മെല്‍ബണ്‍: പോയവര്‍ഷം നൊവാക് ദ്യോക്കോവിച്ചിന്റെ കലണ്ടര്‍ ഗ്രാന്‍ഡ് സ്ലാം സ്വപ്നം തകര്‍ത്ത ഡാനില്‍ മെദ്വദേവ് , സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലിന്റെ 21-ാം ഗ്രാന്‍ഡ് സ്ലാമെന്ന ചരിത്ര നേട്ടത്തിലേക്കുള്ള കുതിപ്പ് തടയുമോ? ഓസ്ട്രേലിയന്‍ ഓപ്പണിന്റെ കലാശപ്പോരില്‍ നദാലും മെദ്വദേവും ഇന്ന് ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് രണ്ടിന് കളി തുടങ്ങും. സോണി ടിവിയില്‍ തത്സമയം കാണാം.
പോയ വര്‍ഷം യുഎസ് ഓപ്പണ്‍ ഫൈനലില്‍ ദ്യോക്കോവിച്ചിനെ അട്ടിമറിച്ചാണ് മെദ്വദേവ്് ലോക ഒന്നാം നമ്പര്‍ ദ്യോക്കോയുടെ കലണ്ടര്‍ ഗ്രാന്‍ഡ് സ്ലാം സ്വപ്നം തകര്‍ത്തത്. പോയവര്‍ഷം നടന്ന ഓസ്ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണര്‍, വിംബിള്‍ഡണ്‍ എന്നിവയില്‍ ദ്യോക്കോയാണ് ചാമ്പ്യനായത്. യുഎസ് ഓപ്പണും നേടിയിരുന്നെങ്കില്‍ ദ്യോക്കോയ്ക്ക് ഒരു വര്‍ഷത്തെ നാലു ഗ്രാന്‍ഡ് സ്ലാമുകളും സ്വന്തമാക്കാമായിരുന്നു.
ചരിത്ര നേട്ടം ലക്ഷ്യമിട്ടാണ് റാഫേല്‍ നദാല്‍ ഫൈനലിനിറങ്ങുന്നത്. മെദ്വദേവിനെ കീഴടക്കിയാല്‍ 21 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ പുരുഷ താരമെന്ന റിക്കാര്‍ഡ് നദാലിന് സ്വന്തമാകും. ഇതിന് പുറമെ നാല് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും രണ്ട് തവണ വീതം കരസ്ഥമാക്കുന്ന നാലാമത്തെ പുരുഷ താരമെന്ന റിക്കാര്‍ഡും ലഭിക്കും.
മെദ്വദേവ് ജയിച്ചാലും ചരിത്രം പിറക്കും. തുടരെ തുടരെ രണ്ട് ഗ്രാന്‍ഡ് സ്ലാമുകളില്‍ നിന്ന്് കരിയറിലെ ആദ്യ രണ്ട് ട്രോഫികള്‍ നേടുന്ന ഓപ്പണ്‍ യുഗത്തിലെ ആദ്യ താരമാകും .പോയ വര്‍ഷത്തെ അവസാന ഗ്രാന്‍ഡ് സ്ലാമായ യുഎസ് ഓപ്പണില്‍ ഈ റഷ്യന്‍ താരം കിരീടം നേടിയിരുന്നു.
നദാലും മെദ്്വദേവും ഇതുവരെ നാലു തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ മൂന്ന് തവണയും നദാലാണ് വിജയിച്ചത്. ഒരിക്കല്‍ മാത്രമേ മെദ്വദേവിന് ജയിക്കാനായുള്ളൂ. 2019 ലെ യുഎസ് ഓപ്പണ്‍ ഫൈനലിലാണ് മെദ്വദേവ് ആദ്യമായി നദാലിനോട് തോറ്റത്. അന്ന് അഞ്ചു സെറ്റു പൊരുതി കീഴടങ്ങുകയായിരുന്നു.
ഇറ്റലിയുടെ മതാവു ബെറേറ്റിനിയെ തോല്‍പ്പിച്ചാണ് നദാല്‍ ഫൈനലിലെത്തിയത്. മെദ്വദേവ് സെമിയില്‍ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റിസിപാസിനെ പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: