സിഡ്നി: നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷം പാക്കിസ്ഥാനിലേക്ക് പര്യടനം നടത്താനിരുന്ന ഓസ്ട്രേലിയന്‍ താരങ്ങള്‍, പാക്കിസ്ഥാനില്‍ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തില്‍ ആശങ്കയിലെന്ന് റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ലഹോറിനു സമീപം നടന്ന ആക്രമണത്തില്‍ മൂന്നു പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. 33 പേര്‍ക്കു പരുക്കേറ്റിരുന്നു.
ഏതാണ്ട് കാല് നൂറ്റാണ്ടോളമെത്തുന്ന സുദീര്‍ഘമായ ഇടവേളയ്ക്കുശേഷം ഓസ്ട്രേലിയന്‍ ടീം പാക്കിസ്ഥാനില്‍ പര്യടനം നടത്താനിരിക്കെയാണ് കടുത്ത വെല്ലുവിളി സൃഷ്ടിച്ച് ലഹോറില്‍ ഭീകരാക്രണം നടന്നത്. മാര്‍ച്ച് മൂന്നു മുതലാണ് ഓസ്ട്രേലിയന്‍ ടീമിന്റെ പാക്ക് പര്യടനം ആരംഭിക്കേണ്ടത്. ഇത്തവണ ഓസ്ട്രേലിയ സമ്പൂര്‍ണ ടീമിനെത്തന്നെ പാക്കിസ്ഥാന് പര്യടനത്തിന് അയയ്ക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഭീകരാക്രമണം കളിക്കാരില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പാക്കിസ്ഥാനിലേക്കു പോകാന്‍ ആശങ്കയുണ്ടെന്ന് ഓസ്ട്രേലിയന്‍ ടീമുമായി ബന്ധപ്പെട്ട ചിലര്‍ ഓസ്ട്രേലിയയിലെ ‘സിഡ്നി മോര്‍ണിങ് ഹെറാള്‍ഡി’നോട് പ്രതികരിച്ചു.
മൂന്നു ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും ഒരു ട്വന്റി20 മത്സരവും ഉള്‍പ്പെടുന്ന പരമ്പരയാണ് ഓസ്ട്രേലിയ പാക്കിസ്ഥാനില്‍ കളിക്കേണ്ടിയിരുന്നത്. ഇതിനു മുന്‍പ് 1998ല്‍ മാര്‍ക്ക് ടെയ്ലറിന്റെ നേതൃത്വത്തിലാണ് ഏറ്റവും ഒടുവില്‍ ഓസ്ട്രേലിയന്‍ ടീം പാക്കിസ്ഥാനില്‍ പര്യടനം നടത്തിയത്. സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പിന്നീട് പാക്കിസ്ഥാനിലേക്കു പോകാന്‍ വിസമ്മതിച്ച ഓസ്ട്രേലിയന്‍ ടീം, നിഷ്പക്ഷ വേദിയായ യുഎഇയില്‍ വച്ചാണ് പിന്നീട് പാക്ക് ടീമുമായി ഏറ്റുമുട്ടിയത്. പാക്കിസ്ഥാനിലെ സുരക്ഷാ സംവിധാനങ്ങള്‍ മികച്ചതാണെന്ന് ഓസ്ട്രേലിയന്‍ ദേശീയ ടീമിന്റെ സിലക്ടറായ ജോര്‍ജ് ബെയ്ലി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. പലതവണ പാക്കിസ്ഥാനിലെ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തിയ ശേഷമായിരുന്നു ഇത്. എന്നാല്‍, ലഹോറിലെ ഭീകരാക്രമണം പര്യടനത്തിനു മേല്‍ വീണ്ടും കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: