Categories: India

മതപരിവര്‍ത്തന സമ്മര്‍ദ്ദം മൂലം ലാവണ്യയുടെ ആത്മഹത്യ: പ്രശ്നം പഠിക്കാന്‍ ജെ.പി. നദ്ദ നാലംഗ ബിജെപി ദേശീയ സമിതിയെ നിയോഗിച്ചു

തമിഴ്‌നാട്ടിലെ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ററി സ്‌കൂളില്‍ മതപരിവര്‍ത്തനത്തെ എതിര്‍ത്ത ഹിന്ദു പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് പഠിക്കാന്‍ വ്യാഴാഴ്ച ബിജെപി ദേശീയ പ്രസിഡന്‍റ് ജെ.പി. നദ്ദ ദേശീയ കമ്മീഷന്‍ രൂപീകരിച്ചു. ഈ നാലംഗ കമ്മീഷന്‍ തഞ്ചാവൂരിലെ സേക്രഡ് ഹാര്‍ട്ട് സ്കൂള്‍ സന്ദര്‍ശിക്കും. പ്രശ്നം പഠിച്ചശേഷം തനിക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് ജെ.പി. നദ്ദ ആവശ്യപ്പെട്ടിരിക്കുന്നത്.

Published by

ചെന്നൈ: തമിഴ്‌നാട്ടിലെ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ററി സ്‌കൂളില്‍ മതപരിവര്‍ത്തനത്തെ എതിര്‍ത്ത ഹിന്ദു പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് പഠിക്കാന്‍ വ്യാഴാഴ്ച ബിജെപി ദേശീയ പ്രസിഡന്‍റ് ജെ.പി. നദ്ദ ദേശീയ കമ്മീഷന്‍ രൂപീകരിച്ചു. ഈ നാലംഗ കമ്മീഷന്‍ തഞ്ചാവൂരിലെ സേക്രഡ് ഹാര്‍ട്ട് സ്കൂള്‍ സന്ദര്‍ശിക്കും. പ്രശ്നം പഠിച്ചശേഷം തനിക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് ജെ.പി. നദ്ദ ആവശ്യപ്പെട്ടിരിക്കുന്നത്.  

ഇതിനിടെ ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയ്‌ക്കെതിരെ  തമിഴ്നാട്ടില്‍ ആസൂത്രിതമായ സൈബര്‍ ആക്രമണം നടക്കുകയാണ്. അണ്ണാമലൈയെ അറസ്റ്റ് ചെയ്യുക എന്ന ടാഗിലാണ് ട്വിറ്ററില്‍ ആക്രമണം നടക്കുന്നത്. ഇതിന് പിന്നില്‍ ആസൂത്രിത നീക്കമുണ്ടോ എന്ന കാര്യവും പരിശോധിക്കും. ബിജെപി എംപി സന്ധ്യ റേ, പാര്‍ട്ടി നേതാക്കളായ വിജയശാന്തി, ചിത്ര വാഗ്, ഗീതാ വിവേകാനന്ദ എന്നിവര്‍ ഈ അന്വേഷണകമ്മിറ്റിയില്‍ അംഗങ്ങളാണ്.

നേരത്തെ  പുറത്തുവിട്ട 44-സെക്കന്‍റ് വീഡിയോയില്‍ ആത്മഹത്യ ചെയ്ത ലാവണ്യ എന്ന പെണ്‍കുട്ടി തന്നെ മതപരിവര്‍ത്തനം നടത്താന്‍ സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ചതായി വിശദീകരിക്കുന്നുണ്ട്. വിഷം കഴിച്ച ശേഷം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ  മുത്തവേല്‍ എന്നയാളാണ് ഈ വീഡിയോ ഷൂട്ട് ചെയ്തത്. മുത്തുവേല്‍ വിശ്വഹിന്ദു പരിഷത്തിന്റെ അരിയലൂര്‍ ജീല്ല സെക്രട്ടറിയാണെന്ന് പറയപ്പെടുന്നു. എന്തായാലും ഈ വീഡിയോ വൈറലായതോടെയാണ് പ്രശ്നം വിവാദമായത്.  

ഇപ്പോള്‍ രണ്ട് മിനിറ്റ് 40 സെക്കന്‍റ് ദൈര്‍ഘ്യമുള്ള മറ്റൊരു വീഡിയോ കൂടി പുറത്തുവന്നിരിക്കുകയാണ്.  അതില്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ സഗായ മേരി ഏല്‍പ്പിച്ച അധിക ജോലികളുടെ സമ്മര്‍ദ്ദഫലമായാണ് ആത്മഹത്യ ചെയ്തതെന്ന് പെണ്‍കുട്ടി പറയുന്നതായാണ് പുതിയ വീഡിയോ. ഇതില്‍ മതപരിവര്‍ത്തനത്തെക്കുറിച്ച് പരാമര്‍ശമില്ലെന്നാണ് ബിജെപി വിരുദ്ധ ലോബികള്‍ പ്രചരിപ്പിക്കുന്നത്.  എന്തായാലും കേസ് ഇപ്പോള്‍  മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.  

ഇതിനകം കേസില്‍ പൊലീസ് 62 കാരിയായ സഗായ മേരിയെ അറസ്റ്റ് ചെയ്തുകഴിഞ്ഞു. കുറ്റമെല്ലാം ഹോസ്റ്റല്‍ വാര്‍ഡന്റെ മേല്‍ കെട്ടിവെച്ച് മതപരിവര്‍ത്തനം എന്ന പ്രശ്നം മായ്ച്ചുകളയാനാണ് പള്ളിയുടെയും ഡിഎംകെയുടെയും ബിജെപി വിരുദ്ധ ലോബിയുടെയും ശ്രമമെന്നും ആരോപണമുണ്ട്. ഇതിന്റെ ഭാഗമായി ബിജെപിക്കും അണ്ണാമലൈയ്‌ക്കും വിഎച്ച്പി നേതാവ് മുത്തുവേലുവിനും എതിരെ ശക്തമായ പ്രചാരണമാണ് നടക്കുന്നത്.  

തഞ്ചാവൂരിലെ മൈക്കേല്‍പ്പട്ടിയില്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ററി സ്‌കൂളിലെ 17 കാരി ലാവണ്യയാണ് പള്ളിസ്‌കൂള്‍ അധികൃതര്‍ മതംമാറാന്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. അവിടെ ഹോസ്റ്റലില്‍ അന്തേവാസിയായിരുന്നു പെണ്‍കുട്ടി. 10 ദിവസം ജീവന് വേണ്ടി പൊരുതിയ ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലാവണ്യ മരണത്തിന് കീഴടങ്ങിയത്. വിഷം കഴിച്ചായിരുന്നു മരണം.  

സ്കൂള്‍ അധികൃതര്‍ മതംമാറ്റാന്‍ പ്രേരിപ്പിച്ച വീഡിയോ ഉയര്‍ത്തിക്കാട്ടി ശക്തമായ സമരമാണ് ബിജെപി തമിഴ്നാട്ടില്‍ നടത്തിയത്. ഇത് മാധ്യമങ്ങളില്‍ വ്യാപകമായ ചര്‍ച്ചയായി മാറിയിരുന്നു. ലാവണ്യ മരിച്ചതിന്റെ പിറ്റേദിവസമാണ് കുട്ടിയുടെ അച്ഛനും അമ്മയും ഈ 44 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോയുമായി പൊലീസിനെ സമീപിച്ചത്. ഈ വീഡിയോയിലാണ്  മതപരിവര്‍ത്തനം നടത്താന്‍  പള്ളിസ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ചതായി ലാവണ്യ പറയുന്നത്. വിവാദ വീഡിയോയില്‍ ലാവണ്യ പറയുന്നത് ഇതാണ്: ‘അവര്‍ (പള്ളിസ്‌കൂള്‍ അധികൃതര്‍) എന്റെ സാന്നിധ്യത്തില്‍ അച്ഛനമ്മമാരോട് എന്നെ ക്രിസ്ത്യന്‍ മതത്തിലേക്ക് ചേരാന്‍ നിര്‍ബന്ധിച്ചു. അങ്ങിനെയെങ്കില്‍  ഉപരിപഠനത്തിന് സഹായിക്കാമെന്ന് പറഞ്ഞു. ഞാന്‍ സമ്മതിക്കാത്തതിനാല്‍ അവര്‍ എന്നെ പീഡിപ്പിച്ചുകൊണ്ടിരുന്നു,’.  ഇത് രണ്ട് വര്‍ഷം മുന്‍പുള്ള വീഡിയോയാണ്. ഇതില്‍ ലാവണ്യ തന്നെ പീഡിപ്പിച്ച റാക്വല്‍ മേരി എന്ന ഇതേ സ്കൂളിലെ ഒരു കന്യാസ്ത്രീയെക്കുറിച്ചും പറയുന്നുണ്ട്. എന്നാല്‍ ഇവരെ പൊലീസ് ഇതുവരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.  

ഇപ്പോള്‍ ഈ വീഡിയോ വ്യാജമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അന്ന് ഈ വീഡിയോയ്‌ക്കുള്ള പ്രതികരണം കണ്ട് തമിഴ്നാടും ഡിഎംകെയും ശരിക്കും ഞെട്ടി. അത്രയ്‌ക്ക് ശക്തമായ പ്രതികരണമായിരുന്നു തമിഴ്നാട് കണ്ടത്.  ഇക്കാര്യം വസ്തുനിഷ്ഠമായി പഠിക്കാനാണ് ബിജെപിയുടെ നാലംഗ ദേശീയ സമിതി തമിഴ്നാട്ടില്‍ എത്തുന്നത്. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക