പരവൂര്‍: പരവൂര്‍ കായലില്‍ പൊഴിക്കര ഭാഗത്ത് സ്ഥാപണ്ടിച്ചിരുന്ന കുറ്റിവലകളും, കായലിന്റെ വിവിധ ഭാഗങ്ങളില്‍ ഇട്ടിരുന്ന തൂപ്പും പടലും ഫിഷറീസ് അധികൃതരെത്തി നീക്കം ചെയ്തു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുഹൈറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കുറ്റിവലയും, തൂപ്പും പടലും നീക്കം ചെയ്തത്. രാത്രി കാലങ്ങളിലാണ് പൊഴിക്കര ചീപ്പ് പാലത്തിനടുത്ത് കായലില്‍ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പു കുറ്റികളില്‍ വലകെട്ടിയാണ് ചെറു മത്സ്യങ്ങളെപ്പോലും കോരിയെടുക്കുന്നത്. നിരോധിത മത്സ്യബന്ധനം നടത്തുന്നവര്‍ക്കെതിരെ വരും ദിവസങ്ങളിലും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പത്തോളം തൊഴിലാളികളുമായി രണ്ട് വള്ളങ്ങളിലെത്തിയാണ് ഫിഷറീസ് ഉദ്യോഗസ്ഥ സംഘം കുറ്റിവലകള്‍ നീക്കം ചെയ്തത്. പത്തോളം ഇരുമ്പുകുറ്റികളും വലകളും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. കായലില്‍ ഇല കൊമ്പുകള്‍ കൊണ്ടിട്ടശേഷം ഇലകള്‍ അഴുകുമ്പോള്‍ അത് ഭക്ഷിക്കാനെത്തുന്ന മത്സ്യങ്ങളെ വലവളഞ്ഞുവച്ച് പിടികൂടുന്ന രീതിയാണ് തൂപ്പും പടലും. ഇത്തരത്തിലുള്ള മത്സ്യബന്ധനത്തിന് നിരോധനമുണ്ട്.
താന്നി, മുക്കം, പരവൂര്‍ ഭാഗങ്ങളിലാണ് തൂപ്പുംപടലും വ്യാപകമായുണ്ടായിരുന്നത്. ഫിഷറീസ് ഉദ്യോഗസ്ഥരായ ബിനോയ്, നിഥിന്, അനൂപ്, ജോണ്‍ പോള്‍, സുജിമോന്‍, ബിനീഷ്, മുരുകന് എന്നിവരടങ്ങിയ ഉദ്യോഗസ്ഥ സംഘമാണ് കുറ്റിവലകള്‍ നീക്കം ചെയ്തത്. പരവൂര്‍ കായലിലെ നിരോധിത മത്സ്യബന്ധനങ്ങള്‍ നീക്കം ചെയ്യുന്നതിന് തടസ്സമാകുന്നത് കൊല്ലംതോടാണ്. കൊല്ലം തോട് വഴി യന്ത്രവത്കൃത വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും പോകാന്‍ കഴിയാത്തതിനാല്‍ കൊല്ലത്തുനിന്നും റെയ്ഡുകള്‍ക്കായി ഉദ്യോഗസ്ഥര്‍ക്ക് എത്താന്‍ കഴിയാത്ത സ്ഥിതിയാണ്. സാധാരണ വള്ളങ്ങളില്‍ മണിക്കൂറുകളെടുത്ത് തുഴഞ്ഞു വേണം പരവൂര്‍ കായലിലെത്താന്‍. ഇത് മുതലെടുത്താണ് പരവൂര്‍ കായലിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധിത മത്സ്യബന്ധനം വ്യാപകമായി നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: