സ്വാതന്ത്ര്യത്തിന്റെ അമൃതകാലം…നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ വീരസ്മരണയുടെ കരുത്ത്… എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനാഘോഷം സാധാരണ ചടങ്ങല്ല, ദേശീയതയുടെ ആഘോഷമാണ്. കൊവിഡിന്റെ വ്യാപനത്തിനിടയിലും പാരമ്പര്യത്തനിമയും പ്രൗഢിയും ഒട്ടുംചോര്‍ന്നുപോകാതെയാണ് ഇത്തവണയും ആഘോഷപരിപാടികള്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംഘടിപ്പിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി നേതാജിയുടെ ജന്മദിനമായ ജനുവരി 23നാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.
ഇന്ന് രാവിലെ രാഷ്‌ട്രപതി രാംനാഥ് കൊവിന്ദ് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തുന്നതോടെ രാജ്പഥില്‍ റിപ്പബ്ലിക് പരേഡിന് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തിലെത്തി ധീരരക്തസാക്ഷികള്‍ക്ക് പ്രണാമം അര്‍പ്പിക്കുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്യും. ഇതേസമയം രാജ്യമെങ്ങുമുള്ള വീരമൃത്യുവരിച്ച അയ്യായിരത്തോളം സൈനികരുടെ വീടുകള്‍ എന്‍സിസി സംഘാംഗങ്ങള്‍ സന്ദര്‍ശിക്കും.
നവീകരിച്ച രാജ്പഥിലാണ് പരേഡ് എന്ന സവിശേഷതയുമുണ്ട്. രാവിലെ 10.30നാണ് പരേഡ് ആരംഭിക്കുക. രാഷ്‌ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാഗേറ്റ് വരെയുള്ള സെന്‍ട്രല്‍ വിസ്ത അവന്യൂവിന്റെ പുനര്‍വികസനത്തിന്റെ ഭാഗമായാണ് രാജ്പഥിന്റെ നവീകരണം നടത്തിയത്. വിജയ്ചൗക്കില്‍ നിന്നാരംഭിച്ച് ചെങ്കോട്ടയില്‍ സമാപിച്ചിരുന്ന പരേഡ് ഇത്തവണ കൊവിഡ് കാരണം നാഷണല്‍ സ്റ്റേഡിയത്തിലാണ് സമാപിക്കുക. കൊവിഡ് മുന്നണി പോരാളികള്‍, ശുചീകരണമുള്‍പ്പെടെ വിവിധ മേഖലകളിലെ തൊഴിലാളികള്‍, റിക്ഷ-ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ എന്നിവരെ പരേഡ് കാണുന്നതിനായി സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്.
റിപ്പബ്ലിക്ദിന പരേഡില്‍ പതിനാറു മാര്‍ച്ചിങ് സംഘങ്ങള്‍ ഉണ്ടാകും. ഇന്ത്യന്‍ സൈന്യത്തിന്റെ പഴയതും പുതിയതുമായ യൂണിഫോമുകളും ആയുധങ്ങളും ആര്‍മി പരേഡിന്റെ ഭാഗമാകും. ഇതില്‍ ഇന്ത്യന്‍ സായുധസേനയുടെ എട്ട് സംഘങ്ങള്‍ ഉണ്ടാകും. ആറെണ്ണം കരസേനയില്‍ നിന്നും വ്യോമസേന, നാവികസേന എന്നിവയില്‍ നിന്നുള്ള ഓരോ സംഘങ്ങളും ഉള്‍പ്പെടുന്നു. പാരച്യൂട്ട് റെജിമെന്റ് ഏറ്റവും പുതിയ ടാവര്‍ റൈഫിളുകളുള്ള പുതിയ കോംബാറ്റ് യൂണിഫോം ധരിച്ചാണ് അണിനിരക്കുക. കേന്ദ്ര സായുധ പോലീസ് സേനയുടെ നാല് സംഘങ്ങളും എന്‍സിസിയുടെ രണ്ട് സംഘങ്ങളും ദല്‍ഹി പോലീസ്, എന്‍എസ്എസ് എന്നിവരുടെ ഓരോ സംഘങ്ങളും പരേഡില്‍ പങ്കെടുക്കും.
സംസ്ഥാനങ്ങള്‍, കേന്ദ്രഭരണപ്രദേശങ്ങള്‍, വിവിധ മന്ത്രാലയങ്ങള്‍ എന്നിവയുടെ 21 ടാബ്ലോകള്‍ പരേഡില്‍ പങ്കെടുക്കും. ഇന്ത്യന്‍ വ്യോമസേനയുടെ 75 വിമാനങ്ങള്‍ ഫ്‌ളൈപാസ്റ്റ് നടത്തും. ചരിത്രത്തിലെ ഏറ്റവും വലിയ ഫ്ളൈപാസ്റ്റാകും ഇത്തവണ.നിയന്ത്രണങ്ങളുടെ ഭാഗമായി 15 വയസ്സില്‍ താഴെയുള്ള കുട്ടികളെ പരേഡില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല. ഇരിപ്പിട ക്രമീകരണങ്ങള്‍ നടത്തുമ്പോള്‍ സാമൂഹിക അകലം പാലിക്കുന്ന മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. മാസ്‌ക് ധരിക്കുന്നതും നിര്‍ബന്ധമാണ്. സാനിറ്റൈസ് ഡിസ്പെന്‍സറുകള്‍ എല്ലായിടത്തും ലഭ്യമാക്കും. പങ്കെടുക്കുന്നവരുടെ സൗകര്യത്തിനായി രാജ്പഥില്‍ പത്ത് വലിയ എല്‍ഇഡി സ്‌ക്രീനുകള്‍ സ്ഥാപിക്കും. അതില്‍ തത്സമയം പരിപാടി കാണിക്കും.
ആഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിജയ് ചൗക്കില്‍ നടക്കുന്ന ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിലും ഇത്തവണ പുതുമകളേറെയാണ്. നോര്‍ത്ത്, സൗത്ത് ബ്ലോക്കുകളുടെ ചുമരില്‍ ലേസര്‍ ഉപയോഗിച്ച് പ്രൊജക്ഷന്‍ മാപ്പിംഗ് നടത്തും. ആയിരം ഡ്രോണുകള്‍ പങ്കെടുക്കുന്ന ഡ്രോണ്‍ ഷോയും ഉണ്ടാകും.
വിസ്മയമാകും, ചരിത്രമാകും ഫ്ളൈപാസ്റ്റ്
റിപ്പബ്ലിക്ദിന പരേഡിന്റെ ഭാഗമായി നടക്കുന്ന ഫ്ളൈപാസ്റ്റ് ചരിത്രമാകും. ഇന്ത്യന്‍ സായുധ സേനയുടെ 75 വിമാനങ്ങള്‍ രാജ്പഥിന് മുകളിലൂടെ വിസ്മയം തീര്‍ക്കും. കര, നാവിക, വായു സേനകളുടെ കീഴിലുള്ള 75 വിമാനങ്ങളാണ് രാജ്പഥിന്റെ ആകാശത്തിലൂടെ വിസ്മയം തീര്‍ക്കുക. എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി 17 ജഗ്വാര്‍ യുദ്ധവിമാനങ്ങള്‍ 75ന്റെ ആകൃതിയില്‍ പറക്കും.
ഫ്രഞ്ച് നിര്‍മിത റഫാല്‍ വിമാനങ്ങള്‍, വിനാഷ്, ബാസ്, വിജയ് എന്നിവയുള്‍പ്പെടെ മൂന്ന് ഫോര്‍മേഷനിലും പറക്കും. വിനാഷ് ഫോര്‍മേഷനില്‍ അഞ്ച് റഫാല്‍ വിമാനങ്ങള്‍ അംബാല എയര്‍ബേസില്‍ നിന്ന് പറക്കും. മറ്റ് രണ്ട് ഫോര്‍മേഷനുകളില്‍ ഓരോ റഫാല്‍ വിമാനങ്ങള്‍ വീതമുണ്ടാകും. ഇന്ത്യന്‍ നാവികസേനയുടെ മിഗ് 29 കെ യുദ്ധവിമാനവും പി 8 ഐ നിരീക്ഷണ വിമാനവും വരുണ ഫോര്‍മേഷനില്‍ പങ്കെടുക്കും. എട്ട് എംഐ 17 ഹെലികോപ്ടറുകള്‍, 14 അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടറുകള്‍, ഒരു എംഐ 35 ഹെലികോപ്ടര്‍, നാല് അപ്പാച്ചെ ഹെലികോപ്ടറുകള്‍, വിന്റേജ് എയര്‍ക്രാഫ്റ്റ് ഡക്കോട്ട, രണ്ട് ഡോര്‍ണിയര്‍ 228 വിമാനങ്ങള്‍, ഒരു ചിനൂക്ക് ഹെലികോപ്ടര്‍, മൂന്ന് സി 130 ഹെവി ലിഫ്റ്റ് എന്നിവയും പങ്കെടുക്കും.
1971ലെ യുദ്ധത്തിലും ബംഗ്ലാദേശിന്റെ വിമോചനത്തിലും പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തിന്റെസ്മരണയ്‌ക്കായും ഇന്ത്യന്‍ വ്യോമസേന പ്രത്യേക കാഴ്ച ഒരുക്കുന്നുണ്ട്. മേഘ്ന, താംഗൈല്‍ ഫോര്‍മേഷനാണ് വ്യോമസേന ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: