പാലക്കാട്: രോഗികളോടും കൂടെ വരുന്നവരോടും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആശുപത്രി ജീവനക്കാര്‍ മാന്യമായും അനുകമ്പയോടും കൂടി പെരുമാറണമെന്ന് ഉറപ്പാക്കാന്‍ എല്ലാ ആശുപത്രി സൂപ്രണ്ടുമാര്‍ക്കും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ പ്രത്യേകം നിര്‍ദ്ദേശം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ഒറ്റപ്പാലം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ലാപ്രോസ്കോപ്പി ശസ്ത്രക്രിയക്കെത്തിയ തന്റെ ഭാര്യയോട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മോശമായി പെരുമാറിയെന്നാരോപിച്ച് ഷൊര്‍ണൂര്‍ മഞ്ഞക്കാട് സ്വദേശി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ആരോഗ്യ വകുപ്പ് ഡയറക്ടറില്‍ നിന്നും കമ്മീഷന് റിപ്പോര്‍ട്ട് വാങ്ങി. ആരോഗ്യവകുപ്പ് റീജിയണല്‍ വിജിലന്‍സ് യൂണിറ്റ് അന്വേഷണം നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
2019 ഒക്ടോബര്‍ 29ന് ലാപ്രോസ്കോപ്പി ക്യാമ്പ് നടക്കുന്നുണ്ടെന്നറിഞ്ഞാണ് ആശാവര്‍ക്കര്‍ക്കൊപ്പം പരാതിക്കാരന്റെ ഭാര്യ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിയത്. എന്നാല്‍ ക്യാമ്പ് നടക്കുന്നുണ്ടെന്ന വിവരം ആശുപത്രി ജീവനക്കാര്‍ക്ക് അറിയുമായിരുന്നില്ല. ആശാവര്‍ക്കര്‍ കൃത്യമായ വിവരങ്ങള്‍ നല്കി ഉത്തരവാദിത്വം നിറവേറ്റിയില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. ശസ്ത്രക്രിയക്ക് മുമ്പ് ഭക്ഷണം കഴിച്ചിരുന്നതു കൊണ്ടാണ് പരാതിക്കാരന്റെ ഭാര്യക്ക് ശസ്ത്രക്രിയ നടത്താന്‍ കഴിയാതിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം രോഗികളോടും കൂട്ടിരിപ്പുകാരോടും സൗഹാര്‍ദ്ദപരമായി പെരുമാറണമെന്ന നിര്‍ദ്ദേശം ഗൈനക്കോളജിസ്റ്റിന് നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: