ചങ്ങനാശ്ശേരി: കുറിച്ചി പഞ്ചായത്തിലെ കുറിച്ചി, ഇത്തിത്താനം, തുരുത്തി തുടങ്ങി വിവിധ പ്രദേശങ്ങളില്‍ നിരന്തരമായി ഉണ്ടാകുന്ന വൈദ്യുതി മുടക്കവും വോള്‍ട്ടേജ് ക്ഷാമവും നാട്ടുകാരെ ദുരിതത്തിലാക്കുന്നു. കാറ്റ് വീശുമ്പോഴും ഇടിവെട്ടിയാലോ മഴക്കാര്‍ വന്നാലോ ഈ പ്രദേശങ്ങളില്‍ വൈദ്യുതി മുടക്കം പതിവാണ്. പിന്നെ മണിക്കൂറുകള്‍ കഴിഞ്ഞാവും വൈദ്യുതി വരുന്നത്.
ഫീഡര്‍ തകരാറ്, ട്രാന്‍സ്‌ഫോര്‍മര്‍ തകരാര്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ അധികൃതര്‍ പറയാറുണ്ടെങ്കിലും ഇവ അടിയന്തരമായി പരിഹരിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. വേനല്‍ക്കാലമായതിനാല്‍ ശക്തമായ ചൂട് മൂലം ഫാന്‍ ഇല്ലാതെ ഉറങ്ങുവാന്‍ കഴിയാത്ത അവസ്ഥലയിലാണ് ജനങ്ങള്‍.
അടിക്കടി വൈദ്യുതി തടസപ്പെടുന്നത് കച്ചവടക്കാര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടം വരുത്തിവെക്കുന്നു. റബ്ബര്‍ ഫാക്ടറികള്‍, കുറിച്ചിയിലും, പടിഞ്ഞാറന്‍ പ്രദേശങ്ങളിലും ഉള്ള നിരവധി കമ്പനികള്‍, ഫ്‌ലൗര്‍മില്ലുകള്‍, തടി മില്ലുകള്‍, ബേക്കറികള്‍ തുടങ്ങിയവക്കാണ് ഏറെ നഷ്ടം മാത്രമല്ല ഫ്രിഡ്ജും മറ്റ് ഇലക്ട്രിക്ക് ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയാത്തതിനാല്‍ വീട്ടമ്മമാര്‍ക്ക് സമയത്ത് ആഹാരം പാചകം ചെയ്യാനും കഴിയുന്നില്ല. ഈ ദുരവസ്ഥയ്‌ക്ക് പരിഹാരം കാണാന്‍ കെ എസ് ഇ ബി അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.
കുറിച്ചി സെക്ഷന്റെ പരിധിയില്‍ സബ് സ്റ്റേഷന്‍ ഇല്ലാത്തതാണ് വൈദ്യുതി ക്ഷാമത്തിനും അടിക്കടിയുള്ള വൈദ്യുതി തടസത്തിനും കാരണമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. സചിവോത്തമപുരം നാഷണല്‍ ഹോമിയോ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഹോമിയോ മെഡിക്കല്‍ കോളേജ് എന്നിവ ഉള്‍പ്പെടെ നിരവധി ആശുപത്രികളും നിരവധി സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും, നൂറ് കണക്കിന് വ്യവസായ സ്ഥാപനങ്ങളും 20000 ല്‍ പരം ഉപഭോക്താക്കളും ഈ സെക്ഷന് കീഴിലുണ്ട്. കുറിച്ചി സെക്ഷനില്‍ സബ് സ്റ്റേഷന്‍ ഇല്ലാത്തതിനാല്‍ ചെത്തിപ്പുഴ, ചങ്ങനാശ്ശേരി, തെങ്ങണ സെക്ഷനുകളിലുള്ള സബ് സ്റ്റേഷനുകളില്‍ നിന്നാണ് കുറിച്ചിയിലേക്ക് വൈദ്യുതി എത്തിക്കുന്നത്.
എല്ലാ സെക്ഷനുകള്‍ക്ക് കീഴിലും 33 കെ വി സബ് സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന പദ്ധതി മുന്‍പ് നിലവിലുണ്ടായിരുന്നെങ്കിലും കുറിച്ചിയില്‍ മാത്രം പ്രാവര്‍ത്തികമായിരുന്നില്ല. പദ്ധതിക്കാവശ്യമായ സ്ഥലം കണ്ടെത്തുവാന്‍ സാധിക്കാതിരുന്നതാണ് പ്രതിസന്ധിക്കു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ചിങ്ങവനം ട്രാവന്‍കൂര്‍ ഇലക്ട്രോ കെമിക്കല്‍സിനു സമീപം ഇലക്ട്രോ കെമിക്കല്‍സ് പ്രവര്‍ത്തിച്ചിരുന്ന സമയത്ത് അതിനായി സബ്സ്റ്റേഷന്‍ സ്ഥാപിച്ചിരുന്ന സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയാല്‍ പദ്ധതിക്ക് ഉപകാരപ്പെടുമെന്നും അടിയന്തിരമായി സബ് സ്റ്റേഷന്‍ സ്ഥാപിച്ച് കുറിച്ചിയിലെ വൈദ്യുതി ക്ഷാമത്തിന് പരിഹാരം കണ്ടെത്തണമെന്നും നാട്ടുകാര്‍ പറയുന്നു.
സ്വകാര്യ ചാനല്‍ കമ്പനികളുടെ കേബിളുകള്‍ വൈദുതി പോസ്റ്റുകളിലൂടെ വലിക്കുന്നത് വലിയ അപകടങ്ങള്‍ക്കും, വൈദുതി മുടക്കം സൃഷ്ടിക്കുന്നതിനും കാരണമാകുന്നു. ഒരു സ്ഥലത്തു തന്നെ നിരവധി കമ്പനികളുടെ കേബിളുകളാണ് തലങ്ങും വിലങ്ങും ഇലക്ട്രിക്ക് പോസ്റ്റിലൂടെ വലിച്ചിരിക്കുന്നത്. പോസ്റ്റുകള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. പല പോസ്റ്റുകളും അപകടാവസ്ഥയിലുമാണ്. സ്വകാര്യ വ്യക്തികളാണ് പലയിടങ്ങളിലും സ്ട്രീറ്റ് ലൈറ്റ് കത്തിക്കുന്നത്. ഫ്യൂസ് ഊരുന്നതും, കുത്തുന്നതും സ്വകാര്യ വ്യക്തികളാണ്. ഇങ്ങനെ ചെല്ലുമ്പോള്‍ കേബിള്‍ കുരുങ്ങികിടക്കുന്നതു മൂലം പലപ്പോഴും തീയും പുകയും ഉയരുന്നതായും പറയുന്നു. ചിലപ്പോള്‍ പകല്‍സമയത്തും ലൈറ്റ് കത്തി കിടക്കുന്നതും കാണാം.
രാത്രിയില്‍ ലൈറ്റ് കത്താതെയും വരുന്നുണ്ട്. വൈദുതി പോസ്റ്റിലൂടെ സ്വകാര്യ വ്യക്തികള്‍ക്ക് കേബിള്‍ വലിക്കുന്നതിന് അനുമതിയുണ്ടോ എന്നും നാട്ടുകാര്‍ ചോദിക്കുന്നു. കാറ്റടിക്കുമ്പോള്‍ മറച്ചില്ലകളും കേബിളുകളും കൂട്ടി ഉരസി വലിയ തീ ഗോളങ്ങള്‍ ഉണ്ടാകുന്നതും പതിവാണ്. ഇങ്ങനെ വൈദുതി മുടങ്ങുന്നത് കാരണം കച്ചവട, വ്യാപാര സ്ഥാപനങ്ങള്‍, ഫാക്ടറികള്‍ തുടങ്ങിയവയ്‌ക്ക് വന്‍ തോതില്‍ സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കെഎസ്ഇബി അധികൃതര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നുള്ള ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: