ന്യൂദല്‍ഹി : രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി കണക്കുകള്‍. 24 മണിക്കൂറിനിടെ രാജ്യത്ത് 2,86,384 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ടിപിആര്‍ റേറ്റ് 19.59 ശതമാനമാണെന്ന്് കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. 573 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
അതേസമയം കോവിഡ് വാക്സിന് ബൂസ്റ്റര്‍ ഡോസ് നല്കുന്നതില് കേന്ദ്ര സര്‍ക്കാര്‍ പുനരാലോചിക്കും. വിഷയത്തില്‍ ലോകാരോഗ്യ സംഘടനയുടെ നിലപാടും തേടിയിട്ടുണ്ട് അതിനുശേഷം തീരുമാനം കൈക്കൊള്ളും. എന്നാല്‍ നിലവില്‍ കോവിഡ് മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്ക് നല്‍കിവരുന്ന ബൂസ്റ്റര്‍ ഡോസ് തുടരും. ലോകാരോഗ്യ സംഘടനയുടെ മറുപടി ലഭിച്ചശേഷം ഉന്നതതലയോഗം ചേര്‍ന്നശേഷം മാത്രമേ ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നടപടി കൈക്കൊള്ളൂ.
ഇത് കൂടാതെ കോവിഷീല്‍ഡ്, കോവാക്സിന് എന്നീ വാക്സിനുകളുടെ വില കുറയ്ക്കുന്നത് സംബന്ധിച്ചും കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച ചെയ്തുവരികയാണ്. നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് വാക്സിന് വിതരണം. സ്വകാര്യ ആശുപത്രികളില്‍ നിന്നും വാക്സിന് എടുക്കുന്നവര്‍ക്ക് വാക്സിനുകള്‍ 425 രൂപയ്ക്ക് ലഭ്യമാക്കുന്നത് സംബന്ധിച്ചും കേന്ദ്രം ചര്‍ച്ച നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: