കട്ടപ്പന: രാജ്യം 73-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ഇടുക്കി ജില്ലയ്ക്ക് അന്‍പതാം പിറന്നാള്‍. 1972 ജനുവരി 24ന് പുറപ്പെടുവിച്ച സര്‍ക്കാര്‍ വിജ്ഞാപനമനുസരിച്ച് 1972 ജനു. 26 ന് ഇടുക്കി ജില്ല നിലവില്‍ വന്നു. മലയിടുക്ക് എന്നര്‍ത്ഥമുള്ള ഇടുക്ക് എന്ന വാക്കില്‍ നിന്നാണ് ഇടുക്കി എന്ന പേര് ഈ ജില്ലയ്ക്ക് വന്നത്. രൂപീകൃത കാലഘട്ടത്തില്‍ ‘ഇടിക്കി’ എന്ന് ഔദ്യോഗിക രേഖകളില്‍ രേഖപ്പെടുത്തിയിരുന്നത് തിരുത്തി ‘ഇടുക്കി ‘ എന്നാക്കി മാറ്റി റവന്യൂ വകുപ്പിന്റെ ഉത്തരവ് ഇറങ്ങിയത് 1973 ജനു. 11നാണ്.
മുന്‍പ് കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകളും എറണാകുളം ജില്ലയുടെ ഭാഗമായിരുന്ന തൊടുപുഴ താലൂക്കും ദേവികുളം താലൂക്കും ചേര്‍ന്ന് ഇടുക്കി ജില്ല രൂപം കൊണ്ടു. 1982ല്‍ വടക്ക് പമ്പാവാലി ഭാഗങ്ങളും പീരുമേട് താലൂക്കിലെ മ്ലാപ്പാറ വില്ലേജിലെ ശബരിമല സന്നിധാനവും ചുറ്റുമുള്ള ഭാഗങ്ങളും പത്തനംതിട്ട ജില്ലയിലേയ്ക്ക് മാറ്റപ്പെട്ടു. 4358 ച.കി.മീ വിസ്തീര്‍ണ്ണമുള്ള ഇടുക്കി കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയാണ്.
ഇടുക്കി, ദേവികുളം എന്നീ രണ്ട് റവന്യൂ ഡിവിഷനുകളും ദേവികുളം, ഉടുമ്പന്‍ചോല, ഇടുക്കി, തൊടുപുഴ പീരുമേട് എന്നീ 5 താലൂക്കുകളും 67 വില്ലേജുകളും ഇപ്പോള്‍ ജില്ലയില്‍ ഭരണനിര്‍വ്വഹണത്തിലുണ്ട്.
52 പഞ്ചായത്തുകള്‍
ജില്ലയില്‍ എട്ട് ബ്ലോക്കു പഞ്ചായത്തുകളിലായി ഇന്ത്യയിലെ ഏക ഗോത്ര പഞ്ചായത്തായ ഇടമലക്കുടി ഉള്‍പ്പെടെ 52 ഗ്രാമ പഞ്ചായത്തുകളും തൊടുപുഴ, കട്ടപ്പന എന്നീ രണ്ട് നഗരസഭകളും ഉണ്ട്. ജില്ല രൂപീകൃതമായപ്പോള്‍ ആസ്ഥാനം കോട്ടയമായിരുന്നുവെങ്കിലും പിന്നീട് കുയിലിമലയിലേയ്ക്ക് മാറ്റപ്പെട്ടു. തുടക്കത്തില്‍ വിരലിലെണ്ണാവുന്ന ഓഫീസുകളാണ് ജില്ലാ ആസ്ഥാനത്ത് ഉണ്ടായിരുന്നതെങ്കില്‍ ഇന്നിപ്പോള്‍ 25ലധികം സര്‍ക്കാര്‍ ആഫീസുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. 2011 ലെ സെന്‍സസ് പ്രകാരം ഇടുക്കിയിലെ ജനസംഖ്യ 11,08,974 ആണ്. വന വിസ്തൃതി കൂടിയ ഇവിടെ ജനസാന്ദ്രത 254 ആണ്. ജനസംഖ്യ വളര്‍ച്ചാ നിരക്ക് നെഗറ്റീവ് ആണെന്നതാണ് പ്രധാന പ്രത്യേകത(1.93).
40 കളക്ടര്‍മാര്‍
1972 ജനുവരി 26 മുതല്‍ 1975 ആഗസ്റ്റ് 19 വരെ തുടര്‍ന്ന ആദ്യ കളക്ടറായ ഡോ.ഡി. ബാബുപോള്‍ മുതല്‍ 40 കളക്ടര്‍മാര്‍ ജില്ലയില്‍ സേവനമനുഷ്ഠിച്ചു. 40-ാമത്തെ കളക്ടറാണ് നിലവില്‍ തുടരുന്ന ഷീബാ ജോര്‍ജ്.
കുടിയേറ്റത്തിന്റെയും അതീജീവനത്തിന്റെയും ഉയര്‍ത്തെണീപ്പിന്റെയും ചരിത്രമാണ് ഇടുക്കിയിലേത്. 1930തിലുണ്ടായ ആഗോള ഭക്ഷ്യക്ഷാമമാണ് ഇടുക്കിയിലേക്കുള്ള കര്‍ഷക കുടിയേറ്റത്തിന് കാരണമായത്. ഭക്ഷ്യക്ഷാമം കേരളത്തേയും പ്രതികൂലമായി ബാധിച്ചു. ഭക്ഷ്യവിഭവങ്ങള്‍ക്കായി കൃഷി വ്യാപകമാക്കാനും തരിശ് നിലങ്ങളിലും അതുവരെ കൃഷിക്ക് ഉപയുക്തമാക്കാത്തതുമായ പ്രദേശങ്ങളില്‍ കൃഷിയിറക്കാനും അന്നത്തെ ഭരണസംവിധാനം പ്രോത്സാഹന പദ്ധതികളാരംഭിച്ചു. ഇടുക്കിയിലെ വനഭൂമിയില്‍ ഭക്ഷ്യവിളകള്‍ കൃഷി ചെയ്യാന്‍ സര്‍ക്കാര്‍ രേഖാമൂലം അനുവാദം നല്‍കുന്നത് ഈ കാലയളവിലായിരുന്നു. നെല്ലും ചോളവും തിനയും റാഗിയുമുള്‍പ്പെടെയുള്ള ഭക്ഷ്യ വിളകൃഷിയ്ക്കാണ് അന്ന് പ്രാധാന്യം നല്‍കിയിരുന്നത്. സ്വാതന്ത്ര്യലബ്ധിയ്ക്കു ശേഷം ഊര്‍ജ്ജിത ഭക്ഷ്യോത്പാദന പദ്ധതി പ്രകാരവും 1954ല്‍ ഹൈറേഞ്ച് കോളനൈസേഷന്‍ പദ്ധതി പ്രകാരവും ആളുകള്‍ ജില്ലയിലേക്ക് കുടിയേറപ്പെട്ടു.
ആദ്യകാലത്ത് തന്നാണ്ട് ഭക്ഷ്യ വിളകളാണ് കൂടുതലായി കൃഷി ചെയ്തിരുന്നതെങ്കില്‍ പിന്നീടിങ്ങോട്ട് കുരുമുളക്, ഏലം, തേയില, കാപ്പി, ജാതി, തെങ്ങ്, റബര്‍ തുടങ്ങിയ സുഗന്ധ, നാണ്യവിളകളുള്‍പ്പെടെയുള്ള സമ്മിശ്ര കൃഷിയാല്‍ സമൃദ്ധമാണ് ഇന്ന് ഇടുക്കി. സംസ്ഥാനത്ത് വെളുത്തുള്ളി കൃഷി ചെയ്യുന്ന ഏക ജില്ലയെന്ന ഖ്യാതിയും ഭൗമ സൂചികാ പദവി ലഭിച്ച മറയൂര്‍ ശര്‍ക്കരയും ഇടുക്കിയുടെ പ്രത്യേകതകളാണ്.
കാര്‍ഷിക മേഖലയ്ക്കൊപ്പം തന്നെ വിനോദ സഞ്ചാര മേഖലയിലും ലോക ഭൂപടത്തില്‍ ഇടം നേടിയ നാടാണ് ഇടുക്കി. ലോകത്തിലെ രണ്ടാമത്തെയും ഏഷ്യയിലെ ഏറ്റവും ഉയരമുള്ളതുമായ ഇടുക്കി ആര്‍ച്ച് ഡാം, തെക്കിന്റെ കാശ്മീര്‍ എന്നറിയപ്പെടുന്ന മൂന്നാര്‍, അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായ തേക്കടി, കേരളത്തിന്റെ സ്വിറ്റ്സര്‍ലന്റായ വാഗമണ്‍, വംശനാശം നേരിടുന്ന വരയാടുകളുടെ സംരക്ഷിത കേന്ദ്രമായ ഇരവികുളം ദേശീയോദ്യാനം, രാമക്കല്‍മേട്, പാഞ്ചാലിമേട്, ആനയിറങ്കല്‍, മാട്ടുപ്പെട്ടി, തൂവല്‍, തൂവാനം, കുത്തുങ്കല്‍ വെള്ളച്ചാട്ടങ്ങള്‍, അരുവിക്കുഴി തുടങ്ങി ചെറുതും വലുതുമായ നിരവധി ടൂറിസം കേന്ദ്രങ്ങളാണ് ആഭ്യന്തര, വിദേശ സഞ്ചാരികള്‍ക്കായി പ്രകൃതി ഭംഗിയൊരുക്കി ഇടുക്കിയിലുള്ളത്.
ഡാമുകളുടെ നാട്
ഒരു ഡസണിലധികം അണക്കെട്ടുകളുള്ള ജില്ലയാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ആകെ വൈദ്യുതിയുടെ 66% സംഭാവന ചെയ്യുന്നത്. സിനിമക്കാരുടെ ഇഷ്ട ലൊക്കേഷനായി അടുത്തിടെ ഇടുക്കി മാറി കഴിഞ്ഞു.
മഹേഷിന്റെ പ്രതികാരം എന്ന സിനിമയില്‍ ഇടുക്കിയെ പുകഴ്ത്തി എഴുതിയ പാട്ട് വമ്പന്‍ ഹിറ്റായിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദേശീയോദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും ജലവൈദ്യുത പദ്ധതികളുമുള്ള ജില്ല എന്ന പ്രത്യേകതയും ഇടുക്കിയ്ക്ക് സ്വന്തമാണ്.
രൂപീകരിച്ച് 5 പതിറ്റാണ്ടിലേക്ക് എത്തുമ്പോഴും കാര്‍ഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന സാധാരണക്കായ ജനത ദുരിതക്കയത്തിലാണ്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ഇന്നും പലയിടത്തും ഏറെ പിന്നിലാണ്. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ഭൂമി വിഷയം പരിഹരിക്കാന്‍ മാറി മാറി ഭരിച്ച ഇടത്- വലത് സര്‍ക്കാരുകള്‍ക്ക് ആയിട്ടില്ല. കുടിയേറ്റ കര്‍ഷകരുടെ പേര് പറഞ്ഞ് വോട്ട് നേടുമ്പോഴും ഭരണത്തിലേറിയാല്‍ ഇതെല്ലാം മറക്കം. മെച്ചപ്പെട്ട യാത്രാ സൗകര്യകളും, ആശുപത്രി സംവിധാനങ്ങളും ജില്ലയില്‍ പലയിടത്തും ഇന്നും അന്യമാണ്.
പ്രധാന റോഡുകള്‍ക്ക് പുറമേ ഗ്രാമീണ മേഖലയിലെ റോഡുകള്‍ സഞ്ചാര യോഗ്യമല്ലാതായി കിടക്കുന്നത് ഇവിടുത്തെ ജനജീവിതം ദുഃസ്സഖമാക്കുകയാണ്. ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ ഇടുക്കി മെഡിക്കല്‍ കോളേജും പേപ്പറില്‍ മാത്രമൊതുങ്ങി.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന മൂന്നാര്‍, തേക്കടി, വാഗമണ്‍ തുടങ്ങിയ ഉള്‍പ്പെടുന്ന ജില്ലയായിട്ടും ഇതിന്റെ പ്രയോജനം കൃത്യമായി ആസൂത്രണം ഇല്ലാത്തിനാല്‍ ടൂറിസം മേഖലയിലുള്ളവര്‍ക്ക് ലഭിക്കുന്നില്ല. 2018ലെ പ്രളയക്കാലത്ത് ഏറെ നഷ്ടമുണ്ടായ ജില്ലയുടെ പുനരധിവാസത്തിനായി പാക്കേജ് പ്രഖ്യാപിച്ചെങ്കിലും കാര്യമായൊന്നും നടപ്പിലായില്ല. മണ്ണിനോട് പടവെട്ടി അന്നത്തിനായി പൊരുതുന്ന കര്‍ഷകര്‍ക്ക് വന്യജീവി ശല്യത്തിനൊപ്പം കഴിഞ്ഞ 4 വര്‍ഷമായി കാലാവസ്ഥ വ്യതിയാനവും കനത്ത നാശമാണ് വരുത്തുന്നത്.
തേക്കടി ബോട്ട് ദുരന്തം, പുല്ലുമേട് ദുരന്തം, തങ്കമണി വെടിവയ്പ്പ്, മൂന്നാര്‍ കൈയേറ്റം ഒഴുപ്പിക്കല്‍, പെമ്പിളൈ ഒരുമൈ സമരം, പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തം എന്നിവയാണ് ഇടുക്കിയില്‍ നിന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പ്രധാന സംഭവങ്ങള്‍. കുടിയേറ്റങ്ങള്‍ക്കൊപ്പം എന്നും കൈയേറ്റത്തിനും പേര് കേട്ട നാടാണ് ഇടുക്കി. മൂന്നാറിലടക്കം നടത്തിയ വന്‍കിട നിര്‍മാണങ്ങള്‍ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തന്നെ ഇല്ലാതാക്കി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: