പാലക്കാട്: ഗജവീരന് മംഗലാംകുന്ന് കര്‍ണ്ണന്റെ ഒന്നാം അനുസ്മരണം എലപ്പുള്ളി ജംഗംത്തറ ആനപ്രേമി സംഘം ആചരിച്ചു. കര്‍ണ്ണന്റെ ചിത്രത്തിനു മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി. ആനപ്രേമി സംഘം ജില്ലാ പ്രസിഡന്റ് ഹരിദാസ് മച്ചിങ്ങല്‍ അനുസ്മരണ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു.
എഴുന്നള്ളത്ത് തുടങ്ങുമ്പോള്‍ മുതല്‍ തിടമ്പ് ഇറക്കുംവരെ ആത്മവിശ്വാസം തുളുമ്പുന്ന തലയുയര്‍ത്തി പിടിച്ചുള്ള പ്രൗഢമായ നില്പാണ് കര്‍ണന്റെ പ്രത്യേകത. ഉത്സവപറമ്പുകളില്‍ കൂടുതല്‍ ഉയരമുള്ള ആനകള്‍ കൂട്ടാനകളായെത്തുമ്പോള് പോലും ഈ ‘നിലവു’കൊണ്ട് കര്ണന് ജനഹൃദയങ്ങളില്‍ കയറിപ്പറ്റി. ഉടലിന്റെ നീളം കൊണ്ടും മറ്റുള്ളവര്‍ക്ക് കര്‍ണനെ എളുപ്പം തിരിച്ചറിയാനാകും. ഒപ്പം എഴുന്നള്ളത്തില്‍ നിരന്നു നില്ക്കുന്ന മറ്റ് ആനകളേക്കാള്‍ കര്‍ണന്റെ അമരവും വാലും പുറത്തേക്ക് കാണാനും സാധിക്കും.
ഭാരിച്ച ശരീരമല്ലെങ്കിലും ഒത്ത ശരീരം തന്നെയാണ് കര്‍ണന്റേത്. ബിഹാറിയാണെങ്കിലും നാടന്‍ ആനകളെപ്പോലെ ലക്ഷണത്തികവുള്ളവനാണ്. വടക്കന്‍ പറവൂരിലെ ചക്കുമരശ്ശേരി ശ്രീകുമാര ഗണേശ ക്ഷേത്രത്തിലെ തലപ്പൊക്ക മത്സരത്തില്‍ തുടര്‍ച്ചയായി ഒന്‍പത് വര്‍ഷം വിജയിയായിരുന്നു. ഇത്തിത്താനം ഗജമേളയിലെ തലപ്പൊക്ക മത്സരത്തിലും വിജയം കൈവരിച്ചു.
2019 മാര്‍ച്ചിലാണ് മംഗലാംകുന്ന് കര്ണന് അവസാനമായി ഉത്സവത്തില്‍ പങ്കെടുത്തത്. ചലച്ചിത്ര താരങ്ങളെ പോലെ കര്‍ണനും ഫാന്‍സ് അസോസിയേഷനുകള്‍ രൂപീകരിച്ചിരുന്നു. നിരവധി വിജയങ്ങള്‍ നേടി തന്റേതായ ചരിത്രം രചിച്ച് ജനമനസുകള്‍ കീഴടക്കിയ നിലവിന്റെ തമ്പുരാന് മംഗലാംകുന്ന് കര്ണന്ആന കേരളത്തിനും ആനപ്രേമികള്‍ക്കും തീരാനഷ്ടം തന്നെയാണെന്ന് അനുസ്മരണ യോഗത്തില്‍ ഹരിദാസ് മച്ചിങ്ങല്‍ അഭിപ്രായപ്പെട്ടു. എലപ്പുള്ളി ജംഗംത്തറ ആനപ്രേമി സംഘം പ്രസിഡന്റ് സന്തോഷ് അധ്യക്ഷത വഹിച്ചു. ആനപ്രേമി സംഘം ജില്ലാ സെക്രട്ടറി ഗുരുജി കൃഷ്ണ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ ഭാരവാഹി പ്രദീഷ് പുതുപ്പരിയാരം,ജംഗംത്തറ ആനപ്രേമി സംഘം സെക്രട്ടറി ബിജു, വിജേഷ്, വിഘ്നേഷ്, ജയരാജ്, അമിത്ത്, കണ്ണന്, ബാലു, ശ്രീനിവാസന്, വിഷ്ണു, ഗജപതി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: