ന്യൂദല്‍ഹി: കരിയപ്പ ഗ്രൗണ്ടില്‍ ദേശീയ കേഡറ്റ് കോര്‍പ്പ് (എന്‍.സി.സി) റാലിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്തു. പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ച ശേഷം എന്‍.സി.സി സംഘങ്ങളുടെ മാര്‍ച്ച് പാസ്റ്റ് അവലോകനം ചെയ്തു. എന്‍.സി.സി കേഡറ്റുകള്‍ പ്രകടിപ്പിച്ച ആര്‍മി അഭ്യാസ പ്രകടനങ്ങള്‍, ചെറുവിമാനം പറപ്പിക്കല് (മൈക്രോലൈറ്റ് ഫഌിംഗ്), പാരാസെയിലിംഗ്, സാംസ്കാരിക പരിപാടികള്‍ എന്നിവയില്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിച്ചതിനും സാക്ഷിയായി. മികച്ച കേഡറ്റുകള്‍ പ്രധാനമന്ത്രിയില്‍ നിന്ന് മെഡലും ബാറ്റണും ഏറ്റുവാങ്ങി.
രാജ്യം ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന വേളയില്‍ ആഘോഷങ്ങളിലെ വ്യത്യസ്ത തലത്തിലുള്ള ആവേശം സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തന്റെ എന്‍.സി.സി ബന്ധത്തെ പ്രധാനമന്ത്രി അഭിമാനത്തോടെ സ്മരിക്കുകയും രാജ്യത്തോടുള്ള തന്റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനുള്ള കരുത്ത് നല്‍കിയത് എന്‍.സി.സി കേഡറ്റ് എന്ന നിലയില്‍ തനിക്ക് ലഭിച്ച പരിശീലനത്തിന് സമ്മാനിക്കുകയും ചെയ്തു.
രാഷ്ട്രനിര്‍മ്മാണത്തില്‍ നല്കിയ സംഭാവനകള്‍ക്ക് ലാലാ ലജ്പത് റായ്, ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പ എന്നിവര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്ത്യയുടെ ധീരരായ ഈ രണ്ട് പുത്രന്മാരുടെയും ജന്മവാര്‍ഷികമാണിന്ന്. രാജ്യം പുതിയ പ്രതിജ്ഞകളുമായി മുന്നേറുന്ന ഈ കാലഘട്ടത്തില്‍ രാജ്യത്ത് എന്‍.സി.സിയെ ശക്തിപ്പെടുത്തുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. ഇതിനായി രാജ്യത്ത് ഒരു ഉന്നതതല അവലോകന സമിതി രൂപീകരിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഒരു ലക്ഷം പുതിയ കേഡറ്റുകളെ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി പ്രതിരോധ സ്ഥാപനങ്ങളുടെ വാതിലുകള്‍ തുറക്കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. ഗേള്‍ (പെണ്‍കുട്ടികള്‍) കേഡറ്റുകളുടെ വലിയൊരു സാന്നിധ്യം അദ്ദേഹം ചൂണ്ടിക്കാട്ടുകയും അത് രാജ്യത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന മനോഭാവത്തിന്റെ പ്രതീകമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ”രാജ്യത്തിന് നിങ്ങളുടെ സംഭാവന അനിവാര്യമാണ്, അതിന് ധാരാളം അവസരങ്ങളുമുണ്ട്”, അദ്ദേഹം കേഡറ്റുകളായ പെണ്‍കുട്ടികളോട് പറഞ്ഞു.
രാജ്യത്തിന്റെ പെണ്മക്കള് ഇപ്പോള്‍ സൈനിക് സ്കൂളില്‍ പ്രവേശനം നേടുന്നുണ്ടെന്നും സ്ത്രീകള്‍ക്ക് സൈന്യത്തില്‍ പ്രധാന ചുമതലകള്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പെണ്മക്കള് വ്യോമസേനയില്‍ യുദ്ധവിമാനങ്ങള്‍ പറത്തുകയാണ്. ”ഇത്തരമൊരു സാഹചര്യത്തില്‍ കൂടുതല്‍ കൂടുതല്‍ പെണ്മക്കളെ എന്‍.സി.സിയില്‍ ഉള്‍പ്പെടുത്തുന്നതിനാണ് ഞങ്ങളുടെ പരിശ്രമം” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭൂരിഭാഗവും ഈ നൂറ്റാണ്ടില്‍ ജനിച്ചവരായ കേഡറ്റുകളുടെ യുവത്വത്തെക്കുറിച്ചുള്ള ചെറുവിവരണം നല്‍കികൊണ്ട് രാജ്യത്തെ 2047ലേക്ക് കൊണ്ടുപോകുന്നതില്‍ അവര്‍ക്കുള്ള പങ്കില്‍ പ്രധാനമന്ത്രി അടിവരയിട്ടു. ”നിങ്ങളുടെ പരിശ്രമവും പ്രതിജ്ഞയും ആ പ്രതിജ്ഞകളുടെ പൂര്‍ത്തീകരണവുമാണ് ഇന്ത്യയുടെ നേട്ടവും വിജയവും”, അദ്ദേഹം പറഞ്ഞു. രാഷ്ട്രം ആദ്യം എന്ന ചിന്തയുമായി യുവാക്കള്‍ മുന്നേറുന്ന രാജ്യത്തെ തടയാന്‍ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കളിസ്ഥലത്തും സ്റ്റാര്‍ട്ടപ്പ് പരിസ്ഥിതിമണ്ഡലങ്ങളിലുമുള്ള ഇന്ത്യയുടെ വിജയം ഇതിന്റെ വളരെ വ്യക്തമായ ദൃഷ്ടാന്തമാണ്, പ്രധാനമന്ത്രി പറഞ്ഞു. അമൃത് കാലില്‍, അതായത് ഇന്നു മുതല്‍ അടുത്ത 25 വര്‍ഷം വരെയുള്ള സമയത്ത്, തങ്ങളുടെ അഭിലാഷങ്ങളേയും പ്രവര്‍ത്തനങ്ങളേയും രാജ്യത്തിന്റെ വികസനവും പ്രതീക്ഷകളുമായി സംയോജിപ്പിക്കാന്‍ കേഡറ്റുകളോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
പ്രാദേശികതയ്ക്ക് വേണ്ടിയുള്ള ശബ്ദം (വോക്കല്‍ ഫോര്‍ ലോക്കല്‍) സംഘടിതപ്രവര്‍ത്തനത്തില്‍ ഇന്നത്തെ യുവത്വത്തിന് സുപ്രധാന പങ്ക് വഹിക്കാനാകുമെന്നതിലും പ്രധാനമന്ത്രി അടിവരയിട്ടു. ” ഒരു ഇന്ത്യക്കാരന്റെ അദ്ധ്വാനവും വിയര്‍പ്പും ഉപയോഗിച്ച് സൃഷ്ടിച്ച സാധനങ്ങള്‍ മാത്രമേ ഉപയോഗിക്കുകയുള്ളുവെന്ന് ഇന്നത്തെ യുവത്വം തീരുമാനിച്ചാല്‍, ഇന്ത്യയുടെ ഭാഗധേയം മാറ്റിമറിക്കാന്‍ കഴിയും”, അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇന്ന് ഒരു വശത്ത് ഡിജിറ്റല്‍ സാങ്കേതികവിദ്യയും വിവരങ്ങളുമായി ബന്ധപ്പെട്ട നല്ല സാദ്ധ്യതകളുണ്ടെന്നും മറുവശത്ത് തെറ്റായ വിവരങ്ങളുടെ അപകടങ്ങളുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നമ്മുടെ രാജ്യത്തെ സാധാരണക്കാര്‍ ഒരു കിംവദന്തിയിലും വീഴാതിരിക്കേണ്ടതും അനിവാര്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇതിനായി എന്‍.സി.സി കേഡറ്റുകള്‍ ഒരു ബോധവല്‍ക്കരണ പ്രചാരണം നടത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
എന്‍.സി.സിയും/എന്‍.എസ്.എസും ഉള്ള കാമ്പസുകളില്‍ മയക്കുമരുന്നുകള്‍ എത്തിപ്പെടാന്‍ പാടില്ലെന്നതിന് പ്രധാനമന്ത്രി ഊന്നല്‍ നല്കി. കേഡറ്റുകളോട് സ്വയം മയക്കുമരുന്നുകളില്‍ നിന്നും മോചിതരായി നില്‍ക്കാനും അതോടൊപ്പം കാമ്പസുകളെ മയക്കുമരുന്ന് മുക്തമാക്കാനും അദ്ദേഹം ഉപദേശിച്ചു. എന്‍.സി.സിയിലും എന്‍.എസ്.എസിലും ഇല്ലാത്ത സുഹൃത്തുക്കളെ ഈ മോശം സ്വഭാവം ഉപേക്ഷിക്കുന്നതിന് സഹായിക്കുന്നതിനും അദ്ദേഹം ഊന്നല്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: