍ത്ഥതയുടെയും വിനയത്തിന്റെയും ശാന്തിയുടെയും വിശാലമായ ലോകത്തേയ്ക്ക് നമ്മളെ നയിക്കുന്ന ഒന്നാണ് പ്രാര്‍ത്ഥന. നിത്യമേത് അനിത്യമേത് എന്നു മനസ്സിലാക്കിയുള്ള പ്രാര്‍ത്ഥനയാണ് ഉത്തമമായ പ്രാര്‍ത്ഥന. ഈശ്വരന് ക്ഷേത്രമതിലുകള്‍ക്കുള്ളില്‍ ഒതുങ്ങുന്ന ശക്തിയല്ല. ആകാശത്തിനപ്പുറത്ത് എവിടെയോ സ്വര്‍ണ്ണസിംഹാസനത്തിലിരുന്നു പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ആളുമല്ല. അവിടുന്ന് ഈ വിശ്വമെങ്ങും നിറഞ്ഞിരിക്കുന്നതും സകലതിലും കുടികൊള്ളുന്നതുമായ ചൈതന്യമാണ്. ആ ബോധത്തോടെയാവണം നമ്മള് പ്രാര്‍ത്ഥിക്കേണ്ടത്.
ആഗ്രഹങ്ങള്‍ സഫലീകരിക്കാന്‍ വേണ്ടി മാത്രമുള്ള പ്രാര്‍ത്ഥന യഥാര്‍ത്ഥ പ്രാര്‍ത്ഥനയാണെന്നു പറയാനാവില്ല. ആഗ്രഹങ്ങള്‍ നിറഞ്ഞ മനസ്സ് അനേകം ദ്വാരങ്ങളുള്ള ഒരു തൊട്ടിപോലെയാണ്. അതില്‍ നിറയ്ക്കുന്ന വെള്ളമെല്ലാം ചോര്‍ന്നുപോകും. അതുപോലെ ആഗ്രഹങ്ങള്‍ നിറഞ്ഞ മനസ്സിന് ആത്മീയശക്തി സംഭരിക്കാനാവില്ല. അത്തരം മനസ്സിന് ഒരിക്കലും ശാന്തിയും സന്തോഷവും അനുഭവിക്കാനാവില്ല. എന്നാല്‍, നിഷ്കാമമായ മനസ്സ് അങ്ങനെയല്ല. അത്തരം മനസ്സില്‍ ഈശ്വരനോടുള്ള പ്രേമം മാത്രമാണുള്ളത്. അതില്‍ നിന്നുയരുന്ന പ്രാര്‍ത്ഥന ഹൃദയശുദ്ധിക്കു വേണ്ടി മാത്രമാണ്. അത്തരം മനസ്സില്‍ ശാന്തിയും സന്തോഷവും നിറഞ്ഞുകൊണ്ടേയിരിക്കും. വാസ്തവത്തില്‍ അങ്ങനെ പറയുന്നതും ശരിയല്ല. കാരണം ശാന്തിയും സന്തോഷവും നമ്മുടെ ഉള്ളില്‍ തന്നെയുള്ളതാണ്. അതിനെ ഉണര്‍ത്താനുള്ള ഒരു മാര്‍ഗ്ഗമാണ് പ്രാര്‍ത്ഥന. അതുകൊണ്ട് പ്രാര്‍ത്ഥനയുടെ പൂര്‍ണ ഫലം കിട്ടണമെങ്കില്‍, ആദ്യം മനോഭാവം ശരിയാകണം. സ്വന്തം കാര്യങ്ങള്‍ക്കു വേണ്ടി മാത്രം പ്രാര്‍ത്ഥിക്കാതെ, എല്ലാവരുടെയും സുഖത്തിനും സന്തോഷത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണം. ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’ എന്നത് ഉത്തമമായ പ്രാര്‍ത്ഥനയാണ്.
ഒരിക്കല്‍ ശ്രീകൃഷ്ണപത്നിയായ രുഗ്മിണി ചിന്തിച്ചു, ‘സകല യോഗ്യതകളും തികഞ്ഞ എത്രയോ പെണ്ണുങ്ങള് ഉണ്ടായിട്ടും ഭഗവാന് എന്നെയാണല്ലൊ ആദ്യം വിവാഹം കഴിച്ചത്. എനിക്ക് ഏറ്റവുമധികം പ്രേമം ഭഗവാനോടുള്ളതു കൊണ്ടല്ലെ അവിടുത്തെ രാജ്ഞിയായി എന്നെത്തന്നെ തിരഞ്ഞെടുത്തത്.’ ഇങ്ങനെ ചിന്തിച്ചതോടെ രുഗ്മിണിയുടെ മനസ്സില്‍ അഹങ്കാരം തലയുയര്‍ത്തി. അങ്ങനെയിരിക്കെ ഒരു ദിവസം ഭഗവാന് ഒരു യുദ്ധത്തിനുപോയി. കുറച്ചുകഴിഞ്ഞ് രുഗ്മിണി നോക്കിയപ്പോള്‍ കൊട്ടാരത്തില്‍ മറ്റാരുമില്ല. അവരെല്ലാം
പുറത്തെവിടെയെങ്കിലും ഉണ്ടാകുമെന്ന് രുഗ്മിണി ചിന്തിച്ചു. എന്നിട്ട് വീണ്ടും ശ്രീകൃഷ്ണനോട് തനിക്കുള്ള ഭക്തിയുടെ മഹത്വത്തെക്കുറിച്ചു ചിന്തിച്ച് അഹംഭാവത്തോടെ ഇരുന്നു. യുദ്ധം കഴിഞ്ഞ് കൃഷ്ണന് തിരിച്ചു വന്നു. രുഗ്മിണി സന്തോഷത്തോടെ ഭഗവാനെ സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞു, ‘ഭഗവാനെ, അവിടുന്ന് യുദ്ധത്തിനുപോയ ഉടനെ കൊട്ടാരത്തിലുള്ളവര്‍ എല്ലാവരും എവിടെയോ പോയി. അവരെ ആരെയും ഇവിടെയെങ്ങും കണ്ടില്ല.’ ഭഗവാന് പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു, ‘അവരെല്ലാം നദീതീരത്ത് കുടില്‍കെട്ടി ഉപവാസമെടുത്ത് യുദ്ധത്തില്‍ ഞാന്‍ വിജയിക്കാനായി പ്രാര്‍ത്ഥിക്കുകയായിരുന്നു.’ അതുകേട്ട് രുഗ്മിണിയുടെ ശിരസ്സ് അറിയാതെ കുനിഞ്ഞുപോയി.
സ്വാര്‍ത്ഥമായ കാര്യസാദ്ധ്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മള് മനസ്സിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കു വഴങ്ങുകയാണു ചെയ്യുന്നത്. അതു വാസനകള്‍ വര്‍ദ്ധിപ്പിക്കാനും ഇടയാക്കുന്നു. ഓരോ പുതിയ ആഗ്രഹവും ഇന്ദ്രിയാനുഭവങ്ങളുടെ പുതിയ പുതിയ ലോകങ്ങള്‍ തുറക്കാനുള്ള താക്കോലാണ്. നമ്മെ ബന്ധിക്കുന്ന കാമക്രോധാദികളാകുന്ന ചങ്ങലയ്ക്കു പുതിയ കണ്ണികള്‍ ഉണ്ടാക്കുകയാണ് ഓരോ ആഗ്രഹവും ചെയ്യുന്നത്. ആഗ്രഹം ഉള്ളപ്പോള്‍ കാമം, അതു സാധിച്ചില്ലെങ്കില്‍ ക്രോധം, ആഗ്രഹം സാധിച്ചാല്‍ മദം, താന്‍ ആഗ്രഹിച്ചത് മറ്റൊരാള്‍ക്കു കിട്ടിയാല്‍ അസൂയ, കിട്ടിയതു നഷ്ടമായാല്‍ ശോകം. ഇങ്ങനെ ഓരോ ആഗ്രഹത്തിന്റെയും പിന്നാലെ എല്ലാ ദുര്‍വാസനകളും ഒന്നൊന്നായി എത്തിച്ചേരുന്നു. മറിച്ച്, ആത്മസാക്ഷാത്ക്കാരമാണ് നമ്മുടെ ലക്ഷ്യമെങ്കില്‍, ചിത്തശുദ്ധിക്കുവേണ്ടി മാത്രമാണു നമ്മള്
പ്രാര്‍ത്ഥിക്കുന്നതെങ്കില്‍, അതു വാസനകളെ വളര്‍ത്തുകയില്ലെന്നു തന്നെയല്ല അവയെ ക്രമേണ നശിപ്പിക്കുകയും ചെയ്യും. ആ പ്രാര്‍ത്ഥന നമ്മുടെ ജീവിതവീക്ഷണം തന്നെ മാറ്റിമറിക്കും. തന്നെയുമല്ല, നിരന്തരമായ പ്രാര്‍ത്ഥനയിലൂടെ പഴയ വ്യക്തിത്വം മാറി അതിന്റെ സ്ഥാനത്ത് പുതിയ ഒരു വ്യക്തി ജനിക്കുന്നു. വ്യക്തിയിലുള്ള ഈ പരിവര്‍ത്തനമാണ് ഒരാളുടെ പ്രാര്‍ത്ഥന ഏതു തരത്തിലുള്ളതാണെന്നു വ്യക്തമാക്കുന്നത്. കാമ്യഭക്തിയോടെ പ്രാര്‍ത്ഥിക്കുന്നവര്‍ക്കു ആഗ്രഹം സഫലമായാലും അവരുടെ വ്യക്തിത്വം മാറുകയില്ല. അവരുടെ ജീവിതവീക്ഷണത്തില്‍ ഒരു വ്യത്യാസവും കാണുകയില്ല.
ലോകത്തിലെ എല്ലാ നല്ല പ്രാര്‍ത്ഥനകളുടെയും സാരം പരിശോധിച്ചാല്‍ ഒന്നാണ്, ‘ഈശ്വരാ, ഞാനൊന്നുമല്ല, അവിടുന്നാണെല്ലാം.’എന്താണിതിന്റെ അര്‍ത്ഥം. വിശ്വശക്തിയുടെ മുന്നില്‍ ‘ഒന്നുമല്ലാതായാല്‍, എല്ലാമാകാം.’ ആ ശക്തിയുടെ മുന്പില് തല കുനിച്ചാല്‍, ആ ശക്തിയുടെ പ്രവാഹം ഉള്ളില്‍ അനുഭവപ്പെടും. അതാണ് പ്രാര്‍ത്ഥനയുടെ തത്വം. വിനയം, എളിമ; അതാണ് വളര്‍ത്തേണ്ടത്. ബുദ്ധിയില്‍ നിന്നും ഹൃദയത്തിലേക്ക് ജീവിതത്തെ കൊണ്ടുവരാനുള്ളതാണ് പ്രാര്‍ത്ഥന. അതിലൂടെ ഉണരുന്ന ചരാചരപ്രേമം നമ്മുടെ ജീവിതത്തെ ധന്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: