കെ. എം. ചന്ദ്രശേഖര്‍ & ടി. കെ. എ. നായര്‍
(കെ എം ചന്ദ്രശേഖര്‍ മുന്‍ ക്യാബിനറ്റ് സെക്രട്ടറി.. ടി കെ എ നായര്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി)
ഐഎഎസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷനുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ഭേദഗതികളോട് ചില സംസ്ഥാനങ്ങളും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും ശക്തമായ എതിര്‍പ്പുയര്‍ത്തിയത് ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിനെ വാര്‍ത്തകളില്‍ നിറച്ചു. കാര്യക്ഷമമായ ഭരണത്തിനും സഹകരണ ഫെഡറലിസത്തിന്റെ സത്തയ്‌ക്കും ചേരും വിധമുള്ള സമൂലമായ പരിവര്‍ത്തനങ്ങള്‍ ചട്ടങ്ങളില്‍ സാധ്യമാകണമെങ്കില്‍ സംസ്ഥാനങ്ങളുമായുള്ള കൂടിയാലോചന ഒഴിച്ചുകൂടാനാവാത്തതാണ്.
കേന്ദ്ര ഗവണ്‍മെന്റ് തെരെഞ്ഞെടുത്ത് നിയമിക്കുകയും, പരിശീലനം നല്‍കുകയും, വിവിധ സംസ്ഥാന കാഡറുകള്‍ക്ക് അനുവദിക്കുകയും ചെയ്യുന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍, അവര്‍ ഉള്‍പ്പെടുന്ന സംസ്ഥാന കാഡറില്‍ മാത്രമല്ല, കേന്ദ്ര സര്‍ക്കാരിനു വേണ്ടിയും സേവനം ചെയ്യാന്‍ ബാധ്യസ്ഥരാണ്.
കേന്ദ്ര ഗവണ്‍മെന്റിലെ ഡെപ്യൂട്ടി സെക്രട്ടറി/ഡയറക്ടര്‍ തലം മുതല്‍ സെക്രട്ടറി വരെയുള്ള ഉന്നത ഔദ്യോഗിക ഉത്തരവാദിത്തങ്ങള്‍, വിവിധ സംസ്ഥാന കാഡറുകളില്‍ നിന്ന് കേന്ദ്ര ഡെപ്യൂട്ടേഷനിലെത്തുന്ന ഐഎഎസ് ഉദ്യോഗസ്ഥരും മറ്റ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും അതത് മേഖലകളിലെ വിദഗ്ധരും ചേര്‍ന്ന് നിര്‍വ്വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതായത്, ഐഎഎസ് ഉദ്യോഗസ്ഥര്‍ അവരുടെ കാഡര്‍ ഉള്‍പ്പെടുന്ന സംസ്ഥാന സര്‍ക്കാരുകളുടെയും അവരുടെ നിയമന അധികാരിയായ കേന്ദ്ര സര്‍ക്കാരിന്റെയും ഇരട്ട നിയന്ത്രണത്തിലാണെന്നര്‍ത്ഥം. രാജ്യത്തിന്റെ കാര്യക്ഷമമായ ഭരണ നിര്‍വ്വഹണത്തിനുതകും വിധം ഉദ്യോഗസ്ഥരുടെ സേവനം ഉപയോഗപ്പെടുത്താന്‍ കേന്ദ്രത്തെയും സംസ്ഥാനങ്ങളെയും പ്രാപ്തരാക്കുന്നതിനാണ് ഐഎഎസിന്റെ ഘടനയില്‍ ഈ അധികാര പങ്കിടല്‍ വിഭാവനം ചെയ്തത്.
തസ്തികകള്‍, സ്ഥലംമാറ്റങ്ങള്‍, അച്ചടക്കനടപടികള്‍ എന്നിവയുള്‍പ്പെടെയുള്ള സേവന വ്യവസ്ഥകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആത്യന്തിക അധികാരം കേന്ദ്ര സര്‍ക്കാരിനായിരിക്കുമ്പോള്‍ തന്നെ ചില ചട്ടങ്ങളിലൂടെ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇക്കാര്യങ്ങളില്‍ പങ്കാളിത്തം ഉറപ്പാക്കിയിരിക്കുന്നു
നമ്മുടെ അര്‍ദ്ധ ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഘടനയും പ്രവര്‍ത്തനങ്ങളും മനസ്സില്‍ വച്ച് വേണം വേണം ഐഎഎസ് കാഡര്‍ നിയമങ്ങളില്‍ കേന്ദ്ര ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചിട്ടുള്ള മാറ്റങ്ങളെ ഉള്‍ക്കൊള്ളേണ്ടത്.
ഐഎഎസ് കാഡര്‍ ചട്ടങ്ങളില്‍ മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും നിര്‍ദേശിച്ച് ജനുവരി 5, 12 തിയതികളിലായി രണ്ട് കത്തുകള്‍ കേന്ദ്ര സര്‍ക്കാര്‍ അയച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്യുന്നു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി കണക്കാക്കുന്ന ഡെപ്യൂട്ടേഷന്‍ റിസര്‍വിനു കീഴില്‍ (വിയോജിപ്പ് ഉണ്ടെങ്കില്‍ കേന്ദ്ര തീരുമാനം അന്തിമമായിരിക്കും), വിവിധ തലങ്ങളിലുള്ള യോഗ്യരായ ഉദ്യോഗസ്ഥരെ സംസ്ഥാന സര്‍ക്കാരുകള്‍ ‘കേന്ദ്ര സര്‍ക്കാരിന് ഡെപ്യൂട്ടേഷനില്‍ ലഭ്യമാക്കണം’ എന്ന് ആദ്യ കത്ത് നിര്‍ദ്ദേശിക്കുന്നു. കൂടാതെ, കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം ഒരു നിശ്ചിത കാലയളവിനുള്ളില്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളെ ഇത് നിര്‍ബന്ധിതമാക്കുന്നു.
തുടര്‍ന്നുള്ള ജനുവരി 12ലെ കത്തിലൂടെ, ഏതെങ്കിലും കേന്ദ്ര തസ്തികയിലേക്ക് ഒരു സംസ്ഥാന കാഡറിലെ ഐഎഎസ് ഉദ്യോഗസ്ഥന്റെ സേവനം തേടാനുള്ള അധികാരം കേന്ദ്രം സ്വയം ഏറ്റെടുക്കുന്നു. അവിടെയും ‘കേന്ദ്രത്തിന്റെ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ നിശ്ചിത കാലയളവിനുള്ളില്‍ നടപ്പിലാക്കണം.’ കേന്ദ്ര ഗവണ്‍മെന്റ് വ്യക്തമാക്കിയ കാലയളവിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ ഈ നിര്‍ദ്ദേശം നടപ്പാക്കിയില്ലെങ്കില്‍, ‘കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്ന തീയതി മുതല്‍ ഉദ്യോഗസ്ഥരെ സംസ്ഥാന കാഡറില്‍ നിന്ന് റിലീവ് ചെയ്തതായി കണക്കാക്കും.’
കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോകുന്ന ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ കുത്തനെ ഇടിവ് സംഭവിച്ചതാണ് പൊടുന്നനെയുള്ള ഈ നീക്കങ്ങള്‍ക്ക് കാരണം. 2014ല്‍ 69% ആയിരുന്ന നിര്‍ബന്ധിത റിസര്‍വ്, 2021ല്‍ 30% ആയി കുറഞ്ഞു.
തീര്‍ച്ചയായും ഗുരുതരമായ ഒരു പോരായ്മയാണിത്. എന്നാല്‍ ചട്ടങ്ങളില്‍ കര്‍ശനമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുപകരം, മുന്‍കാലങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രിയമായിരുന്ന കേന്ദ്ര ഡെപ്യൂട്ടേഷന്‍ അപ്രിയമായത് എന്തുകൊണ്ടാണെന്ന് ആദ്യം അന്വേഷിക്കുകയും ആവശ്യമെങ്കില്‍ ആത്മപരിശോധന നടത്തുകയും വേണം.
കേന്ദ്രത്തിലെ സേവന വ്യവസ്ഥകള്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മോശമായിട്ടുണ്ടോ?
ഇത് സംസ്ഥാനങ്ങളില്‍ ജോലി നോക്കുന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ച് കേന്ദ്ര ഡെപ്യൂട്ടേഷന്‍ ആകര്‍ഷകമല്ലാതാക്കുന്നുണ്ടോ? ഉയര്‍ന്ന ഉന്നതോദ്യോഗതലത്തിലെ എംപാനല്‍മെന്റ് സംവിധാനത്തില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ കേന്ദ്ര സേവനത്തിന് ലഭ്യമാകുമായിരുന്ന ഉദ്യോഗസ്ഥരെ ദോഷകരമായി ബാധിക്കുന്നുണ്ടോ? കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ സേവന കാലാവധിയില്‍ അനിശ്ചിതത്വം കടന്നുകൂടിയിട്ടുണ്ടോ?
താഴേത്തട്ടിലെ ഭരണം സംസ്ഥാനങ്ങളുടെ സഹകരണത്തോടെയാണ് മുന്നോട്ടു പോകുന്നതെന്ന വസ്തുത കേന്ദ്ര ഗവണ്‍മെന്റ് ശ്രദ്ധിക്കേണ്ടതാണ്. ഒട്ടു മിക്ക കേന്ദ്ര പദ്ധതികളും സംസ്ഥാന സര്‍ക്കാരുകള്‍ മുഖേനയാണ് നടപ്പാക്കുന്നത്. സംസ്ഥാന സര്‍വീസില്‍ നിന്ന് കേന്ദ്ര സര്‍വീസിലേക്കുള്ള ഉദ്യോഗസ്ഥരുടെ ഏകപക്ഷീയവും പൊടുന്നനെയും ഉള്ള സ്ഥലംമാറ്റങ്ങള്‍ സംസ്ഥാന ഭരണത്തെ അലോസരപ്പെടുത്തുന്നതും ദുര്‍ബലപ്പെടുത്തുന്നതും ആയിരിക്കും.
മാത്രവുമല്ല, ഭരണ നിര്‍വ്വഹണത്തില്‍ നിര്‍ണായക ഘടകമെന്ന് വിശേഷിപ്പിക്കാവുന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ മുഖേന സംസ്ഥാന ഭരണത്തെ മുന്നോട്ട് നയിക്കാനുള്ള ഭരണഘടനാദത്തമായ തങ്ങളുടെ അവകാശത്തിന്റെ ഗുരുതരമായ ലംഘനമാണിതെന്ന ബിജെപി ഇതര സംസ്ഥാനങ്ങളുടെ ആശങ്കയില്‍ കഴമ്പില്ലാതില്ല.
കേന്ദ്ര സര്‍ക്കാരും ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളും തമ്മില്‍ അഭിപ്രായഭിന്നത ഉടലെടുത്ത പശ്ചാത്തലത്തില്‍, നിര്‍ദിഷ്ട ഭേദഗതികളെക്കുറിച്ചുള്ള കൂടുതല്‍ ഏറ്റുമുട്ടലുകള്‍ ഒഴിവാക്കുന്നത് അഭികാമ്യമായിരിക്കും.
ഏതായാലും സംസ്ഥാനങ്ങളുമായി വിപുലമായ കൂടിയാലോചനയ്‌ക്കുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചത് ഈ പശ്ചാത്തലത്തില്‍ ശുഭോദര്‍ക്കമാണ്. കൂടിയാലോചനകള്‍ ഉദ്യോഗസ്ഥരെക്കൂടി ഉള്‍പ്പെടുത്തി വിപുലീകരിക്കുകയും കൂടുതല്‍ ആഴത്തിലുള്ള ചര്‍ച്ചകളിലൂടെ, കേന്ദ്ര ഡെപ്യൂട്ടേഷനായി, വിവിധ തലങ്ങളിലുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ ലഭ്യത സമയ ബന്ധിതമായി ഉറപ്പാക്കുമ്പോള്‍ മാത്രമേ നിര്‍ദ്ദിഷ്ട ഭേദഗതികള്‍ ശരിയായ ദിശയിലാണോ എന്ന് തീരുമാനിക്കാനാകൂ സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തവും പ്രവര്‍ത്തനപരമായ കാര്യക്ഷമത ഉറപ്പുവരുത്തുകയും അവയുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമെന്ന പ്രതീതി ഒഴിവാക്കുകയും വേണം. ഉണ്ടായേക്കാവുന്ന അനാവശ്യ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി ഉദ്യോഗസ്ഥര്‍ക്ക് സ്വൈരമായ കുടുംബജീവിതം പ്രദാനം ചെയ്യുകയെന്നതും സുപ്രധാനമാണ്.
അന്തിമ വിശകലനത്തില്‍, പരിഹാരം കുടികൊള്ളുന്നത് സഹകരണ ഫെഡറലിസത്തിലാണെന്ന് കാണാം. 2015ല്‍ ബര്‍ണപൂറില്‍ നടന്ന ഒരു ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി, ‘ഭരണഘടന നമുക്ക് ഒരു ഫെഡറല്‍ സംവിധാനം സംഭാവന ചെയ്തു. ഖേദകരമെന്നു പറയട്ടെ, കേന്ദ്രസംസ്ഥാന ബന്ധങ്ങള്‍ വളരെക്കാലമായി പിരിമുറുക്കത്തിലായിരുന്നു. മുഖ്യമന്ത്രിയെന്ന ഉത്തരവാദിത്തം നിറവേറ്റിയിട്ടുള്ള എനിക്ക്, ഇത് അഭികാമ്യമല്ലെന്ന ഉറച്ച ബോധ്യമുണ്ട്. സഹകരണ ഫെഡറലിസത്തില്‍ ശ്രദ്ധയൂന്നി പരിവര്‍ത്തനം സാധ്യമാക്കാന്‍ ശ്രമിക്കുന്നതിനുള്ള കാരണമിതാണ്….അതുകൊണ്ടാണ് ടീം ഇന്ത്യ എന്ന് ഞാന്‍ പറയുന്നത്…ടീം ഇന്ത്യ എന്ന മനോഭാവം സൃഷിക്കുന്നതിലൂടെയല്ലാതെ രാജ്യത്തിന് പുരോഗതി കൈവരിക്കാനാവില്ല.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: