കോട്ടയം: ജവാഹര്‍ ബാലഭവന് പ്രവര്‍ത്തിക്കുന്ന കെട്ടിടം ഒഴിപ്പിക്കാനുള്ള കോട്ടയം പബ്ലിക് ലൈബ്രറിയുടെ തീരുമാനം പുന:പരിശോധിക്കണമെന്ന് ജവാഹര്‍ ബാലഭവനിലെ ജീവനക്കാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 1967 ഓഗസ്റ്റ് 15ന് മഹാകവി ജി.ശങ്കരക്കുറുപ്പ് തറക്കല്ലിടുകയും 1969 ജൂണ്‍ 6ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വി.കെ.ആര്.വി റാവു ഉദ്ഘാടനം ചെയ്ത കെട്ടിടത്തിലാണ് അന്ന് മുതല്‍ ജവാഹര്‍ ബാലഭവനും കുട്ടികളുടെ ലൈബ്രറിയും പ്രവര്‍ത്തിക്കുന്നത്.
കെ.പി.എസ് മേനോന്റെ ജന്മം കൊണ്ട് പവിത്രമായ ഈ സ്ഥലം കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കോട്ടയം പബ്ലിക് ലൈബ്രറിക്ക് നല്‍കിയതാണ്. അന്നത്തെ പബ്ലിക് ലൈബ്രറി സെക്രട്ടറിയായിരുന്ന ഡി.സി കിഴക്കേമുറിയുടെ നേതൃത്വത്തിലാണ് ഈ കെട്ടിടം പണികഴിപ്പിക്കുന്നത്. കെട്ടിട നിര്‍മ്മാണത്തിന് പണം കണ്ടെത്താന്‍ സര്‍ക്കാരിന്റെ അനുവാദത്തോടെ ലോട്ടറി ഇറക്കി അതിന്റെ ലാഭം കൊണ്ടാണ് കെട്ടിടം പൂര്‍ത്തിയാക്കിയത്. 1971ല്‍ ദി ട്രാവന്‍കൂര്‍ കൊച്ചിന് ലിറ്റററി സയന്റിഫിക് ആന്‍ഡ് ചാരിറ്റബിള്‍ രജിസ്ട്രേഷന് ആക്ട് 12 ഓഫ് 1955 പ്രകാരം 1971 ജൂലൈ ഒന്നിന് ജവാഹര്‍ ബാലഭവന് ആന്‍ഡ് ചില്‍ഡ്രന്‍സ് ലൈബ്രറി എന്ന പേരില്‍ സൊസൈറ്റി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ കോട്ടയം പബ്ലിക് ലൈബ്രറിയുടെയും സംസ്ഥാന സര്‍ക്കാറിന്റെയും സംയുക്ത സംരംഭമാണ് ജവഹര്‍ ബാലഭവന് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം പബ്ലിക് ലൈബ്രറിക്ക് തന്നെയായതിനാല്‍ സര്‍ക്കാരിന്റെ പ്രതിനിധികളായി അഞ്ചുപേരും പബ്ലിക് ലൈബ്രറിയുടെ പ്രതിനിധികളായി അഞ്ചുപേരും അടങ്ങുന്ന 10 പേരുടെ ഡയറക്ടര്‍ ബോര്‍ഡാണ് ഭരണം നടത്തിക്കൊണ്ടിരിക്കുന്നത്.
ഒരേക്കര്‍ 12 സെന്റ് സ്ഥലം ജവാഹര്‍ ബാലഭവന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പബ്ലിക് ലൈബ്രറി വിട്ടുനല്‍കിയതാണ്. ബാലഭവന് സൊസൈറ്റി ഓഫ് ഇന്ത്യ (ഡല്‍ഹി) നല്കിയ ഒരു ലക്ഷം രൂപ ഉപയോഗിച്ച് വാദ്യോപകരണങ്ങള്‍ വാങ്ങിയാണ് ജവാഹര്‍ ബാലഭവന്റെ പ്രവര്‍ത്തനമാരംഭിച്ചത്. 1985 വരെ വിദ്യാഭ്യാസ വകുപ്പിന്റെ ധന സഹായത്താലും 1956 മുതല്‍ കേരള സര്‍ക്കാര്‍ സാംസ്കാരിക വകുപ്പിന്റെ പൂര്‍ണ്ണമായ റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സും സര്‍വീസ് റൂള്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ പ്രതിവര്‍ഷം 18 ലക്ഷം രൂപയാണ് ബാലഭവന്റെ നടത്തിപ്പിന് സര്‍ക്കാര്‍ നല്കി വരുന്നത്. ഫര്‍ണിച്ചറുകളും സംഗീതോപകരണങ്ങളും വാങ്ങിയതും അറ്റകുറ്റപ്പണി നടത്തിയിരുന്നതും സര്‍ക്കാരിന്റെ സഹായത്തോടെയാണ്.
ഇപ്പോള്‍ ജവാഹര്‍ ബാലഭവന് പൂര്‍ണ്ണ മാനേജിങ് കമ്മറ്റിയുടെ തീരുമാനമില്ലാതെ തിടുക്കത്തില്‍ ജവാഹര്‍ ബാലഭവന്റെ ബോര്‍ഡ് മാറ്റുകയും ഇത് കോട്ടയം പബ്ലിക് ലൈബ്രറി നടത്തുന്ന സ്ഥാപനം എന്ന ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മാനേജിങ് കമ്മിറ്റി കൂടാറില്ല. പുതിയ നിയമനങ്ങള്‍ വരെ കമ്മിറ്റി അംഗീകാരമില്ലാതെയാണ് നടത്തിയത്. സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച്കെട്ടിടം ഒഴിഞ്ഞു കിട്ടാന്‍ പബ്ലിക് ലൈബ്രറി സര്‍ക്കാരിന് വക്കീല്‍ നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ജവാഹര്‍ ബാലഭവന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നുള്ള നടപടികളുമായി പബ്ലിക് ലൈബ്രറി മുന്നോട്ടുപോകുന്നത്. പതിനായിരക്കണക്കിന് സാധാരണക്കാരായ കുട്ടികള്‍ക്ക് കലാസാഹിത്യപരമായ കഴിവുകള്‍ വികസിപ്പിക്കുവാന്‍ സാധിച്ചു.
തുച്ഛമായ ഫീസില്‍ കുട്ടികളെ കലകള്‍ അഭ്യസിപ്പിക്കുന്ന ജില്ലയിലെ ഏക സ്ഥാപനമാണ് ജവാഹര്‍ ബാലഭവന്. ജവാഹര്‍ ബാലഭവന്റെ പ്രവര്‍ത്തനത്തിനുള്ള മുഴുവന്‍ ധനസഹായവും സര്‍ക്കാര്‍ നല്കുമ്പോള് ബാലഭവന് വേണ്ടെന്നു വെക്കാനുള്ള പബ്ലിക് ലൈബ്രറിയുടെ തീരുമാനം സാധാരണക്കാരായ കുട്ടികള്‍ക്കും കലാകാരന്മാരായ ജീവനക്കാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. മുഖ്യമന്ത്രി, സാംസ്കാരിക വകുപ്പ് മന്ത്രി, സംസ്കാരിക വകുപ്പ് സെക്രട്ടറി, ഡയറക്ടര്‍ എന്നിവര്‍ക്ക് ജീവനക്കാര്‍ പരാതി നല്കി. വാര്‍ത്താസമ്മേളനത്തില്‍ പി.ജി.ഗോപാലകൃഷ്ണന്, ഹരിദാസ് പി.കെ, ഹരീന്ദ്രനാഥ് വി.ജി, ഉപേന്ദ്രനാഥ് വി.ജി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: