ന്യൂദല്‍ഹി: എയര്‍ ഇന്ത്യ ഔദ്യോഗികമായി ഏറ്റെടുത്ത് ടാറ്റ ഗ്രൂപ്പ്. കേന്ദ്ര സര്‍ക്കാരിന്റെ എയര്‍ ഇന്ത്യയുടെ ബോര്‍ഡ് അംഗങ്ങള്‍ രാജിവച്ച്, പകരം ടാറ്റയുടെ അംഗങ്ങള്‍ ചുമതലയേറ്റു. ഔദ്യോഗിക കൈമാറ്റത്തിനു മുന്നോടിയായി ടാറ്റ സണ്‍സ് ചെയര്മാന് എന്‍. ചന്ദ്രശേഖരന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ടാറ്റ സണ്‍സുമായി നടന്ന കൂടിക്കാഴ്ചയുടെ ചിത്രം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
കമ്പനിയുടെ ജനുവരി 20 വരെയുള്ള അന്തിമ വരവുചെലവ് കണക്കുകള്‍ കഴിഞ്ഞ തിങ്കളാഴ്ച എയര്‍ ഇന്ത്യ ടാറ്റയ്ക്കു കൈമാറിയിരുന്നു. അന്തിമ വരവുചെലവ് കണക്കുകള്‍ അവലോകനം ചെയ്തതിനു ശേഷം മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ കമ്പനി ബുധനാഴ്ചതന്നെ വ്യക്തമാക്കുമെന്നു എയര്‍ലൈന്‍സ് ഫിനാന്‍സ് ഡയറക്ടര്‍ വിനോദ് ഹെജ്മാദി ജീവനക്കാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകളുടെ 100 % ഓഹരികളും എയര്‍ ഇന്ത്യയുടെ കാര്‍ഗോ വിഭാഗമായ എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിന്റെ (സാറ്റ്സ്) 50 ശതമാനവുമാണ് ടാറ്റ ഏറ്റെടുത്തത്. കഴിഞ്ഞ ഒക്ടോബറില്‍ എയര്‍ ഇന്ത്യയുടെ ലേല നടപടികളില്‍ 18,000 കോടി രൂപയുടെ ടെന്‍ഡര്‍ സമര്‍പ്പിച്ചാണു ടാറ്റ ഒന്നാമതെത്തിയത്. എയര്‍ ഇന്ത്യയുടെ ആകെയുള്ള കടത്തില്‍ 15,300 കോടി രൂപ ഏറ്റെടുക്കുന്ന ടാറ്റ, ടെന്‍ഡര്‍ തുകയില്‍ ബാക്കിയുള്ള 2700 കോടി രൂപ കേന്ദ്രത്തിനു പണമായി കൈമാറും.
1953ലാണ് കേന്ദ്രസര്‍ക്കാര്‍ ടാറ്റയില്‍ നിന്ന് ടാറ്റ എയര്‍ലൈന്‍സ് ഏറ്റെടുക്കുന്നത്. 2.8കോടി രൂപ കൊടുത്താണ് അന്ന് കമ്പനി സര്‍ക്കാര്‍ ഏറ്റെടുത്തത്. 69 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എയര്‍ ഇന്ത്യയിലെക്ക് ടാറ്റ മടങ്ങിയെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: