ചെന്നൈ: മതപരിവര്‍ത്തനശ്രമത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തഞ്ചാവൂരിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ലാവണ്യ ആത്മഹത്യ ചെയ്ത സംഭവം സിബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലാവണ്യയുടെ അച്ഛന് മദ്രാസ് ഹൈക്കോടതി സമീപിച്ചു. ഈ കേസില്‍ മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി.ആര്. സ്വാമിനാഥന് ലാവണ്യയുടെ അച്ഛന്, പ്രതികളായ തിരുക്കാട്ടുപള്ളി സേക്രഡ് ഹാര്‍ട്ട് സ്കൂള്‍ അധികൃതര്‍ എന്നിവരുടെ വാദം കേട്ടു.
മതപരിവര്‍ത്തനം നടത്താന്‍ സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ചതിന്റെ പീഢനം സഹിക്ക വയ്യാതെ ലാവണ്യ ആത്മഹത്യ ചെയ്തു എന്നതാണ് കേസ്. ഇക്കാര്യത്തില്‍ തമിഴ്നാട് പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛന് വേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചു.
നേരത്തെ ബിജെപി പുറത്തുവിട്ട വീഡിയോയില്‍ ആത്മഹത്യ ചെയ്ത ലാവണ്യ എന്ന പെണ്‍കുട്ടി തന്നെ മതപരിവര്‍ത്തനം നടത്താന്‍ സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ചതായി പെണ്‍കുട്ടി വിശദീകരിക്കുന്നുണ്ട്. ഹോസ്റ്റല്‍ വാര്ഡന് സഗായ മേരി ഏല്‍പ്പിച്ച അധിക ജോലികളുടെ സമ്മര്‍ദ്ദഫലമായാണ് ആത്മഹത്യ ചെയ്തതെന്ന് പെണ്‍കുട്ടി മറ്റൊരു വീഡിയോയിലും പറയുന്നുണ്ട്.
ഇപ്പോള്‍ കുറ്റമെല്ലാം ഹോസ്റ്റല്‍ വാര്‍ഡന്റെ മേല്‍ കെട്ടിവെച്ച് മതപരിവര്‍ത്തനം എന്ന പ്രശ്നം മായ്ച്ചുകളയാനാണ് പള്ളിയുടെയും ഡിഎംകെയുടെയും മറ്റ് ബിജെപി വിരുദ്ധ ലോബിയുടെയും ശ്രമം.
ഹോസ്റ്റലിലെ പീഢനം മൂലമാണ് ആത്മഹത്യ ചെയ്തത്. പലപ്പോഴും കൂടുതല്‍ ജോലികള്‍ വാര്‍ഡനായ കന്യാസ്ത്രീ സഗായമേരി ലാവണ്യയെ ഏല്പിച്ചത് മൂലം പഠനത്തില്‍ പുറകോട്ടായതും കുട്ടിയില്‍ സമ്മര്‍ദ്ദമുണ്ടാക്കിയതായി ലാവണ്യയുടെ അച്ഛന് വേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചു. ‘എങ്ങിനെയാണ് പെണ്‍കുട്ടിക്ക് ആത്മഹത്യ ചെയ്യാന്‍ വിഷം കിട്ടിയത്? മരിക്കുന്നതിന് തൊട്ട് മുന്‍പ് പെണ്‍കുട്ടി മൂന്നാമതൊരാളോട് നടത്തിയ വെളിപ്പെടുത്തലുകള്‍ തെളിവുകളായെടുക്കണം. റെസ് ഗെസ്റ്റെ (ചെയ്ത കാര്യങ്ങള്‍) എന്ന തത്വം ഇവിടെ ബാധകമാണ്. അതുകൊണ്ട് പെണ്‍കുട്ടി അവസാന നിമിഷം നല്കിയ പ്രസ്താവനകളെ ചോദ്യം ചെയ്യാന്‍ സാധിക്കില്ല.’- അഭിഭാഷകന് വാദിച്ചു.
പെണ്‍കുട്ടി ആത്മഹത്യ ചെയ്തയുടന്‍ തിരക്ക് പിടിച്ച് പൊലീസ് സൂപ്രണ്ട് വാര്‍ത്തസമ്മേളനം വിളിച്ചുകൂട്ടിയതിനെയും അഭിഭാഷകന് ചോദ്യം ചെയ്തു. ‘പെണ്‍കുട്ടിയുടെ മരണശേഷം പൊലീസ് സൂപ്രണ്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു എന്ന ആരോപണം എഫ് ഐആറില്‍ ഇല്ലെന്ന് മാധ്യമങ്ങളോട് പറയുകയുണ്ടായി. മതപരിവര്‍ത്തന പ്രശ്നത്തെച്ചൊല്ലി ഒരു പ്രക്ഷോഭം നടക്കാന്‍ പോകുന്നു എന്നറിഞ്ഞപ്പോഴാണ് സൂപ്രണ്ട് വാര്‍ത്താസമ്മേളനത്തില്‍ അത് നിഷേധിച്ച് സംസാരിച്ചത്. എന്നാല്‍ പ്രക്ഷോഭത്തിന് ശേഷമാണ് സ്കൂള്‍ ഹോസ്റ്റലിലെ വാര്ഡന് സഗായമേരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ അവര്‍ റിമാന്റിലാണ്. അതിന് ശേഷമാണ് മാതാപിതാക്കള്‍ സിബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്,’- അഭിഭാഷകന് പറഞ്ഞു.
‘പെണ്‍കുട്ടി മജിസ്ട്രേറ്റിന് നല്കിയ മരണമൊഴി ടിവി ചാനലുകളില്‍ ചോര്‍ന്നെത്തിയതിനെയും അഭിഭാഷകന് വിമര്‍ശിച്ചു. എങ്ങിനെയാണ് പെണ്‍കുട്ടിയുടെ ഈ മരണമൊഴി വാര്‍ത്താമാധ്യമങ്ങളില്‍ എത്തിയത്? അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ ഫയല്‍ ചെയ്യുന്നതുവരെ മരണമൊഴി ഒരിക്കലും പൊതുജീവിതത്തില്‍ എത്തരുതെന്ന് കോടതിയുടെ മാര്‍ഗ്ഗനിര്‍ദേശമുള്ളതാണ്.’- അഭിഭാഷകന് വാദിക്കുന്നു. രഹസ്യമാക്കിവെക്കേണ്ട വിവരങ്ങള്‍ പരസ്യമാക്കി മാധ്യമങ്ങളില്‍ സംവാദം സൃഷ്ടിക്കപ്പെടുകയാണ്. ഞങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. ന്യായമായ അന്വേഷണത്തിന് കേസ് സിബി ഐയ്ക്ക് വിടണം.- അഭിഭാഷകന് വാദിച്ചു.
ഇരുപക്ഷത്തെയും വാദം കേട്ട കോടതി വിധി പറയല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: