തുറമുഖവകുപ്പുമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്ത കാസര്‍കോട് റിപ്പബ്ലിക്ദിന ചടങ്ങില്‍ ദേശീയപതാകയെ അപമാനിച്ച സംഭവം വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണല്ലോ. ത്രിവര്‍ണപതാക തലകീഴായി ഉയര്‍ത്തി എന്നതു മാത്രമല്ല, അത് മനസിലാക്കാതെ മന്ത്രി അഹമ്മദ് സല്യൂട്ട് ചെയ്യുകയുമുണ്ടായി. വളരെ ഗുരുതരമായ വീഴ്ചയാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മാത്രം നടപടിയെടുത്ത് പ്രശ്നം അവസാനിപ്പിക്കാനാണ് ശ്രമം. രണ്ട് പോലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടിക്കാണ് ഉത്തരവിട്ടിട്ടുള്ളത്. ദേശീയപതാകയെ അവഹേളിച്ചതിലും, അതിന് ഉത്തരവാദികളായ എല്ലാവര്‍ക്കുമെതിരെ നടപടിയെടുക്കാത്തതിലും പ്രതിഷേധിച്ച് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ മന്ത്രി അഹമ്മദിനെ കരിങ്കൊടി കണിക്കുകയുണ്ടായി. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി, ആഭ്യന്തര സെക്രട്ടറി, ഗവര്‍ണര്‍, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ എന്നിവര്‍ക്ക് യുവമോര്‍ച്ച പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതിനെത്തുടര്‍ന്ന് വലിയ തിടുക്കമാണ് മന്ത്രി അഹമ്മദിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്നു പറഞ്ഞ് കൈകഴുകാനാണ് മന്ത്രി വളരെ തന്ത്രപൂര്‍വം ശ്രമിച്ചത്. ദേശീയപതാകയെ അപമാനിച്ചതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് മന്ത്രിക്ക് ഒരുകാരണവശാലും ഒഴിഞ്ഞുമാറാനാവില്ല. തലകീഴായി ഉയര്‍ത്തിയ പതാകയെ നോക്കി സല്യൂട്ട് ചെയ്ത മന്ത്രി സംസ്ഥാനത്തിനുതന്നെ നാണക്കേടാണ്.
സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്നിങ്ങനെയുള്ള വിശേഷ ദിവസങ്ങളില്‍ ദേശീയപതാക ഉയര്‍ത്തുമ്പോള്‍ ചിലപ്പോഴൊക്കെ അബദ്ധം പറ്റിയിട്ടുണ്ട്. എന്നാല്‍ വളരെ പെട്ടെന്ന് തിരിച്ചറിഞ്ഞ് അത് തിരുത്താറുണ്ട്. കാസര്‍കോഡ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്ത പരിപാടിയില്‍ അങ്ങനെ ഉണ്ടാകാതിരുന്നതാണ് സംശയം ജനിപ്പിച്ചിരിക്കുന്നത്. അടുത്തിടെയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദേശീയപതാകയെ ബോധപൂര്‍വം അപമാനിക്കുന്ന രീതികള്‍ കണ്ടുവരുന്നുണ്ട്. ഇസ്ലാമിക തീവ്രവാദികളുടെ ഭാഗത്തുനിന്നാണ് ഇത് ഉണ്ടാവാറുള്ളത്. ദേശീയപതാക വലിച്ചുകീറാനും കത്തിക്കാനും റോഡിലിട്ട് ചവിട്ടിക്കൂട്ടാനുമൊക്കെ ഇക്കൂട്ടര്‍ മടിക്കാറില്ല. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് തങ്ങളുടെ ദേശവിരുദ്ധ വികാരം മറയില്ലാതെ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇതില്‍നിന്ന് വളരെയൊന്നും വ്യത്യസ്തമല്ല കാസര്‍കോഡ് ത്രിവര്‍ണപതാകയുടെ പച്ചനിറം മുകളിലാക്കി തലകീഴായി ഉയര്‍ത്തിയ സംഭവം. മന്ത്രി പങ്കെടുത്ത സര്‍ക്കാരിന്റെ പരിപാടിയില്‍ ഇങ്ങനെയുണ്ടായതില് ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഇസ്ലാമിക തീവ്രവാദികളായിരിക്കും. ആ വിഭാഗത്തില്‍പ്പെടുന്നവരെ സന്തോഷിപ്പിച്ച് പിന്തുണ നേടാന്‍ ദേശീയപതാകയെ ആസൂത്രിതമായി അവഹേളിക്കുകയായിരുന്നോ എന്ന സംശയം അസ്ഥാനത്തല്ല. അഹമ്മദ് ദേവര്‍കോവിലിന്റെ പാര്‍ട്ടിയായ ഐഎന്‍എല്ലിന്റെ നേതാവായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ട് റിപ്പബ്ലിക് ദിനം ബഹിഷ്കരിക്കാന്‍ ആഹ്വാനം മുഴക്കുകയും, പാക്കിസ്ഥാനില്‍ പോയി ഭാരതത്തിനെതിരെ പരാതിപ്പെടുകയും ചെയ്തയാളാണെന്ന സത്യം മറക്കാന്‍ പാടില്ല.
ദേശവിരുദ്ധ ചിന്താഗതി പുലര്‍ത്തുന്നവരുടെ അനുഭാവം നേടാനും വോട്ടു വാങ്ങാനും വേണ്ടിയാണല്ലോ ഐഎന്‍എല്ലിനെ ഇടതുമുന്നണിയില്‍ എടുത്തിരിക്കുന്നതും, അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിയാക്കിയിട്ടുള്ളതും. ഇടതുമുന്നണിയെ നയിക്കുന്ന സിപിഎമ്മിന്റെയും സര്‍ക്കാരിന് നേതൃത്വം നല്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇക്കാര്യത്തിലുള്ള താല്പര്യം എന്താണെന്നറിയുന്നവരാണ് ഐഎന്‍എല്ലിന്റെ അനുയായികള്‍. ദേശീയപതാകയെ അവഹേളിക്കുന്നതുപോലുള്ള ദേശവിരുദ്ധമായ പ്രവൃത്തികള്‍ ഇക്കൂട്ടരുടെ ഭാഗത്തുനിന്നുണ്ടായാല്‍ സിപിഎമ്മിനും
സര്‍ക്കാരിനും സന്തോഷമായിരിക്കും. ഭരണഘടനാ പദവികളെയും സ്ഥാപനങ്ങളെയും അവഹേല്ക്കുന്നത് ഒരു രാഷ്ട്രീയ ശൈലിയായി പിണറായി സര്‍ക്കാര്‍ വളര്ത്തിക്കൊണ്ടുവരികയാണല്ലോ. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഡീ-ലിറ്റ് നിഷേധിച്ചതും, റിപ്പബ്ലിക് ദിന പരേഡില്‍ നിലവാരമില്ലാത്ത ഫ്ളോട്ട് നിര്‍ദ്ദേശിച്ച് കരുതിക്കൂട്ടി വിവാദമുണ്ടാക്കിയതും ഇതിന്റെ ഭാഗമാണെന്ന് കരുതുന്നവര്‍ വളരെയധികമാണ്. കാസര്‍കോട്ട് മന്ത്രി പങ്കെടുത്ത റിപ്പബ്ലിക്ദിന ചടങ്ങില്‍ ദേശീയപതാക തലകീഴായി ഉയര്‍ത്തിയതും ഈ പശ്ചാത്തലത്തില്‍ കാണേണ്ടിയിരിക്കുന്നു. ദേശീയബിം
ബങ്ങളെ അപമാനിക്കുന്നത് തടയല്‍ നിയമപ്രകാരം മൂന്നുവര്‍ഷംവരെ തടവു ലഭിക്കാവുന്ന കുറ്റമാണിത്. പരാതിപ്പെട്ടാല്‍ മന്ത്രിക്കെതിരെ കേസെടുക്കേണ്ടിവരും. കാര്യങ്ങള്‍ അവിടേക്കാണ് പോകുന്നത്. സ്ഥിതിഗതികളുടെ ഗൗരവം മനസിലാക്കി മന്ത്രി രാജ്യത്തോട് മാപ്പുപറയണം. നിയമനടപടികളില്‍നിന്ന് ഒഴിവാക്കി മന്ത്രിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ കടുത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തുമെന്ന് ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: